രാജ്യത്ത് ഏറ്റവും കുറച്ച് വോട്ടർമാരുള്ള ലോക്സഭ മണ്ഡലം; ദ്വീപിൽ ഇക്കുറി ആര് കാലുറപ്പിക്കും ?

പേരിൽ ലക്ഷമുണ്ടെങ്കിലും ഒരു ലക്ഷം പോലും വോട്ടർമാരില്ലാത്ത ലോകസഭ മണ്ഡലമാണ് ലക്ഷദ്വീപ്, ഏറ്റവും പുതിയ കണക്ക് പ്രകാരം 57 ,784 പേർക്കാണ് വോട്ടുള്ളത്
രാജ്യത്ത് ഏറ്റവും കുറച്ച് വോട്ടർമാരുള്ള ലോക്സഭ മണ്ഡലം;  ദ്വീപിൽ ഇക്കുറി ആര്  കാലുറപ്പിക്കും ?

കവരത്തി : പേരിൽ ലക്ഷമുണ്ടെങ്കിലും ഒരു ലക്ഷം പോലും വോട്ടർമാരില്ലാത്ത ലോക്സഭ മണ്ഡലമാണ് ലക്ഷദ്വീപ്. രാജ്യത്തെ പല മണ്ഡലങ്ങളിലും അഞ്ചുലക്ഷത്തിനും അതിൽ കൂടുതലും ഭൂരിപക്ഷത്തിന് പല സ്ഥാനാർത്ഥികളും ജയിച്ച് കയറുമ്പോൾ ലക്ഷദ്വീപിൽ എല്ലാ തവണയും ഭൂരിപക്ഷം ആയിരത്തിന് താഴെ മാത്രമാകും. അര ലക്ഷത്തോളം വോട്ടർമാരുള്ള മണ്ഡലത്തിൽ ഭൂരിപക്ഷം ഒരിക്കലും ലക്ഷം കടക്കിലല്ലോ ?

ഏറ്റവും പുതിയ കണക്ക് പ്രകാരം 57 , 784 പേർക്കാണ് വോട്ടുള്ളത്. അതിൽ പലരും ജോലി ആവശ്യത്തിനും പഠനത്തിനുമായി പുറത്തായിരിക്കും. വോട്ട് ചെയ്യുന്നത് അമ്പതിനായിരത്തിൽ താഴെ വോട്ടർമാർ മാത്രമായിരിക്കും. കപ്പലുകളുടെ എണ്ണം കുറഞ്ഞ പുതിയ സാഹചര്യത്തിൽ പോളിങ് ഇത്തവണ ഗണ്യമായി കുറയുമെന്നുള്ള വിലയിരുത്തലുമുണ്ട്.

ഏപ്രിൽ 19 ആദ്യ ഘട്ടത്തിലാണ് ലക്ഷദ്വീപിൽ ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ എംപിയായ എൻസിപിയുടെ മുഹമ്മദ് ഫൈസലും കോൺഗ്രസിന്റെ ഹംദുല്ല സെയ്തും തമ്മിലാണ് പ്രധാന മത്സരം. ഏറെക്കാലം തങ്ങളുടെ പക്കലുണ്ടായിരുന്ന സീറ്റ് തിരിച്ചുപിടിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. മുഹമ്മദ് ഫൈസലിനെതിരെ നിലനിൽക്കുന്ന ക്രിമിനൽ കേസ് കോൺഗ്രസ് ആയുധമാക്കുന്നുണ്ട്. കഴിഞ്ഞ തവണ കേസിൽ പെട്ട് കുറേക്കാലം പാർലമെന്റിൽ നിന്ന് മുഹമ്മദ് ഫൈസൽ അയോഗ്യനാക്കപെട്ടിരുന്നു. എന്നാൽ ദ്വീപിലെ ജനതയ്ക്ക് വേണ്ടി നിലനിൽക്കുന്നത് കൊണ്ട്, ദ്വീപ് ഭരിക്കുന്ന കേന്ദ്ര സർക്കാർ പഴയ കേസിന്റെ പേരിൽ തന്നെ വേട്ടയാടുകയാണെന്നാണ് ഫൈസലിന്റെ വാദം.

പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടത്തിന്റെ ജനദ്രോഹനയങ്ങളാണ് എൻസിപിയും കോൺഗ്രസും ഒരുപോലെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കുന്നത്. 1967 ൽ ലക്ഷദ്വീപിൽ തിരഞ്ഞെടുപ്പ് ആരംഭിച്ചത് മുതൽ 2004 വരെ കോൺഗ്രസിന്റെ പിഎം സയ്യിദായിരുന്നു പത്ത് തവണയും തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ 2004 ൽ ജനതാദൾ (യുണൈറ്റഡ്) പാർട്ടി സ്ഥാനാർഥി പി പൂക്കുഞ്ഞി കോയ 71 വോട്ടുകൾക്ക് സയീദിനെ പരാജയപ്പെടുത്തി. 2009 ൽ പിതാവിന് നഷ്ടപ്പെട്ട സീറ്റ് മകൻ ഹംദുല്ല തിരിച്ചു പിടിച്ചു.

എന്നാൽ 2014 ലെ തിരഞ്ഞെടുപ്പിലും 2019 ലെ തിരഞ്ഞെടുപ്പിലും ഹംദുല്ലയെ എൻസിപി സ്ഥാനാർത്ഥിയായി മത്സരിച്ച ഫൈസൽ പരാജയപ്പെടുത്തി. എന്നാൽ 2014 ൽ ഫൈസലിന്റെ ഭൂരിപക്ഷം 1535 ആയിരുന്നെങ്കിൽ 2019 ൽ അത് 825 വോട്ടായി കുറഞ്ഞു. മൂന്നാം തവണയും ഇരുവരും പരസ്പരം ഏറ്റുമുട്ടുമ്പോൾ വിജയ തുടർച്ച തുടരാൻ എൻസിപിയുടെ എംപി ഫൈസലും പഴയ കോൺഗ്രസ് പ്രതാപം തിരിച്ചു പിടിക്കാൻ ഹംദുല്ലയും കിണഞ്ഞു ശ്രമിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com