50 സീറ്റുകളില്‍ വിജയം ഉറപ്പ്, 77 സീറ്റുകളില്‍ വിജയിക്കാന്‍ കഴിയും; കോണ്‍ഗ്രസ് കണക്കുകൂട്ടല്‍ ഇങ്ങനെ

1000ത്തിലധികം കോളര്‍മാരുള്ള കോള്‍ സെന്ററുകളും ഈ മണ്ഡലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
50 സീറ്റുകളില്‍ വിജയം ഉറപ്പ്, 77 സീറ്റുകളില്‍ വിജയിക്കാന്‍ കഴിയും; കോണ്‍ഗ്രസ് കണക്കുകൂട്ടല്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയ അശ്വമേധത്തെ ഇക്കുറി എന്ത് വില കൊടുത്തും തടയണമെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്. അതിനിടയില്‍ കോണ്‍ഗ്രസ് വിലയിരുത്തല്‍ പുറത്തുവന്നിരിക്കുകയാണ്. 77 സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുന്ന മുന്‍തൂക്കമുണ്ടെന്നാണ് പാര്‍ട്ടി കണ്ടെത്തിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഉറപ്പായും വിജയിക്കാന്‍ കഴിയുന്ന 50 സീറ്റുകള്‍ക്ക് പുറമെയാണിതെന്നും അവര്‍ പറഞ്ഞു.

പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വേകള്‍ വഴിയാണ് ഈ 77 സീറ്റുകള്‍ കണ്ടെത്തിയത്. പാര്‍ട്ടിക്ക് എതിരാളികളെക്കാള്‍ മുന്‍തൂക്കമുണ്ടെന്ന് കണ്ടെത്തിയ സീറ്റുകളാണിത്. ചില സീറ്റുകളില്‍ ബിജെപിയാണെങ്കില്‍ മറ്റിടങ്ങളില്‍ അത് പ്രാദേശിക കക്ഷികളാണ്. ഈ സീറ്റുകളില്‍ വിജയിച്ചു കയറാന്‍ പ്രത്യേക അധ്വാനം തന്നെ നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

കര്‍ണാടകയിലെ 15 സീറ്റുകള്‍, രാജസ്ഥാനിലെ 7-8 സീറ്റുകള്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ 4 സീറ്റുകള്‍ വീതം, ഹരിയാന, ബിഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 3 സീറ്റുകള്‍, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ രണ്ട് സീറ്റുകള്‍ എന്നിവ ഈ 77 സീറ്റുകളില്‍ ഉള്‍പ്പെടും. ഈ സീറ്റുകള്‍ക്ക് പ്രത്യേക പരിഗണനയാണ് പാര്‍ട്ടി നല്‍കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഈ മണ്ഡലങ്ങളില്‍ കൂടുതല്‍ റാലികള്‍ നടത്തും. ഈ മണ്ഡലങ്ങളിലേക്ക് കോര്‍ഡിനേറ്റര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. 1000ത്തിലധികം കോളര്‍മാരുള്ള കോള്‍ സെന്ററുകളും ഈ മണ്ഡലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

രാജസ്ഥാന്‍, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, അസം, ഒഡിഷ, അധികാരത്തിലിരിക്കുന്ന തെലങ്കാന, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായുള്ള 150 ഓളം സീറ്റുകളിലാണ് ബിജെപിയുമായി കോണ്‍ഗ്രസ് നേരിട്ട് ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണ ഈ സംസ്ഥാനങ്ങളില്‍ ബിജെപി 149 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 11 സീറ്റുകളിലാണ് വിജയിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com