'കോൺ​ഗ്രസിന്റേത് ഇറ്റാലിയൻ സംസ്കാരം': മല്ലികാർജുൻ ഖാർഗെയെ പരിഹസിച്ച് അമിത് ഷാ

'ഇന്ത്യ എന്ന ആശയം തന്നെ കോൺഗ്രസിന് മനസിലായിട്ടില്ല'
'കോൺ​ഗ്രസിന്റേത് ഇറ്റാലിയൻ സംസ്കാരം': മല്ലികാർജുൻ ഖാർഗെയെ പരിഹസിച്ച് അമിത് ഷാ

ന്യൂഡൽഹി: ശനിയാഴ്ച ജയ്പൂരിൽ നടന്ന റാലിയിൽ ജമ്മു കശ്മീരിനെക്കുറിച്ചുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരുമായി എന്താണ് ബന്ധം എന്ന് കോൺഗ്രസ് പാർട്ടി ചോദിക്കുന്നത് കേൾക്കുന്നത് ലജ്ജാകരമാണ്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കോൺഗ്രസ് പാർട്ടിയെ താൻ ഓർമ്മിപ്പിക്കുന്നുവെന്നും ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങൾക്കും പൗരന്മാർക്കും ഉളളത് പോലെ തന്നെ ജമ്മു കശ്മീരിനും എല്ലാത്തരത്തിലുമുളള അവകാശമുണ്ടെന്നും ഷാ എക്സിൽ കുറിച്ചു.

കശ്മീരിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി രാജസ്ഥാനിലെ ധീരരായ നിരവധി പൗരന്മാർ അവരുടെ ജീവൻ ബലിയർപ്പിച്ചിട്ടുണ്ടെന്ന് കോൺഗ്രസിന് അറിയില്ല. എന്നാൽ ഇത് കോൺഗ്രസ് നേതാക്കളുടെ കുറ്റമായി താൻ കാണുന്നില്ല കാരണം, ഇന്ത്യ എന്ന ആശയം തന്നെ കോൺഗ്രസിന് മനസിലായിട്ടില്ല. കാരണം അവരുടേത് ഇറ്റാലിയൻ സംസ്കാരമായത് കൊണ്ടാണ്. കോൺ​ഗ്രസിന്റെ ഇത്തരം പ്രസ്താവനകൾ. രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന ദേശസ്നേഹികളായ ഓരോ പൗരന്മാരെയും വേദനിപ്പിക്കും. ജനങ്ങൾ കോൺഗ്രസിന് ഉത്തരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി മോദിയെ 'നുണയന്മാരുടെ നേതാവ്' എന്ന് ശനിയാഴ്ച വിശേഷിപ്പിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം. വെള്ളിയാഴ്ച രാജസ്ഥാനിൽ പ്രധാന മന്ത്രി നരേന്ദ്രമോദി ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനെതിരെ ഖാർ​ഗെ പ്രതികരിച്ചിരുന്നു. കർഷകർക്ക് വേണ്ടി താൻ ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കേണ്ട സ്ഥലത്ത് വെച്ചാണ് ആർട്ടിക്കിൾ 370 റദ്ദാക്കലിനെക്കുറിച്ച് മോദി സംസാരിച്ചതെന്ന് ഖാർഗെ പറഞ്ഞിരുന്നു.

കർഷകരുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളുണ്ട്. കർഷകർ ദുരിതത്തിലാണ്, ആയിരക്കണക്കിന് പേർ ആത്മഹത്യ ചെയ്തു. അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനു പകരം, 371 നീക്കം ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞുവെന്നും ഖാർഗെ കുറ്റപ്പെടുത്തിയിരുന്നു. ജമ്മു കശ്മീരിൽ പോയി ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ച് പറയാതെ കർഷകർക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് പറയണമെന്നും ഖാർഗെ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ആർട്ടിക്കിൾ 371 അല്ല, ആർട്ടിക്കിൾ 370 ആണ് മോദി സർക്കാർ റദ്ദാക്കിയതെന്ന് ഷാ ഖാർഗെയ്ക്ക് മറുപടി നൽകി. കോൺ​ഗ്രസിന് ഇത്തരം അബദ്ധങ്ങൾ ഇത് ആ​ദ്യമല്ലെന്നും പറ്റിയ അബദ്ധങ്ങൾ പതിറ്റാണ്ടുകളായി നമ്മുടെ രാജ്യത്തെ വേട്ടയാടുന്നുവെന്നും ഷാ കൂട്ടിച്ചേർത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് റാലി നടത്തിയത്. 'മുസ്‌ലിം ലീഗിൻ്റെ മുദ്ര' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി മോദി കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്കെതിരെ ആഞ്ഞടിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com