ഷാരൂഖിനെയും കജോളിനെയും വൈറലാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ; ഓട്ടോറിക്ഷയിൽ കയറി വൈറലായി രാഹുൽ ഗാന്ധി

പ്രചരണത്തിനിടയിൽ രാഹുൽ ​ഗാന്ധി ഓട്ടോറിക്ഷയിൽ കയറി യാത്ര ചെയ്യുന്നതും ഡ്രൈവറുമായി ഇടപഴകുന്നതും ഇന്ധനചെലവിനെ കുറിച്ചും അവരുടെ വരുമാനത്തെ കുറിച്ചും ചോദിക്കുന്ന വീഡിയോയും സമൂഹമാധ്യമത്തിൽ വൈറലാണ്
ഷാരൂഖിനെയും കജോളിനെയും വൈറലാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ; ഓട്ടോറിക്ഷയിൽ കയറി വൈറലായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വോട്ടെടുപ്പിനായി കാത്തിരിക്കുന്ന രാജ്യത്തിൻ്റെ മാനസികാവസ്ഥ പകർത്തുന്ന മീമുകളുടെയും വീഡിയോകളുടെയും കുത്തൊഴുക്കിലാണ് സോഷ്യൽ മീഡിയ ലോകം. രാഷ്ട്രീയ പാർട്ടികൾ സോഷ്യൽ മീഡിയയുടെ കൂടി സാധ്യത മുൻനിർത്തിയാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. അതിനിടയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ എക്സിൽ പങ്കുവെച്ച പോസ്റ്റാണ് വൈറലാവുകയാണ്.

1990കളിലെ ബ്ലോക്ബസ്റ്റർ ചിത്രമായ 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ' സിനിമയിലെ ഒരു രം​ഗമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പങ്കുവെച്ചത്. ഓടുന്ന ട്രെയിനിൽ കയറാൻ രാജ് സിമ്രാനെ സഹായിക്കുന്ന സിനിമയുടെ അവസാന രംഗത്തിൻ്റെ ഒരു സ്റ്റിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പങ്കുവെച്ചത്. 'രാജും സിമ്രാനും പോലും വോട്ട് ചെയ്യാൻ പോകുന്നു! നിങ്ങളും തയ്യാറാണോ?' എന്നായിരുന്നു ചിത്രത്തോടൊപ്പം കുറിച്ചത്. ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ എവർഗ്രീൻ റൊമാൻ്റിക് ചിത്രമാണ് 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ'. ഈ സിനിമയിൽ ഷാരൂഖ് ഖാനാണ് രാജിനെ അവതരിപ്പിക്കുന്നത്. സിമ്രാനായി വേഷമിട്ടത് കജോലായിരുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ​ഗാന്ധി അദ്ദേഹം മത്സരിക്കുന്ന വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ ഇന്ന് റോഡ് ഷോ നടത്തി. പ്രചരണത്തിനിടയിൽ രാഹുൽ ​ഗാന്ധി ഓട്ടോറിക്ഷയിൽ കയറി യാത്ര ചെയ്യുന്നതും ഡ്രൈവറുമായി ഇടപഴകുന്നതും ഇന്ധനചെലവിനെ കുറിച്ചും അവരുടെ വരുമാനത്തെ കുറിച്ചും ചോദിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമത്തിൽ വൈറലാണ്. കോൺ​ഗ്രസ് ഔദ്യോ​ഗിക അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.

'വയനാട്ടിൽ തിര‍ഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഒരു ഓട്ടോറിക്ഷ ഡ്രൈവറുമായി സംഭാഷണത്തിൽ ഏർപ്പെട്ടു. കഠിനാധ്വാനികളായ ഓരോ ഇന്ത്യക്കാരനും സുരക്ഷിതമായ ഭാവി വാ​ഗ്ദാനം ചെയ്യുന്ന ശ്രാമിക് ന്യായ് പദ്ധതിയും കോൺ​ഗ്രസിന്റെ കാഴ്ചപ്പാടും പങ്കുവെച്ചു', വീഡിയോക്കൊപ്പം അദ്ദേ​ഹം കുറിച്ചു.

നേരത്തെ ഓട്ടോമൊബൈൽ മെക്കാനിക്കുകളുമായി ഇടപഴകുകയും ജോലിയിൽ സഹായിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. റെയിൽവേ സ്‌റ്റേഷനിൽ ചുമട്ടുതൊഴിലാളികളുടെ വേഷം ധരിച്ച് തലയിൽ ചുമടെടുത്ത് രാഹുൽ ഗാന്ധി അവരോട് ചിറ്റ് ചാറ്റിൽ ഏർപ്പെട്ടത് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com