സോഷ്യല്‍ മീഡിയയില്‍ 'എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍'; യുവതിയില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍

ബലാത്സംഗം, കൊള്ളയടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ 'എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍'; യുവതിയില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍

നാഗ്പൂർ: എയർഫോഴ്‌സ് ഉദ്യോഗസ്ഥനെന്ന വ്യാജേന 36 കാരിയായ യുവതിയുടെ കൈയിൽ നിന്നും യുവാവ് തട്ടിയെടുത്തത് നാല് ലക്ഷം രൂപ. അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും പകർത്തി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച പ്രതിയായ ശ്യാം സുപത്കറിനെതിരെ പൊലീസ് കേസെടുത്തു. ബലാത്സംഗം, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

നാല് വർഷം മുമ്പാണ് യുവതി ഫേസ്ബുക്ക് വഴി പ്രതിയെ പരിചയപ്പെടുന്നത്. ശ്യാം വർമ്മ എന്ന പേരിലായിരുന്നു യുവാവിന്റെ വ്യാജ പ്രൊഫൈൽ. ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനാണെന്നും നാഗ്പൂരിലാണ് താമസിക്കുന്നതെന്നുമാണ് പറഞ്ഞിരുന്നത്. തുടർന്ന് ഇരുവരും നേരിട്ട് കാണാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ കൂടിക്കാഴ്ചയ്ക്കിടെ യുവാവ് കുടിക്കാൻ നൽകിയ പാനീയത്തിൽ മയക്കുമരുന്ന് ചേർത്തുവെന്നും ബോധരഹിതയാക്കിയതിന് ശേഷം തന്റെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പകർത്തിയെന്നുമാണ് പരാതിയിൽ യുവതി ആരോപിക്കുന്നത്. പിന്നീട് ഫോട്ടോകളും വീഡിയോകളും കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പുറത്തുവിടുമെന്ന് പറഞ്ഞതായും യുവതി പൊലീസിനോട് പറഞ്ഞു.

നാല് ലക്ഷം രൂപയോളം പണമായും സ്വർണം, വെള്ളി ആഭരണങ്ങളും യുവാവ് വാങ്ങിയെന്ന് പരാതിയിൽ ആരോപിക്കുന്നുണ്ട്. യുവാവ് പറഞ്ഞ പേരും വിവരങ്ങളും വ്യാജമാണെന്ന് മനസ്സിലാക്കിയ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com