ഹേമമാലിനിക്കെതിരായ പരാമർശം; രൺദീപ് സുർജ്ജേവാലയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്ക്

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെരുമാറ്റ ചട്ടം ലഘിച്ചതിന്റെ പേരിൽ ഒരു നേതാവിനെതിരെ നടപടിയെടുക്കുന്നത് ആദ്യമായിട്ടാണ്
ഹേമമാലിനിക്കെതിരായ പരാമർശം; രൺദീപ് സുർജ്ജേവാലയ്ക്ക്  തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്ക്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രൺദീപ് സുർജ്ജേവാലയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്ക്. രണ്ട് ദിവസത്തേക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ബിജെപി എംപിയും ബോളിവുഡ് നടിയുമായ ഹേമമാലിനിക്കെതിരായ അശ്ലീല പരാമർശം നടത്തിയതിനെതിരെയാണ് നടപടി.

ഹരിയാനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുർജേവാല നടത്തിയ പ്രസ്താവനയെ ഇലക്ഷൻ കമ്മീഷൻ അപലപിച്ചു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്മുന്നോടിയായി പെരുമാറ്റ ചട്ടം ലഘിച്ചതിന്റെ പേരിൽ ഒരു നേതാവിനെതിരെ നടപടിയെടുക്കുന്നത് ആദ്യമായിട്ടാണ്.

ലൈം​ഗീകവും അശ്ലീലവും അധാർമ്മികവുമായ പരാമർശമാണ് നടത്തിയതെന്ന് ആരോപിച്ച് ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുർജേവാലയ്ക്ക് നോട്ടീസ് നൽകിയെന്ന് ഒരു കോൺ​ഗ്രസ് നേതാവ് പറഞ്ഞു. മാർച്ച് 3ന് പുന്ദ്രി നിയമസഭാ മണ്ഡലത്തിലെ ഫറൽ ഗ്രാമത്തിൽ വെച്ച് നടത്തിയ പ്രസംഗത്തിലാണ് സുർജേവാല പരാമർശം നടത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

പ്രസംഗത്തിൽ ഉന്നയിക്കപ്പെട്ട പരാമർശങ്ങളെക്കുറിച്ചുള്ള ആരോപണത്തിൻ്റെ ആധികാരികത ഉറപ്പിക്കാൻ കൈതാൽ ഡിഇഒ സമർപ്പിച്ച പ്രസംഗത്തിൻ്റെ വീഡിയോയും കമ്മീഷൻ പരിശോധിച്ചുവെന്ന് ഇലക്ഷൻ കമ്മീഷൻ്റെ ഉത്തരവിൽ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 48 മണിക്കൂർ വരെയുള്ള പൊതുയോഗങ്ങൾ, ജാഥകൾ, റാലികൾ, റോഡ്‌ഷോകൾ, അഭിമുഖങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിൽ നിന്ന് ഇസി സുർജേവാലയെ വിലക്കിയിട്ടുണ്ട്. വിഷയത്തിൽ പാർട്ടി എന്ത് നടപടികൾ സ്വീകരിച്ചുവെന്ന് കമ്മീഷനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com