'ഇൻഡ്യ സഖ്യം എന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു': നരേന്ദ്ര മോദി

മധ്യപ്രദേശിലെ ബാലാഘട്ടിൽ റാലിയിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു മോദി
'ഇൻഡ്യ സഖ്യം എന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു': നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്തിൻ്റെ വികസനത്തെ തടസ്സപ്പെടുത്താൻ ഇൻഡ്യ സഖ്യം നേതാക്കൾ തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി ഇല്ലാതാക്കാൻ താൻ പറയുമ്പോൾ അഴിമതിക്കാരെ രക്ഷിക്കൂ എന്ന് അവർ പറയുകയാണെന്നും മോദി വിമർശിച്ചു. ഏപ്രിൽ 19-ന് തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ബാലാഘട്ടിൽ റാലിയിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു മോദി. 'കോൺഗ്രസ് 'ഇൻഡ്യ സഖ്യം' രൂപീകരിച്ചു. തന്നെ തടയാൻ ഒരുമിച്ച് നിൽക്കുമെന്ന് അവകാശപ്പെടുന്ന അവർ പരസ്പരം പോരടിക്കുന്നു', കോൺഗ്രസിനെതിരെ നരേന്ദ്ര മോദി ആഞ്ഞടിച്ചു.

'എന്നാൽ വാസ്തവത്തിൽ അവർ മോദിയെ തടയാൻ ആഗ്രഹിക്കുന്നില്ല. രാജ്യത്തിൻ്റെ വികസനം തടയാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അവർ എന്നെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്.രാജ്യത്തെ സേവിക്കാനുള്ള ദൗത്യത്തിനായി സ്വയം സമർപ്പിക്കാൻ ഞാൻ എല്ലാം ഉപേക്ഷിച്ചു. മോദിയെ സംബന്ധിച്ചിടത്തോളം ഭാരതം കുടുംബമാണ്, സ്വന്തം ഖജനാവ് നിറയ്ക്കാൻ രാഷ്ട്രീയത്തിൽ വന്നവർ എന്നെ അധിക്ഷേപിക്കരുത്. അഴിമതി നീക്കം ചെയ്യൂ എന്നാണ് ഞാൻ പറയുന്നത്, അഴിമതിക്കാരെ രക്ഷിക്കൂ എന്നാണ് അവർ പറയുന്നത്. സഖ്യത്തിലെ കക്ഷികൾക്ക് എന്നോട് ശത്രുതയുണ്ട്. അവരുടെ ഖജനാവിലേക്ക് പോയ അഴിമതിയിൽ നിന്നുള്ള പണം ഞാൻ തുറന്നുകാട്ടും," പ്രധാനമന്ത്രി പറഞ്ഞു.

അഴിമതിക്കാർക്കെതിരായ നടപടികൾ തടയാൻ കോൺഗ്രസുകാർ പരസ്യമായും ലജ്ജയില്ലാതെയും റാലികൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിൻ്റെ സുരക്ഷയെക്കുറിച്ച് ഉറപ്പുനൽകുമ്പോൾ, അവർ തന്നെ അധിക്ഷേപിക്കുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന ഉറപ്പ് മോദി നിറവേറ്റുമ്പോൾ അവർ പാകിസ്ഥാൻ്റെ ഭാഷയിൽ സംസാരിക്കാൻ തുടങ്ങുകയാണെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com