ഉത്തര്‍പ്രദേശില്‍ ക്ഷത്രിയ രോഷം ബിജെപിക്ക് നേരെ; പരിഹരിക്കാന്‍ ആഞ്ഞു ശ്രമിച്ച് നേതൃത്വം

ക്ഷത്രിയര്‍ നേരെ വരുന്നത് ബിജെപിക്ക് പ്രത്യേകിച്ച് പടിഞ്ഞാറന്‍ യുപിയില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കും.
ഉത്തര്‍പ്രദേശില്‍ ക്ഷത്രിയ രോഷം ബിജെപിക്ക് നേരെ; പരിഹരിക്കാന്‍ ആഞ്ഞു ശ്രമിച്ച് നേതൃത്വം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഏപ്രില്‍ 19ന് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ പ്രബല സമുദായമായ ക്ഷത്രിയര്‍(രാജ്പുത്) ഇടഞ്ഞു നില്‍ക്കുന്നത് ബിജെപിക്ക് തലവേദനയാവുന്നു. ക്ഷത്രിയര്‍ നേരെ വരുന്നത് ബിജെപിക്ക് പ്രത്യേകിച്ച് പടിഞ്ഞാറന്‍ യുപിയില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കും.

സംസ്ഥാനത്തെ ലോക്‌സഭ മണ്ഡലങ്ങളിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ വേണ്ടത്ര പ്രാതിനിധ്യം തങ്ങള്‍ക്ക് നല്‍കിയില്ലെന്നാണ് ക്ഷത്രിയ സമുദായത്തിന്റെ ആരോപണം. 62 സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചപ്പോള്‍ എട്ട് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ക്ഷത്രിയ വിഭാഗത്തില്‍ നിന്നുള്ളത്. ഞങ്ങളുടെ പിന്തുണ സ്വീകരിക്കുകയും പരിഗണിക്കാതിരിക്കുകയുമാണെന്ന് ഒരു മുതിര്‍ന്ന സമുദായ നേതാവ് പറഞ്ഞു.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പേ സഹറാന്‍പൂരില്‍ ക്ഷത്രിയ നേതാക്കളുടെ നേതൃത്വത്തില്‍ 'മഹാപഞ്ചായത്ത്' സംഘടിപ്പിച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ എതിര്‍ക്കണമെന്ന് സമുദായാംഗങ്ങളോട് മഹാപഞ്ചായത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. സമാനമായ തരത്തിലുള്ള മഹാപഞ്ചായത്തുകള്‍ മീററ്റിലും മുസഫര്‍നഗറിലും സംഘടിപ്പിക്കുമെന്ന് സമുദായ നേതാക്കള്‍ പറഞ്ഞു.

പടിഞ്ഞാറന്‍ യുപിയില്‍ ക്ഷത്രിയ സമുദായാംഗമായ സര്‍വേഷ് സിങിന് മാത്രമാണ് സീറ്റ് നല്‍കിയത്. നാല് മുതല്‍ അഞ്ച് ലക്ഷം വരെ വോട്ടുകള്‍ ക്ഷത്രിയ സമുദായാംഗങ്ങളുള്ള ഗാസിയാബാദിലും ഗൗതം ബുദ്ധ് നഗറിലും ക്ഷത്രിയ സ്ഥാനാര്‍ത്ഥികളില്ലെന്നും സമുദായ നേതാക്കള്‍ പറഞ്ഞു.

സമുദായത്തെ അനുനയിപ്പിക്കുന്നതിന് വേണ്ടി സര്‍ദാന ഗ്രാമത്തില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തിരുന്നു. സര്‍ദാനയില്‍ ബിജെപിക്കെതിരെ സമുദായം ബിജെപിക്കെതിരെ ബോര്‍ഡ് സ്ഥാപിച്ചിരുന്നു.

ക്ഷത്രിയ നേതാക്കളെ നേരില്‍ കണ്ട് അനുനയിപ്പിക്കാനുള്ള ശ്രമം ബിജെപി നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്. സംഘടന തലത്തിലും മന്ത്രിസഭയിലും ക്ഷത്രിയ സമുദായാംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്നാണ് വാഗ്ദാനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com