'തൊഴില്‍,ക്ഷേമം, സമ്പത്ത്' ആപ്തവാക്യം; കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്ത്

മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
'തൊഴില്‍,ക്ഷേമം, സമ്പത്ത്' ആപ്തവാക്യം; കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്ത്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. 25 ഗ്യാരണ്ടികള്‍ ഉള്‍പ്പെടുത്തി നീതിയുടെ അഞ്ച് തൂണുകള്‍ അഥവാ പാഞ്ച് ന്യായ് എന്ന പേരിലാണ് പ്രകടന പത്രിക. യുവ ന്യായ്, നാരി ന്യായ്, കിസാന്‍ ന്യായ്, ശ്രമിക് ന്യായ്, ഹിസാദേരി ന്യായ് എന്നിവയാണ് അഞ്ച് ഗ്യാരണ്ടികള്‍. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

ജാതി സെന്‍സസ് നടപ്പിലാക്കും, ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നത് തടയും, അഗ്നിപഥ് പദ്ധതി എടുത്തുകളയും, പ്രതിദിന വേതനം കുറഞ്ഞത് 400 രൂപയാക്കും എന്നതുള്‍പ്പെടെ സുപ്രധാന പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അവസാനിപ്പിച്ച അഴിമതി കേസുകളില്‍ പുനഃരന്വേഷണത്തിന് ഉത്തരവിടും, ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കും, തെരുവ് നായ ആക്രമണം തടയാന്‍ നടപടി സ്വീകരിക്കും, അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കും, സര്‍ക്കാര്‍-പൊതുമേഖലകളിലെ കരാര്‍ നിയമനങ്ങള്‍ എടുത്തുകളയും, പുതിയ കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തും, കേന്ദ്രീയ വിദ്യാലയങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും, സ്വവര്‍ഗവിവാഹം നിയമപരമാക്കും എന്നീ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് പ്രകടന പത്രികയിലുണ്ട്.

1- ഹിസേദാരി ന്യായ് (തുല്യത ന്യായ്)

*സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ്

*എസ്സി/എസ്ടി/ഒബിസി സംവരണം 50 ശതമാനം മാത്രമെ പാടുള്ളൂവെന്ന നിബന്ധന ഭരണഘടനാ ഭേദഗതിയിലൂടെ എടുത്തുമാറ്റും

*എസ്സി/എസ്ടി വിഭാഗത്തിന്റെ ജനസംഖ്യാ അനുപാതം അനുസരിച്ച് പ്രത്യേക ബജറ്റ് കൊണ്ടുവരും

*വനാവകാശ നിയമപ്രകാരമുള്ള കേസുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കും

*പട്ടികവര്‍ഗ വിഭാഗം ഭൂരിപക്ഷമുള്ള ജനവാസ മേഖലകളെല്ലാം ഷെഡ്യൂള്‍ഡ് ഏരിയകളായി വിജ്ഞാപനം ചെയ്യും

2- കിസാന്‍ ന്യായ് (കര്‍ഷക ന്യായ്)

*എംഎസ് സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശമുള്ള മിനിമം താങ്ങുവില ഉറപ്പാക്കും

*കര്‍ഷകരുടെ കടം എഴുതി തള്ളാന്‍ കമ്മീഷനെ നിയോഗിക്കും

*വിള നഷ്ടത്തിന് 30 ദിവസത്തിനകം ഇന്‍ഷുറന്‍സ് തുക നല്‍കും

*കര്‍ഷകര്‍ക്ക് ലാഭകരമായ രീതിയില്‍ സുസ്ഥിരമായ കയറ്റുമതി-ഇറക്കുമതി നയം ആവിഷ്‌കരിക്കും

*കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ക്ക് ജിഎസ്ടി ഈടാക്കില്ല

3-ശ്രമിക് ന്യായ് (ആരോഗ്യം)

*സൗജന്യ അവശ്യ രോഗനിര്‍ണ്ണയം, മരുന്നുകള്‍, ചികിത്സ, ശസ്ത്രക്രിയ, സാന്ത്വന പുനരധിവാസ പരിരക്ഷ എന്നിവ ഉള്‍ക്കൊള്ളുന്ന സാര്‍വത്രിക ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന അവകാശ നിയമം നടപ്പിലാക്കും

*മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കടക്കം ദേശീയ മിനിമം കൂലി 400 രൂപയാക്കും.

*നഗര മേഖലകളില്‍ എംപ്ലോയിമെന്റ് ഗ്യാരണ്ടി നിയമം നടപ്പിലാക്കും

*അസംഘടിത തൊഴിലാളികള്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സ്, ആക്സിഡന്റ് ഇന്‍ഷൂറന്‍സ്

*പ്രധാനപ്പെട്ട സര്‍ക്കാര്‍ ജോലികളില്‍ കരാര്‍ നിയമനം അവസാനിപ്പിക്കും.

4- യുവ ന്യായ് (യുവജനം)

* തൊഴില്‍ കലണ്ടര്‍ പ്രകാരം 30 ലക്ഷം പുതിയ കേന്ദ്രസര്‍ക്കാര്‍ ജോലികള്‍

* വിദ്യാഭ്യാസമുള്ള മുഴുവന്‍ യുവജനങ്ങള്‍ക്കും ഒരു മാസം 8500 രൂപ നിരക്കില്‍ പ്രതിവര്‍ഷം ഒരു ലക്ഷം രൂപയുടെ തൊഴില്‍ പരിശീലനം

* ചോദ്യപേപ്പര്‍ ചോര്‍ച്ച അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരും

*താല്‍ക്കാലിക ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷവും സാമൂഹിക സുരക്ഷയും ഉറപ്പാക്കും

* യുവജനങ്ങള്‍ക്ക് സ്റ്റാര്‍ട്ട് ആപ്പുകള്‍ തുടങ്ങുന്നതിനായി 5,000 കോടിയുടെ ഫണ്ട്.

5- നാരി ന്യായ് (വനിത)

* ദരിദ്ര കുടുംബങ്ങളിലെ ഒരു സ്ത്രീക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ

* പുതിയ കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം

*ആശ, അങ്കണവാടി, മിഡ് ഡേ മീല്‍ വര്‍ക്കേഴ്സിന് കേന്ദ്ര ശമ്പള വിഹിതം ഇരട്ടിപ്പിക്കും

* സ്ത്രീകള്‍ക്ക് നിയമസംരക്ഷണം ഉറപ്പാക്കുന്നതിനായി മുഴുവന്‍ ഗ്രാമങ്ങളിലും 'അധികാര്‍ മൈത്രി'യെ ചുമതലപ്പെടുത്തും.

*തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കായുള്ള ഹോസ്റ്റലുകളുടെ എണ്ണം ഇരട്ടിപ്പിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com