ഉണ്ടായിരുന്നത് 45 മിനിറ്റ് പറക്കാനുള്ള ഇന്ധനം, പറന്നത് 115 മിനിറ്റ്; രക്ഷപെട്ടത് തലനാരിഴയ്ക്ക്

അയോധ്യയിൽ നിന്ന് ഡൽ​ഹിയിലേക്ക് പുറപ്പെട്ട ഇൻഡി​ഗോ 6E2702 എന്ന വിമാനം അപ്രതീക്ഷിതമായി ചത്തീസ്​ഗഡിൽ ഇറക്കേണ്ടി വന്നു
ഉണ്ടായിരുന്നത് 45 മിനിറ്റ് പറക്കാനുള്ള ഇന്ധനം, പറന്നത് 115 മിനിറ്റ്; രക്ഷപെട്ടത് തലനാരിഴയ്ക്ക്

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഇൻഡി​ഗോ എയർലൈൻസിൽ യാത്രക്കാർ അനുഭവിച്ച ദുരനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. യാത്രക്കാരനായ ഡൽഹി പൊലീസിലെ ഡെപ്യൂട്ടി കമ്മീഷണർ സതീഷ് കുമാർ തന്നെയാണ് എക്സിലൂടെ ഈ കാര്യം അറിയിച്ചത്. അയോധ്യയിൽ നിന്ന് ഡൽ​ഹിയിലേക്ക് പുറപ്പെട്ട ഇൻഡി​ഗോ 6E2702 എന്ന വിമാനം അപ്രതീക്ഷിതമായി ചത്തീസ്​ഗഡിൽ ഇറക്കേണ്ടി വന്നു. എന്നാൽ ഇതിനെ പറ്റി ഇൻഡി​ഗോ അധികൃതർ മാധ്യമങ്ങൾക്ക് മു‌ൻപിൽ നടത്തിയ പ്രസ്താവനക്ക് എതിരായ വിവരമാണ് യാത്രക്കാരനായ സതീഷ് എക്സിലൂടെ പ്രതികരിച്ചത്.

അയോധ്യയിൽ നിന്ന് ഡൽ​ഹിയിലേക്ക് പുറപ്പെട്ടതായിരുന്നു ഇൻഡി​ഗോ 6E2702. എന്നാൽ മോശം കാലാവസ്ഥ കാരണം ഡൽഹിയിൽ വിമാനം ലാൻഡ് ചെയ്യാൻ സാധിച്ചില്ല. രണ്ട് പ്രാവശ്യം ശ്രമിച്ചെങ്കിലും ലാൻഡിങ്ങ് ശ്രമം പരാജയപ്പെടുകയായിരുന്നു. അപ്പോൾ‌ തന്നെ മോശം കാലാവസ്ഥ കാരണം ഇപ്പോൾ ലാൻഡിം​ഗ് സാധ്യമല്ലെന്നും 45 മിനിറ്റ് വിമാനം നിയന്ത്രിക്കാനുള്ള ഇന്ധനം വിമാനത്തിൽ ഉണ്ടെന്നും പൈലറ്റ് അനൗൺസ് ചെയ്തു. എന്നാൽ വീണ്ടും അദ്ദേഹത്തിൻ്റെ ശ്രമം പരാജയപ്പെട്ടിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ അടുത്ത നടപടി സ്വീകരിക്കാതെ പൈലറ്റ് കുറെ സമയം വെറുതെ കളഞ്ഞെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

4.15ന് ആണ് പൈലറ്റിൻ്റെ അറിയിപ്പ് വന്നത്. എന്നാൽ 5.35 ആയിട്ടും വിമാനം ഇറങ്ങാത്തതിനാൽ യാത്രക്കാർ ആകെ പരിഭ്രാന്തിയിലായി. 45 മിനിറ്റ് കഴിഞ്ഞ് 115 ആയപ്പോഴാണ് വിമാനം ചത്തീസ്ഗഡ് വിമാനത്താവളത്തിൽ ഇറക്കിയത്. എങ്ങനെ ഇത്ര സമയം വിമാനത്തിൽ ഇന്ധനം നില നിന്നു എന്ന അത്ഭുതത്തിലാണ് യാത്രക്കാർ. എന്നാൽ ഏറ്റവും അത്ഭുതപ്പെടുത്തിയത് വിമാനത്തിലെ ഇന്ധനം തീരാൻ 1- 2 മിനിറ്റുകൾക്ക് മുൻപാണ് വിമാനം ലാൻഡ് ചെയ്തത് എന്നതാണ്. വിമാനത്തിലെ ജീവനക്കാർ തന്നെയാണ് ഈ കാര്യം അറിയിച്ചത്. 115 മിനിറ്റ് നേരം മുൾമുനയിൽ നിന്ന അനുഭവം എക്സിലൂടെ മറ്റ് ചില യാത്രക്കാരും പങ്കുവെച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com