കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് പരീക്ഷാ വിലക്ക്; പഠിക്കാന്‍ മിടുക്കി, സ്കൂളിനെതിരെ കേസ്

കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് പരീക്ഷാ വിലക്ക്; പഠിക്കാന്‍ മിടുക്കി, സ്കൂളിനെതിരെ കേസ്

വിദ്യാര്‍ത്ഥിനി മറ്റൊരു സ്‌കൂളിലെ അധ്യാപികയോട് പരാതിപ്പെട്ടപ്പോഴാണ് പ്രശ്‌നം പുറത്തറിയുന്നത്.

അജ്മീര്‍: കൂട്ടബലാത്സംഗത്തിനിരയായ വിദ്യാര്‍ത്ഥിയെ ബോര്‍ഡ് എക്‌സാം എഴുതാന്‍ സ്‌കൂള്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന് പരാതി. സ്കൂളിലെ അന്തരീക്ഷത്തെ മോശമായി ബാധിക്കുമെന്ന് പറഞ്ഞാണ് പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നതെന്ന് വിദ്യാര്‍ത്ഥിനി ശിശുക്ഷേമ കമ്മീഷന് നല്‍കിയ പരാതിയില്‍ ചൂണ്ടികാട്ടി. രാജസ്ഥാനിലാണ് സംഭവം. അതേസമയം തുടര്‍ച്ചയായ നാല് മാസം ക്ലാസില്‍ ഹാജരാകാതിരുന്നതിനാലാണ് വിദ്യാര്‍ത്ഥിനിക്ക് അഡ്മിറ്റ് കാര്‍ഡ് നല്‍കാതിരുന്നത് എന്നാണ് സ്‌കൂളിന്റെ വിശദീകരണം.

വിദ്യാര്‍ത്ഥിനി മറ്റൊരു സ്‌കൂളിലെ അധ്യാപികയോട് പരാതിപ്പെട്ടപ്പോഴാണ് പ്രശ്‌നം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ഹെല്‍പ്പ്‌ലൈനില്‍ ബന്ധപ്പെടാന്‍ അധ്യാപിക നിര്‍ദേശിച്ചു. പരാതിയില്‍ ശിശുക്ഷേമ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു പെണ്‍കുട്ടിയെ ബന്ധുവും മറ്റുരണ്ടുപേരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിന് ശേഷം വിദ്യാര്‍ത്ഥിയോട് വീട്ടില്‍ ഇരുന്ന് പഠിച്ചാല്‍ മതിയെന്നും സ്‌കൂളിലേക്ക് വരുന്നത് അവിടുത്തെ അന്തരീക്ഷത്തെ ബാധിക്കുമെന്നും അധികൃതര്‍ അറിയിച്ചതായി പെണ്‍കുട്ടി സിഡബ്ല്യൂസി ചെയര്‍മാന്‍ അഞ്ജലി ശര്‍മയോട് പറഞ്ഞു. ഇത് പ്രകാരം പെണ്‍കുട്ടി വീട്ടിലിരുന്ന് ബോര്‍ഡ് പരീക്ഷക്കായി തയ്യാറെടുക്കുകയായിരുന്നു.

അഡിമിറ്റ് കാര്‍ഡ് വാങ്ങാന്‍ എത്തിയപ്പോഴാണ് താനിപ്പോള്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയല്ലെന്ന് അധികൃതര്‍ അറിയിച്ചത്. കൂട്ടബലാത്സംഗത്തിനിരയായ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കരുതെന്ന മറ്റു വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ നിര്‍ദേശ പ്രകാരമാണ് തനിക്ക് പ്രവേശനം നിഷേധിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.

പത്താംക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 79 ശതമാനം മാര്‍ക്കില്‍ പാസായ വിദ്യാര്‍ത്ഥിയാണ് പരാതിക്കാരി. പരീക്ഷയെഴുതാന്‍ സാധിച്ചിരുന്നെങ്കില്‍ മികച്ച വിജയം നേടാനാവുമായിരുന്നുവെന്നും അധികൃതരുടെ അനാസ്ഥ മൂലം പെണ്‍കുട്ടിക്ക് ഒരു വര്‍ഷം നഷ്ടമായെന്നും സിഡബ്ല്യൂസി വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com