ആദ്യഘട്ട തിരഞ്ഞെടുപ്പ് നാളെ; 102 ലോക്സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്; ഇൻഡ്യ, എൻഡിഎ സഖ്യങ്ങൾ പ്രതീക്ഷയിൽ

അരുണാചൽ പ്രദേശ്, സിക്കിം എന്നീ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും നാളെ നടക്കും
ആദ്യഘട്ട തിരഞ്ഞെടുപ്പ് നാളെ; 102 ലോക്സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്; ഇൻഡ്യ, എൻഡിഎ സഖ്യങ്ങൾ പ്രതീക്ഷയിൽ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട പോളിങ്ങ് നാളെ. 102 ലോക്സഭാ മണ്ഡലങ്ങളിലാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുക. അരുണാചൽ പ്രദേശ്, സിക്കിം എന്നീ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും നാളെ നടക്കും. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. ഇന്ന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും നിശബ്ദ പ്രചാരണം നടത്തും.

ഏപ്രിൽ 19-ന് ആരംഭിച്ച് ജൂൺ ഒന്ന് വരെയുള്ള 44 ദിവസങ്ങൾ നീളുന്ന ദൈർഘ്യമേറിയ തിരഞ്ഞെടുപ്പ് പ്രക്രിയക്കാണ് നാളെ തുടക്കമാകുന്നത്. രാജ്യത്തെ ആകെയുള്ള 543 ലോക്സഭാ സീറ്റുകളിലേയ്ക്ക് ഏഴുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 19-ന് 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. എട്ട് കേന്ദ്ര മന്ത്രിമാർ രണ്ട് മുൻ മുഖ്യമന്ത്രിമാർ ഒരു മുൻ ഗവർണർ എന്നിവരടക്കം 1625 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. ഏറ്റവും കൂടുതൽ സീറ്റുകളിലേയ്ക്കും ഏറ്റവും അധികം സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത് ഏപ്രിൽ 19ന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിലാണ്. 39 സീറ്റുകളുള്ള തമിഴ്നാട്ടിലും അഞ്ച് സീറ്റുള്ള ഉത്തരാഖണ്ഡിലും നാളെ ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാകും.

പോളിംഗ് - സുരക്ഷാ ഉദ്യോഗസ്ഥരെ കൂട്ടാതെ 127 നിരീക്ഷകർ, 67 പൊലീസ് നിരീക്ഷകരെയും ചെലവ് നിരീക്ഷിക്കാൻ 167 പേരെയുമാണ് നിയോഗിച്ചിരിക്കുന്നത്. നാന്നൂറിൽ കൂടുതൽ സീറ്റുകൾ ലക്ഷ്യമിടുന്ന എൻഡിഎ കഴിഞ്ഞ തവണ ലഭിച്ചതിലും കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. തമിഴ്നാട്ടിൽ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ആദ്യ ഘട്ടത്തെ നേരിടുന്നത്. രാജസ്ഥാനിലെ 12 സീറ്റുകളിലും പടിഞ്ഞാറൻ യുപിയിലെ 8 സീറ്റുകളിലും മാറിയ ജാതി സമവാക്യങ്ങളിലാണ് ഇൻഡ്യ സഖ്യത്തിൻ്റെ പ്രതീക്ഷ.

അരുണാചലിലും സിക്കിമിലും ഏപ്രിൽ 19ന് നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. 60 സീറ്റുകൾ മാത്രമുള്ള ചെറു സംസ്ഥാനമായ അരുണാചൽ പ്രദേശിൽ തുടർഭരണം എളുപ്പമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. മുഖ്യമന്ത്രി പേമ ഖണ്ടു അടക്കം പത്ത് സീറ്റുകളിൽ എതിരില്ലാതെ വിജയിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. ഭരണം ഉറപ്പിക്കാൻ ബിജെപിക്ക് 21 സീറ്റുകൾ മതി. 32 സീറ്റുകളുള്ള സിക്കിമിൽ ഭരണ കക്ഷിയായ സിക്കിം ക്രാന്തി കാരി മോർച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് പ്രധാന പോരാട്ടം. രണ്ട് സംസ്ഥങ്ങളിലും ജൂൺ രണ്ടിനാണ് വോട്ടെണ്ണൽ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com