മഷി പുരട്ടാന്‍ പെണ്‍പട; മാഹിയില്‍ ഇക്കുറി 'പെണ്‍'പോളിങ്ങ്

പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തിലാണ് മാഹി നിയമസഭ
മഷി പുരട്ടാന്‍ പെണ്‍പട; മാഹിയില്‍ ഇക്കുറി 'പെണ്‍'പോളിങ്ങ്

മാഹി: ഒരു നിയമസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവന്‍ വനിതകള്‍ നിയന്ത്രിക്കുന്ന ചരിത്ര സംഭവത്തിന് മാഹി വേദിയാകുകയാണ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് ഒരു നിയമസഭാ മണ്ഡലത്തിലെ പോളിങ് പ്രക്രിയ പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുന്നത്. പുതുച്ചേരി ലോക്സഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ഏപ്രില്‍ 19ന് മാഹി നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിക്കാന്‍ 140 പേരടങ്ങുന്ന വനിതാ ഉദ്യോഗസ്ഥരാണ് പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തിലാണ് മാഹി വരുന്നത്. ഒരു ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായാണ് വനിതാ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിക്കുന്നത്.

2023 നവംബര്‍ 16ന് നടന്ന ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പില്‍ റായ്പൂര്‍ (വടക്ക്) നിയമസഭാ സീറ്റില്‍ നേരത്തെ വനിതാ ഉദ്യോഗസ്ഥര്‍ പോളിംഗ് നടപടികള്‍ നിയന്ത്രിച്ചിരുന്നു. എന്നാല്‍, മാഹിയില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പരിപാടിയായിരുന്നില്ല. തുടക്കത്തിലേ തിരഞ്ഞെടുപ്പ് തടസ്സങ്ങളില്ലാതെ നടത്തുന്നതിനെ കുറിച്ച് മാത്രമാണ് ആലോചിച്ചിരുന്നതെന്ന് മാഹി റീജനല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡി മോഹന്‍കുമാര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ നടന്ന ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷനില്‍ പങ്കെടുത്ത വനിതാ ഉദ്യോഗസ്ഥരുടെ എണ്ണം വചാരിച്ചതിലും അപ്പുറമായിരുന്നു. ഇതോടെ മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയും വനിതാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായാല്‍ അത് ഒരു തരത്തിലുള്ള ചരിത്രമാകുമെന്ന ചിന്തയിലാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നും മോഹന്‍ കുമാര്‍ പറഞ്ഞു.

മറ്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആശയം അവതരിപ്പിച്ചപ്പോള്‍, എല്ലാവരും പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയത്. ഇതോടെ ആശയം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. മാഹി നിയമസഭാ മണ്ഡലത്തില്‍ 31 പോളിങ് ബൂത്തുകളാണുള്ളത്. ഓരോ ബൂത്തുകളിലും നാല് ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. ഇതുകൂടാതെ, അടിയന്തര ഘട്ടങ്ങളില്‍ റിസര്‍വ് ഉദ്യോഗസ്ഥരായി രംഗത്തിറങ്ങാന്‍ തയ്യാറായ ഉദ്യോഗസ്ഥരും ഇതിനുപുറമെ ഉണ്ടാകും. നാല് ബൂത്തുകള്‍ നിയന്ത്രിക്കാന്‍ റിസര്‍വ് ഉദ്യോഗസ്ഥരുടെ എണ്ണം മതിയാകും.

ഏപ്രില്‍ 19ന് നടക്കുന്ന തിരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ 140 വനിത ഉദ്യോഗസ്ഥരുണ്ടാകുമെന്ന് അസംബ്ലി ലിവര്‍ മാസ്റ്റര്‍ ട്രെയിനര്‍ ഡോ ടി ഷിജിത്ത് പറഞ്ഞു. എല്ലാ ബൂത്തുകളിലും വനിതാ പൊാലീസുകാരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മോഹന്‍കുമാര്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ സംഘത്തിന് പോളിംഗ് പ്രക്രിയ കൈകാര്യം ചെയ്യുന്നതിനായി അവര്‍ പരിശീലന സെഷനുകള്‍ നല്‍കിവരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com