സുപ്രീം കോടതിയില്‍ ജൂനിയര്‍ അഭിഭാഷകരെ 'ഇരുത്തി' ചീഫ് ജസ്റ്റിസ്

ചീഫ് ജസ്റ്റിസിന് ബിഗ് സല്യൂട്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത
സുപ്രീം കോടതിയില്‍ ജൂനിയര്‍ അഭിഭാഷകരെ 'ഇരുത്തി'
ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: മദ്യ വില്‍പ്പനയും നിര്‍മ്മാണവും നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മ്മാണ അധികാരമുണ്ടോ എന്നതിനെക്കുറിച്ചുള്ള അപ്പീലുകള്‍ ചീഫ് ജസ്റ്റിസ് നയിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ച് സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു. അപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ശ്രദ്ധയില്‍ ആ കാഴ്ച പതിഞ്ഞത്. ഉടന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം തടസ്സപ്പെടുത്തി ചീഫ് ജസ്റ്റിസ് അക്കാര്യം കോടതി മുറിയില്‍ ഉന്നയിച്ചു. തുഷാര്‍ മേത്തയോടായിരുന്നു ചീഫ് ജസ്റ്റിന്റെ ചോദ്യം. 'മിസ്റ്റര്‍ സോളിസിറ്റര്‍, ഞങ്ങളുടെ എല്ലാ ജൂനിയര്‍ ചെറുപ്പക്കാരും ദിവസം തോറും അവരുടെ കയ്യില്‍ ലാപ്ടോപ്പുമായി നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിക്കുന്നു. ഉച്ചകഴിഞ്ഞ്, അവര്‍ക്ക് പുറകില്‍ ഇരിപ്പിടമൊരുക്കാന്‍ കഴിയുമോ എന്ന് നോക്കൂ'. എന്നായിരുന്നു ചന്ദ്രചൂഡിന്റെ നിര്‍ദേശം.

താനും ഇത് നിരീക്ഷിച്ചു വരികയാണെന്നും കേസുമായി ബന്ധമില്ലാത്ത കോടതി മുറിയിലെ അഭിഭാഷകരോട് കസേര ഒഴിയാന്‍ താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസിന് മറുപടിയായി മേത്ത പറഞ്ഞു. 'യുവ അഭിഭാഷകര്‍ക്ക് കുറച്ച് ഇരിപ്പിടങ്ങൾ ഇടാന്‍ കഴിയുമോ, ഞങ്ങള്‍ കുറച്ച് ഇരിപ്പിടങ്ങൾ ഇടാന്‍ ശ്രമിക്കാം' ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടര്‍ന്ന് യുവ അഭിഭാഷകര്‍ക്ക് ഇരിപ്പിടം ക്രമീകരിക്കാനും ചീഫ് ജസ്റ്റിസ് ബന്ധപ്പെട്ടവർക്ക് നിര്‍ദ്ദേശം നല്‍കി. ഉച്ചഭക്ഷണത്തിന് ശേഷം കോടതിയില്‍ കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ഇരിപ്പിടങ്ങളുടെ നിര പ്രത്യക്ഷപ്പെട്ടു.

കോടതി ആരംഭിക്കുന്നതിന് മുമ്പ്, ചീഫ് ജസ്റ്റിസ് ഇരിപ്പിട ക്രമീകരണം നേരിട്ടെത്തി പരിശോധിച്ചു. കോടതി മുറിയില്‍ അഭിഭാഷകര്‍ നില്‍ക്കുന്ന സ്ഥലത്ത് എത്തിയ അദ്ദേഹം കാര്യങ്ങള്‍ ക്രമത്തിലാണോയെന്ന് പരിശോധിക്കാനായി ഇരിപ്പിടത്തിൽ ഇരുന്നു. മജിസ്‌ട്രേറ്റിന്റെ ഡയസിലേക്കുള്ള അഭിഭാഷകരുടെ വീക്ഷണം തടസ്സപ്പെട്ടിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് പരിശോധിച്ചു.

'ചീഫ് ജസ്റ്റിസ് ഉദാരതയുടെ പ്രതിരൂപമാണ്. ഇന്നത്തെ സംഭവം എല്ലാ കോടതികളും പിന്തുടരേണ്ടതുണ്ട്. ജുഡീഷ്യല്‍ ശ്രേണിയുടെ ഏറ്റവും ഉയര്‍ന്ന പീഠത്തില്‍ ഇരിക്കുന്ന ഒരാള്‍, യുവ അഭിഭാഷകരുടെ അസ്വാരസ്യങ്ങള്‍ ആരോടും പറയാതെ പോലും അസാധാരണമായി പരിഗണിക്കുന്നു. സല്യൂട്ട് അര്‍ഹിക്കുന്നു' തുഷാര്‍ മേത്ത മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com