'ജനങ്ങള്‍ പ്രതീക്ഷിക്കും'; അമേഠിയില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് റോബര്‍ട്ട് വാദ്ര

അമേഠി എംപി സ്മൃതി ഇറാനിയെയും റോബര്‍ട്ട് വാദ്ര കടന്നാക്രമിച്ചു.
 'ജനങ്ങള്‍ പ്രതീക്ഷിക്കും'; 
അമേഠിയില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് റോബര്‍ട്ട് വാദ്ര

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസ്സുകാരനുമായ റോബര്‍ട്ട് വാദ്ര. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നും ജനവിധി തേടാന്‍ താല്‍പര്യം പ്രകടിപ്പിച്ചാണ് റോബര്‍ട്ട് വാദ്ര രംഗത്തെത്തിയത്. താനൊരു എംപിയാകാന്‍ തീരുമാനിച്ചാല്‍ അത് അവരുടെ മണ്ഡലത്തെ പ്രതിനിധീകരിക്കുമെന്ന് അമേഠിയിലെ ജനങ്ങള്‍ പ്രതീക്ഷിക്കുമെന്നായിരുന്നു റോബര്‍ട്ടിന്റെ പ്രതികരണം.

അമേഠി എംപി സ്മൃതി ഇറാനിയെയും റോബര്‍ട്ട് വാദ്ര കടന്നാക്രമിച്ചു. ഗാന്ധി കുടുംബത്തെ ആക്രമിക്കുന്നതില്‍ മാത്രമാണ് കേന്ദ്രമന്ത്രി സ്മതി ഇറാനിയുടെ ശ്രദ്ധയെന്നും ജനങ്ങളുടെ ക്ഷേമമോ മണ്ഡലത്തിന്റെ വികസനമോ അവരെ ബാധിക്കുന്നില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

'വര്‍ഷങ്ങളായി റായ്ബറേലി, സുല്‍ത്താന്‍പൂര്‍, അമേഠി മണ്ഡലങ്ങളുടെ വികസനത്തിനായി ഗാന്ധി കുടുംബം കഠിനാധ്വാനം ചെയ്യുന്നുണ്ട്. പക്ഷെ, നിലവിലെ എംപിയെ കൊണ്ട് അമേഠിയിലെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. അവരെ തിരഞ്ഞെടുത്തതിലൂടെ അബദ്ധം പിണഞ്ഞെന്ന് ജനം മനസ്സിലാക്കുന്നു' എന്നും റോബര്‍ട്ട് വാദ്ര പറഞ്ഞു.

'അമേഠിയിലെ ജനങ്ങള്‍ക്ക് തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് തോന്നുമ്പോള്‍, ഗാന്ധി കുടുംബം തിരിച്ചുവരണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് എന്നെ വേണമെങ്കില്‍ അവര്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കും' എന്നും റോബര്‍ട്ട് വാദ്ര കൂട്ടിച്ചേര്‍ത്തു. 2022 ഏപ്രിലിലും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകള്‍ റോബര്‍ട്ട് വാദ്ര നല്‍കിയിരുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ രാഷ്ട്രീയത്തിലേക്ക് വരാമെന്നായിരുന്നു അന്നും പ്രതികരിച്ചത്.

2019 ലെ പൊതു തിരഞ്ഞെടുപ്പ് ഘട്ടത്തിലും റോബര്‍ട്ട് വാദ്രയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു, എന്നാല്‍ തനിക്കെതിരായ അഴിമതിക്കേസ് നിന്നും വിമുക്തനാകുന്നതുവരെ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലായെന്നായിരുന്നു പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com