ജെജെപി-ഐഎന്‍എല്‍ഡി ഏകീകരണം; വിട്ടുവീഴ്ചയില്ലാതെ ചൗട്ടാല സഹോദരന്മാർ

വഞ്ചകര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നായിരുന്നു അഭയ് ചൗട്ടാലയുടെ പ്രതികരണം. യോജിപ്പ് ഓം പ്രകാശ് ചൗട്ടാല സാഹിബിനെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് അജയ് ചൗട്ടാല
ജെജെപി-ഐഎന്‍എല്‍ഡി ഏകീകരണം; വിട്ടുവീഴ്ചയില്ലാതെ ചൗട്ടാല സഹോദരന്മാർ

ചണ്ഡീഗഡ്: ഹരിയാനയില്‍ ജെജെപി-ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ യോജിപ്പിന് സാധ്യതയില്ലെന്ന് വ്യക്തമാക്കി ഐഎന്‍എല്‍ഡി നേതാവ് അഭയ് ചൗട്ടാല. വഞ്ചകര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നായിരുന്നു അഭയ് ചൗട്ടാലയുടെ പ്രതികരണം. ഐഎന്‍എല്‍ഡിയുടെ അദ്ധ്യക്ഷന്‍ ഓം പ്രകാശ് ചൗട്ടാല മുന്‍കൈ എടുത്താല്‍ പാര്‍ട്ടിയില്‍ മടങ്ങിയെത്താമെന്ന് നേരത്തെ ജെജെപി നേതാവായ അജയ് ചൗട്ടാല പ്രതികരിച്ചിരുന്നു. ഇതിനോടായിരുന്നു സഹോദരന്‍ കൂടിയായ അഭയ് ചൗട്ടാലയുടെ പ്രതികരണം.

ആദ്യം അവര്‍ എന്തിന് വിട്ടുപോയെന്ന് വ്യക്തമാക്കട്ടെയെന്നും അതിന്റെ പിന്നിലെ സ്ഥാപിത താല്‍പ്പര്യം എന്താണെന്നും അഭയ് ചൗട്ടാല ചോദിച്ചിരുന്നു. ഐഎന്‍എല്‍ഡി ഹരിയാനയില്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയ സമയത്താണ് അവർ ഐഎൻഎൽഡി വിട്ടുപോയത്. ഈ സഖ്യം അധികാരത്തില്‍ വരാന്‍ സാധ്യതയുള്ള സാഹചര്യത്തിലായിരുന്നു അവര്‍ പാര്‍ട്ടി വിടുന്നതെന്നും അഭയ് ചൗട്ടാല ചൂണ്ടിക്കാണിച്ചു.

എന്തുകൊണ്ടാണ് അവര്‍ അച്ചടക്കരാഹിത്യം കാണിച്ചതെന്നും എന്തിനാണ് അവര്‍ പാര്‍ട്ടി വിട്ടതെന്ന് അവര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെജെപിയുടെ ഹരിയാന യൂണിറ്റ് മേധാവി നിഷാന്‍ സിംഗിന്റെയും മറ്റ് ചില നേതാക്കളുടെയും രാജിയെക്കുറിച്ചും അഭയ് ചൗട്ടാല പ്രതികരിച്ചു. 'ഇപ്പോള്‍ അവര്‍ (അജയ്. ചൗട്ടാല) ഇത് പറയുന്നത് അവരുടെ പാര്‍ട്ടി അവസാനിച്ചതുകൊണ്ടാണ്. സാമൂഹികമായും രാഷ്ട്രീയമായും അവര്‍ അവസാനിച്ചു. അവരുടെ പാര്‍ട്ടിയിലെ ചേരിമാറ്റങ്ങള്‍ തടയാനാണ് അവര്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത്. അവരുടെ നേതാക്കള്‍ എങ്ങനെ പോകുന്നുവെന്ന് നിങ്ങള്‍ കണ്ടുകൊള്ളൂ. അവര്‍ക്ക് ഞങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് നേരത്തെയും ചൗട്ടാല സാഹബ് പലതവണ വ്യക്തമാക്കിയിട്ടുണ്ട്, അവര്‍ വഞ്ചകരാണ്. അവര്‍ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തി, അവര്‍ ചൗട്ടാല സാഹബിനെ ഒറ്റിക്കൊടുത്തു,' അഭയ് ചൗട്ടാല പറഞ്ഞു.

'ഒരിക്കല്‍ ഐഎന്‍എല്‍ഡി ഉണ്ടായിരുന്നുവെന്ന് ആളുകള്‍ പറയുമെന്ന് ജെജെപി രൂപീകരിച്ചതിന് ശേഷം അവര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍, അജയ് സിംഗ് (ചൗട്ടാല) പറയുന്നു. ചൗട്ടാല സാഹബ് മുന്‍കൈ എടുത്താല്‍ ഞങ്ങള്‍ ഒപ്പം ചേരുമെന്ന് അവര്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍ അവര്‍ ഓര്‍ക്കണം. ഇപ്പോള്‍, അവരുടെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുകയും ജനങ്ങളില്‍ നിന്ന് എതിര്‍പ്പ് നേരിടുകയും ചെയ്യുമ്പോള്‍ അവര്‍ ചൗട്ടാല സാഹബിനെ ഓര്‍ക്കുന്നു', അഭയ് ചൗട്ടാല കൂട്ടിച്ചേര്‍ത്തു.

ജെജെപിയും ഐഎന്‍എല്‍ഡിയും ഒരുമിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുമ്പോഴായിരുന്നു നേരത്തെ ജെജെപി നേതാവ് അജയ് ചൗട്ടാലയുടെ പ്രതികരണം. 'ഇത് ഓം പ്രകാശ് ചൗട്ടാല സാഹിബിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. വിഷയങ്ങളില്‍ മുന്‍കൈ എടുക്കുക എന്നത് മുതിര്‍ന്നവരുടെ ചുമതലയാണ്. പലരും ഇതിനായി ശ്രമിക്കുന്നുണ്ട്. പക്ഷെ മുന്‍കൈ എടുക്കേണ്ടത് ചൗട്ടാല സാഹിബാണ്' എന്നായിരുന്നു അജയ് ചൗട്ടാലയുടെ മറുപടി. അദ്ദേഹം നാളെ ഞങ്ങളെ വിളിച്ചാല്‍ ഞങ്ങള്‍ പോകുമെന്നും അജയ് ചൗട്ടാല പ്രതികരിച്ചിരുന്നു. അജയ് ചൗട്ടാലയുടെയും അഭയ് ചൗട്ടാലയുടെയും പിതാവാണ് ഓം പ്രകാശ് ചൗട്ടാല.

അജയ് ചൗട്ടാലയും മകന്‍ ദുഷ്യന്ത് ചൗട്ടാലയും 2018ലാണ് ഐഎന്‍എല്‍ഡി പിളര്‍ത്തി ജെജെപി രൂപീകരിച്ചത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ജെജെപി പിന്തുണ നല്‍കിയിരുന്നു. കഴിഞ്ഞ മാസമാണ് ജെജെപി-ബിജെപി ബന്ധം വഷളാകുന്നതും സഖ്യം തകരുന്നതും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com