രാമായണം വീണ്ടും സംപ്രേക്ഷണം ചെയ്യാൻ ദൂരദർശൻ; രാമനായി അഭിനയിച്ച അരുൺ ഗോവിൽ ബിജെപി സ്ഥാനാർത്ഥി

എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് പരമ്പര വീണ്ടും സംപ്രേക്ഷണം ചെയ്യാനുള്ള തീരുമാനം ദൂരദർശൻ അറിയിച്ചിരിക്കുന്നത്
രാമായണം വീണ്ടും സംപ്രേക്ഷണം ചെയ്യാൻ ദൂരദർശൻ; രാമനായി അഭിനയിച്ച അരുൺ ഗോവിൽ ബിജെപി സ്ഥാനാർത്ഥി

ന്യൂഡൽഹി: രാമായണം പരമ്പര വീണ്ടും സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂരദർശൻ. എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് പരമ്പര വീണ്ടും സംപ്രേക്ഷണം ചെയ്യാനുള്ള തീരുമാനം ദൂരദർശൻ അറിയിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറ് മണിക്കാണ് പരമ്പരയുടെ സംപ്രേക്ഷണം. ഉച്ചയ്ക്ക് 12 മണിക്ക് ഇത് പുന:സംപ്രേക്ഷണം ചെയ്യും.

1987 ലായിരുന്നു രാജ്യത്ത് വൻ പ്രേക്ഷക ശ്രദ്ധ നേടിയ സീരിയൽ ആദ്യമായി സംപ്രേഷണം ചെയ്തത്. കോവിഡ് കാലത്തും, രാമക്ഷേത്ര ഉദ്ഘാടനത്തോട് അനുബന്ധിച്ചും മുൻപ് സീരിയൽ പ്രദർശിപ്പിച്ചിരുന്നു. ഏതാണ്ട് നാൽപ്പത് കൊല്ലം മുമ്പ് ദൂർശൻ സംപ്രേക്ഷണം ചെയ്ത രാമാനന്ദ സാഗറിൻ്റെ രാമായണം ടി വി സീരിയൽ രാമജന്മഭൂമി പ്രക്ഷോഭത്തിന് ഊർജ്ജം പകർന്നതായി വിമർശനമുണ്ട്. ശ്രീരാമനായി അരുൺ ഗോവിലും സീതയായി ദീപിക ചിഖ്ലിയയും ലക്ഷ്മണനായി സുനിൽ ലാഹിരിയുമാണ് അഭിനയിച്ചിരിക്കുന്നത്. രാമായണം സീരിയലിൽ രാമനായി അഭിനയിച്ച അരുൺ ഗോവിൽ ഉത്തർപ്രദേശിലെ മീററ്റിൽ ബിജെപി സ്ഥാനാർത്ഥിയാണ്.

'ഭഗവാൻ ശ്രീരാമൻ വന്നിരിക്കുന്നു! ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ 'രാമായണം' ഷോ കാണുക. രാമാനന്ദ് സാഗറിൻ്റെ രാമായണം #DDNational-ൽ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് വീണ്ടും കാണുക, ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും സംപ്രേക്ഷണം ചെയ്യുക' എന്നാണ് ദൂരദർശൻ എക്സിൽ കുറച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com