ഇന്ത്യയും പാകിസ്താനും തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിച്ചു; ആരോപണവുമായി കാനഡ

ആരോപണം അടിസ്ഥാന രഹിതമെന്ന് ഇന്ത്യ
ഇന്ത്യയും പാകിസ്താനും തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിച്ചു; ആരോപണവുമായി കാനഡ

ന്യൂഡല്‍ഹി: കാനഡയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യയും പാകിസ്താനും ഇടപെടാന്‍ ശ്രമിച്ചതായി കാനഡയുടെ ചാര സംഘടനയായ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് (സിഎസ്‌ഐഎസ്) ആരോപിച്ചു. 2019ലും 2021ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യയും പാകിസ്താനും പോലുള്ള രാജ്യങ്ങള്‍ ഇടപെടാന്‍ ശ്രമിച്ചതായാണ് കാനഡയുടെ ചാരസംഘടനയുടെ റിപ്പോര്‍ട്ട്. എന്നാല്‍, കാനഡയുടെ ആരോപണത്തെ ഇന്ത്യ ശക്തമായി എതിര്‍ത്തു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ് അഭിപ്രായപ്പെട്ടു. മറ്റ് രാജ്യങ്ങളിലെ ജനാധിപത്യ പ്രക്രിയകളില്‍ ഇടപെടുന്നത് ഇന്ത്യയുടെ നയമല്ല. മറിച്ച് കാനഡയാണ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

2021ല്‍, കാനഡയിലെ തിരഞ്ഞെടടുപ്പില്‍ ഇന്ത്യ പ്രോക്സി ഏജന്റിനെ ഉപയോഗിച്ചാണ് ഇടപെട്ടത്. കൂടുതല്‍ രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യക്ക് ഉദ്ദേശമുണ്ടായിരുന്നു. ഇന്ത്യയുടെ വിദേശ ഇടപെടല്‍ തിരഞ്ഞെടുപ്പ് ജില്ലകളെ കേന്ദ്രീകരിച്ചായിരുന്നു. ഇന്തോ -കനേഡിയന്‍ വോട്ടര്‍മാരില്‍ ഒരു ഭാഗം ഖാലിസ്ഥാനി പ്രസ്ഥാനത്തോടോ പാകിസ്താന്‍ അനുകൂല രാഷ്ട്രീയ നിലപാടുകളോടോ അനുഭാവം പുലര്‍ത്തുന്നവരായിരുന്നു. ഈ ധാരണയുള്ളതിനാലാണ് ഇന്ത്യാ ഗവണ്‍മെന്റ് അത്തരം വിഭാഗങ്ങളെ ലക്ഷ്യമിട്ട് രഹസ്യ പ്രവര്‍ത്തനം നടത്തിയതെന്നും ചാരസംഘടനയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ അനുകൂല സ്ഥാനാര്‍ത്ഥികള്‍ക്ക് നിയമവിരുദ്ധമായ സാമ്പത്തിക സഹായം നല്‍കി കാനഡയുടെ ജനാധിപത്യ പ്രക്രിയകളില്‍ ഇന്ത്യ ഇടപെടാന്‍ ശ്രമിച്ചിരിക്കാം എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ചാരസംഘടനയുടെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ വസ്തുതകളായി കണക്കാക്കേണ്ടതില്ലെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും സിഎസ്‌ഐഎസ് ഡയറക്ടര്‍ ഡേവിഡ് വിഗ്‌നോള്‍ട്ട് അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും സ്ഥിരീകരിക്കാത്തതാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഇന്ത്യയും പാകിസ്താനും തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിച്ചു; ആരോപണവുമായി കാനഡ
നവീന്റെ കാറില്‍ പ്രത്യേക കല്ലുകളും ചിത്രങ്ങളും;ബ്ലാക്ക് മാജിക് സ്ഥിരീകരിക്കാന്‍ കൂടുതല്‍ തെളിവുകള്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com