ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; ബിജെപി പ്രവർത്തകനെ എൻഐഎ ചോദ്യം ചെയ്യുന്നു

മൊബൈൽ ഷോപ്പ് ജീവനക്കാർ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന്റെ നടപടി
ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; ബിജെപി പ്രവർത്തകനെ എൻഐഎ ചോദ്യം ചെയ്യുന്നു

ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ബിജെപി പ്രവർത്തകനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളിയിൽ നിന്നാണ് ബിജെപി പ്രവർത്തകനായ സായി പ്രസാദിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഒരു മൊബൈൽ സ്ഥാപന ഉടമയെയും ചോദ്യം ചെയ്യുന്നതായാണ് റിപ്പോർട്ട്. മൊബൈൽ ഷോപ്പ് ജീവനക്കാർ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന്റെ അറസ്റ്റ്.

കസ്റ്റഡിയിലുള്ളവരെ എൻഐഎ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസുമായി ബന്ധപ്പെട്ട് ശിവമോഗയിൽ കഴിഞ്ഞ ദിവസം എൻഐഎ വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. മൊബൈൽ സ്റ്റോറുകളിലും പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ വീട്ടിലും പരിശോധന നടത്തി.

സായിപ്രസാദിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ബി ജെ പിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. സംസ്ഥാനത്തെ കാവി പടക്ക് ഇപ്പോൾ എന്താണ് പറയാനുള്ളതെന്നായിരുന്നു കോൺഗ്രസ് നേതാവ് ദിനേഷ് ഗുണ്ടുറാവിവിൻ്റെ വിമർശനം.

സ്ഫോടനത്തിന്‍റെ പേരിൽ നേരത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിനെ വിമർശിച്ച ബിജെപി ഇപ്പോൾ നിലപാട് വ്യക്തമാക്കണമെന്നും ദിനേഷ് ഗുണ്ടറാവും ആവശ്യപ്പെട്ടു. മതസംരക്ഷണത്തിന്‍റെ പേരിൽ ബിജെപി പ്രചരിപ്പിക്കുന്ന കാവി തീവ്രവാദം ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നതിന് ഇതിലും വ്യക്തമായ തെളിവുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കന്നഡ ഭാഷയിൽ പങ്കുവെച്ച എക്സ് കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഫുഡ് ജോയിൻ്റുകളിൽ ഒന്നാണ് രാമേശ്വരം കഫേ. മാര്‍ച്ച് രണ്ടിനാണ് ഇവിടെ സ്ഫോടനമുണ്ടായത്. ശക്തി കുറഞ്ഞ ഐഇഡിയാണ് സ്ഫോടനത്തിന് ഉപയോഗിച്ചെന്നാണ് പൊലീസ് പറഞ്ഞത്. രാമേശ്വരം കഫേയിലേക്ക് കയറി വന്ന, 10 എന്നെഴുതിയ വെള്ള തൊപ്പി ധരിച്ച, കണ്ണട വെച്ച ആളാണ് ശുചിമുറിയുടെ പുറത്ത് ബാഗ് ഉപേക്ഷിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു. റവ ഇഡലി ഓർഡർ ചെയ്ത് അത് കഴിക്കാതെ വാഷ് ഏരിയയിൽ ബാഗ് വച്ച് കടന്ന് കളഞ്ഞ പ്രതിക്ക് 30 മുതൽ 35 വയസ്സ് വരെ പ്രായമുണ്ടെന്നാണ് അന്വേഷണ സംഘം നൽകിയ വിവരം. സ്ഫോടനത്തിൽ ആര്‍ക്കും സാരമായി പരിക്കേറ്റിരുന്നില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com