ജാതി സെന്‍സസ് നടത്തും, സ്ത്രീകള്‍ക്ക് 50 % തൊഴില്‍ സംവരണം; കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

'പാഞ്ച് ന്യായ്', 'പച്ചീസ് ഗ്യാരന്റി' എന്നതാണ് പത്രികയുടെ വിശാല പ്രമേയം
ജാതി സെന്‍സസ് നടത്തും, സ്ത്രീകള്‍ക്ക് 50 % തൊഴില്‍ സംവരണം; കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

ന്യൂ ഡല്‍ഹി: തൊഴില്‍, വികസനം, ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രകടന പത്രിക കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സോണിയഗാന്ധി, രാഹുല്‍ ഗാന്ധി, പി ചിദംബരം, കെ സി വോണുഗോപാല്‍ തുടങ്ങിയവരുടെ സാനിധ്യത്തിലായിരുന്നു പത്രിക പുറത്തിറക്കിയത്.

നീതി അടിസ്ഥാനമക്കിയുള്ള പ്രകടന പത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. 'ന്യായ് പത്ര' എന്നാണ് പാര്‍ട്ടിയുടെ ഇത്തവണത്തെ പ്രകടന പത്രികയുടെ പേര്. 'പാഞ്ച് ന്യായ്', 'പച്ചീസ് ഗ്യാരന്റി' എന്നതാണ് പത്രികയുടെ വിശാല പ്രമേയം. കോണ്‍ഗ്രസ് രാജ്യവ്യാപകമായി സാമൂഹിക-സാമ്പത്തിക, ജാതി സെന്‍സസ് നടത്തുമെന്ന് പാര്‍ട്ടി പ്രകടനപത്രികയില്‍ പറയുന്നു.

ഭരണഘടനയെയും ജനാധിപത്യത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇടയിലുള്ള തിരഞ്ഞെടുപ്പാണ് ഇതെന്ന് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു. യുവാക്കള്‍, വനിതകള്‍, കര്‍ഷകര്‍, തുല്യത തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയുള്ള പ്രകടനപത്രികയാണ് പുറത്തിറക്കിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാജ്യത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയ പൗരത്വ നിയമത്തെ കുറിച്ച് പത്രികയില്‍ പരാമര്‍ശമില്ല.

പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ

  • പാര്‍ട്ടി രാജ്യവ്യാപകമായി സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ് നടത്തും

  • എസ്‌സി, എസ്ടി, ഒബിസി നിയമന പരിധി 50 ശതമാനം ഉയര്‍ത്തുന്നതിനുള്ള ഭരണഘടന ഭേദഗതി പാസ്സാക്കും

  • കേന്ദ്ര സര്‍ക്കാറിന്റെ വിവിധ തലങ്ങളില്‍ ഒഴിവുള്ള 30 ലക്ഷം തസ്തികയില്‍ നിയമനം

  • രാജസ്ഥാന്‍ മാതൃകയിലുള്ള 25 ലക്ഷം പണരഹിത ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പിലാക്കും

  • സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ കുടുംബത്തില്‍ നിന്നുള്ളവര്‍ക്കും വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ 10 ശതമാനം സംവരണം

  • സായുധസേനയില്‍ അഗ്‌നിപഥ് നിര്‍ത്തലാക്കി സാധാരണ രീതിയിലുള്ള റിക്രൂട്ട്‌മെന്റ് സംവിധാനം പുനരാരംഭിക്കും

  • 25 വയസ്സിന് താളെയുള്ള എല്ലാ ഡിപ്ലോമ, ബിരുദധാരികള്‍ക്കും അപ്രന്റീസ്ഷിപ്പ് സേവനം

  • നിര്‍ധനര്‍ക്ക് ജോലി ഉറപ്പാക്കുന്ന നഗര തൊഴില്‍ പദ്ധതി

  • 2025 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനത്തില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം

  • ജമ്മുകശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കും

  • ബിജെപിയില്‍ ചേര്‍ന്ന ശേഷം നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെട്ട വ്യക്തികള്‍ക്കെതിരെ പുനരന്വേഷണം

  • സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ കരാര്‍വല്‍കരണം അവസാനിപ്പിക്കും. അത്തരം നിയമനങ്ങള്‍ ക്രമപ്പെടുത്തും

  • നിര്‍ധനരായ കുടുംബത്തിന് വര്‍ഷം ഒരു ലക്ഷം നല്‍കുന്ന മഹാലക്ഷ്മി പദ്ധതി

  • 2024 മാര്‍ച്ചുവരെയുള്ള വിദ്യാഭ്യാസ വായ്പയുടെ എല്ലാ പലിശകളും എഴുതിത്തള്ളും

  • ദേശീയ മിനിമം പ്രതിദിന വേതനം 400 രൂപയാക്കും

  • സ്വവര്‍ഗ നിയമം നിയമപരമാക്കും

  • കര്‍ഷകര്‍ക്ക് താങ്ങുവില നിയമപരമാക്കും

Related Stories

No stories found.
logo
Reporter Live
www.reporterlive.com