എംഎല്‍എമാര്‍ക്ക് അഗ്നിപരീക്ഷ; രാജ്കുമാര്‍ ആനന്ദ് ഭയന്നുപോയിരിക്കാമെന്ന് ആപ്പ്

പാര്‍ട്ടിയെ തര്‍ക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി നിലകൊള്ളുമെന്നും സഞ്ജയ് സിംഗ് പറഞ്ഞു.
എംഎല്‍എമാര്‍ക്ക് അഗ്നിപരീക്ഷ; രാജ്കുമാര്‍ ആനന്ദ് ഭയന്നുപോയിരിക്കാമെന്ന് ആപ്പ്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നതിന് മന്ത്രി രാജ്കുമാര്‍ ആനന്ദിന്റെ രാജിയോടെ കൂടുതല്‍ വ്യക്തത വന്നുവെന്ന് ആംആദ്മി പാര്‍ട്ടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെയും സിബിഐയെയും ഉപയോഗിച്ച് ബിജെപി, ആപ്പിന്റെ എംഎല്‍എമാരെയും മന്ത്രിമാരെയും തകര്‍ക്കുകയാണെന്നും രാജ്യസഭാ എംപി സഞ്ജയ് സിംഗ് ആരോപിച്ചു. ആപ്പ് എംഎല്‍എമാര്‍ക്ക് ഇത് അഗ്നിപരീക്ഷയാണെന്നും സഞ്ജയ് സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കെജ്‌രിവാള്‍ സര്‍ക്കാരിലെ തൊഴില്‍-സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായ രാജ് കുമാര്‍ ആനന്ദിന്റെ രാജിക്ക് പിന്നാലെയാണ് പ്രതികരണം. പാര്‍ട്ടിയെ തര്‍ക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി നിലകൊള്ളുമെന്നും സഞ്ജയ് സിംഗ് പറഞ്ഞു.

ഭീഷണിമൂലമായിരിക്കാം രാജ്കുമാര്‍ ആനന്ദ് രാജിവെച്ചതെന്ന് മന്ത്രി സൗരഭാ ഭരദ്വാജ് പറഞ്ഞു. 'പഞ്ചാബ്, ഡല്‍ഹി സര്‍ക്കാരുകളെ തര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെജ്‌രിവാളിനെ ജയിലില്‍ അടച്ചതെന്ന് ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ്. രാജ്കുമാറിനെ ചതിയനെന്നും വഞ്ചകനെന്നും പാര്‍ട്ടി വിളിക്കുമെന്ന് ചില പ്രവര്‍ത്തകരെങ്കിലും കരുതുന്നുണ്ടാവും. എന്നാല്‍ അങ്ങനെ സംഭവിക്കില്ല. എല്ലാവരും സഞ്ജയ് സിംഗല്ലല്ലോ. രാജ് കുമാര്‍ ഭീഷണിയില്‍ ഭയന്നു കാണണം.' സൗരഭ് ഭരദ്വാജ് പറഞ്ഞു. ആദ്യം ആനന്ദിനെ അഴിമതിക്കാരന്‍ എന്നുവിളിച്ച ബിജെപി, പിന്നീട് വസതിയില്‍ പരിശോധന നടത്തുകയും ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയാണെന്നും സൗരഭ് ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

ആംആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തികൊണ്ടായിരുന്നു രാജ്കുമാര്‍ ആനന്ദിന്റെ രാജി. പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് രാജ്കുമാര്‍ ആരോപിച്ചു.

'അഴിമതിക്കെതിരെ ശക്തമായി നിലകൊള്ളുന്ന പാര്‍ട്ടിയാണെന്ന് കണ്ടപ്പോഴാണ് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ അതേ പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. അതിനാലാണ് രാജിവെക്കുന്നത്. ആംആദ്മി പാര്‍ട്ടിയിലെ ഉയര്‍ന്ന പദവികളില്‍ ദളിത് നേതാക്കളില്ല. ദളിത് എംഎല്‍എമാര്‍, മന്ത്രിമാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ക്കൊന്നും പാര്‍ട്ടിയില്‍ നിന്നും ബഹുമാനം ലഭിക്കുന്നില്ല.' എന്നും രാജ് കുമാര്‍ ഉന്നയിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com