മത്സരം സഹോദരങ്ങള്‍ തമ്മില്‍; കുടുംബകലഹം ഉണ്ടാക്കാനെന്ന് ബിജെപി, പ്രചാരണത്തിനില്ലെന്ന് പിതാവ്

ഇളയ സഹോദരന്‍ മനോരഞ്ജന്‍ ധ്യാന്‍ സാമന്തറായിയെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ മുത്ത സഹോദരന്‍ രവീന്ദനാഥ് ധ്യാന്‍ സാമന്തറായിയെ കോണ്‍ഗ്രസും രംഗത്തിറക്കി.
മത്സരം സഹോദരങ്ങള്‍ തമ്മില്‍; കുടുംബകലഹം ഉണ്ടാക്കാനെന്ന് ബിജെപി, പ്രചാരണത്തിനില്ലെന്ന് പിതാവ്

ഭുവനേശ്വര്‍: ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒഡിഷയിലെ ചികിടി മണ്ഡലത്തിലെ പോരാട്ടം വ്യത്യസ്തമാവുന്നത് സ്ഥാനാര്‍ത്ഥികള്‍ കാരണമാണ്. സഹോദരന്മാര്‍ തമ്മിലാണ് മണ്ഡലത്തില്‍ പോരാട്ടമെന്നതാണ് കൗതുകം. ഒഡിഷ നിയമസഭയിലെ മുന്‍ സ്പീക്കര്‍ ചിന്താമണി ധ്യാന്‍ സാമന്തറായിയുടെ മക്കളാണ് ഒരേ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ഗോധയിലുള്ളത്.

ഇളയ സഹോദരന്‍ മനോരഞ്ജന്‍ ധ്യാന്‍ സാമന്തറായിയെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ മൂത്ത സഹോദരന്‍ രവീന്ദനാഥ് ധ്യാന്‍ സാമന്തറായിയെ കോണ്‍ഗ്രസും രംഗത്തിറക്കി. വ്യാഴാഴ്ച്ചയാണ് ഇരുപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പിതാവ് ചിന്താമണി ധ്യാന്‍ സാമന്തറായ് മൂന്ന് തവണ വിജയിച്ച മണ്ഡലമാണിത്. 1980 ലും 1995 ലും സ്വതന്ത്രനായും 1985 ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലുമാണ് വിജയിച്ചത്.

മനോരഞ്ജന്‍ ധ്യാന്‍ 2014ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലും 2019ല്‍ ബിജെപി ടിക്കറ്റിലും മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിട്ടുണ്ട്. എന്നാല്‍ രവീന്ദനാഥ് ആദ്യമായാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. പിതാവിന്റെ കാലം മുതല്‍ സജീവമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉണ്ടെന്നും പാര്‍ട്ടി നിര്‍ബന്ധപ്രകാരമാണ് മത്സരിക്കുന്നതെന്നും രവീന്ദനാഥ് പ്രതികരിച്ചു. സഹോദരങ്ങള്‍ എന്നതിലുപരി രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് മണ്ഡലത്തില്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കുടുംബകലഹം ഉണ്ടാക്കാനാണ് ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ തനിക്കെതിരെ സഹോദരനെ നിര്‍ത്തിയതെന്ന് മനോരഞ്ജന്‍ പ്രതികരിച്ചു. ഇതൊന്നും തന്റെ പ്രചാരണത്തെയോ മത്സരത്തെയോ ബാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. രണ്ട് മക്കളും തിരഞ്ഞെടുപ്പ് ഗോദയിലുള്ളപ്പോള്‍ ചിന്താമണി പ്രചാരണത്തിനിറങ്ങുമോയെന്നായിരുന്നു സംശയം. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ പ്രചാരണ രംഗത്ത് ഉണ്ടാവില്ലെന്ന് അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com