മോദിയുടെ രാഷ്ട്രീയ പൂർവ്വികർ മുസ്ലിം ലീഗിൻ്റെ പിന്തുണ സ്വീകരിച്ചിട്ടുണ്ട് ; മോദിക്കെതിരെ ഖർഗെ

പ്രകടന പത്രികയിലൂടെ ന്യൂനപക്ഷ പ്രീണനമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും മുസ്‌ലിം ലീഗിന്റെ മുദ്രയുള്ളതാണെന്നും മോദി ആരോപിച്ചിരുന്നു
മോദിയുടെ രാഷ്ട്രീയ പൂർവ്വികർ മുസ്ലിം ലീഗിൻ്റെ പിന്തുണ സ്വീകരിച്ചിട്ടുണ്ട് ; മോദിക്കെതിരെ ഖർഗെ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അടുത്തുനിൽക്കേ പരസ്പരം കടന്നാക്രമിച്ച് കോൺഗ്രസും ബിജെപിയും. ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ബിജെപിക്ക് അറിയാമെന്നും ഭയം കൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ ആരോപിച്ചു. കോൺഗ്രസിന്റെ പ്രകടന പത്രിക മുസ്ലിം ലീഗിന്റെ മുദ്രയാണെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഖർഗെ.

ഉത്തർപ്രദേശിലെ സഹറൻപൂരിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെ കോൺഗ്രസ് പ്രകടന പത്രികയിൽ നുണകളാണുള്ളതെന്നും സ്വാതന്ത്ര്യത്തിന് മുമ്പ് മുസ്ലീം ലീഗിന് ഉണ്ടായിരുന്ന ചിന്തകളെയാണ് അതിൽ പ്രതിഫലിപ്പിക്കുന്നതെന്നും ആരോപിച്ചിരുന്നു. ഇന്ന് രാവിലെ ഛത്തീസ്ഗഡിലെ ബസ്തറിൽ നടന്ന റാലിയിൽ അദ്ദേഹം ഇതുതന്നെ ആവർത്തിച്ചിരുന്നു. പ്രകടന പത്രികയിലൂടെ ന്യൂനപക്ഷ പ്രീണനമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും മുസ്‌ലിം ലീഗിന്റെ നിലപാടുകൾ നിറഞ്ഞതാണെന്നും മോദി ആരോപിച്ചിരുന്നു.

'മോദി–ഷാമാരുടെ രാഷ്ട്രീയ പൂർവികർ സ്വാതന്ത്ര്യസമരത്തിൽ ഇന്ത്യക്കാർക്കെതിരെ ബ്രിട്ടിഷുകാരെയും മുസ്‌ലിം ലീഗിനെയും പിന്തുണച്ചവരാണ്. ക്വിറ്റ് ഇന്ത്യ എന്ന മഹാത്മാ ഗാന്ധിയുടെ ആഹ്വാനത്തെ എതിർത്തവരാണ് മോദി–ഷാമാരുടെ പൂർവികർ. 1940-കളിൽ മുസ്‌ലിം ലീഗുമായി ചേർന്ന് ശ്യാമ പ്രസാദ് മുഖർജി ബംഗാൾ, സിന്ധ്, എന്നിവിടങ്ങളിൽ സർക്കാർ രൂപീകരിച്ചത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാം', ഖർഗെ ആഞ്ഞടിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിന് മോദിക്കെതിരെയും മറ്റൊരു കേസിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഗ്രസ് പരാതി സമർപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com