'ഞങ്ങൾ ഇനി ഇൻഡ്യ സഖ്യത്തെ പിന്തുണയ്ക്കും'; 22 നേതാക്കൾ ചിരാഗ് പാസ്വാൻ്റെ പാർട്ടി വിട്ടു

ബിഹാർ മുൻ മന്ത്രിയും ലോക് ജനശക്തി പാർട്ടി (രാം വിലാസ്) ദേശീയ ജനറൽ സെക്രട്ടറിയും രാജിവെച്ചവരിൽ ഉൾപ്പെടുന്നു.
'ഞങ്ങൾ ഇനി ഇൻഡ്യ സഖ്യത്തെ പിന്തുണയ്ക്കും'; 22 നേതാക്കൾ ചിരാഗ് പാസ്വാൻ്റെ പാർട്ടി വിട്ടു

പട്ന: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാത്തതിൽ അമർഷം പ്രകടിപ്പിച്ച് ലോക്‌ ജനശക്തി പാർട്ടിയിൽ 22 പാർട്ടി നേതാക്കൾ കൂട്ടരാജി സമർപ്പിച്ചു. മുൻ മന്ത്രി രേണു കുശ്‌വാഹ, മുൻ എംഎൽഎയും എൽജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ സതീഷ് കുമാർ, മുന്‍ മന്ത്രി രവീന്ദ്ര സിംഗ്, അജയ് കുശ്‌വാഹ, സഞ്ജയ് സിംഗ്, സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ഡാംഗി എന്നിവരും രാജിവച്ച പ്രമുഖരിൽ ഉൾപ്പെടുന്നു. നേരത്തെ എൻഡിഎ സർക്കാരിന്റെ ഭാഗമായിരുന്ന പാര്‍ട്ടിയുടെ നേതാക്കളായിരുന്ന ഇവർ ലോക സഭ തിരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തെ പിന്തുണയ്ക്കും.

പാർട്ടിയിലെ നേതാക്കളെ പരിഗണിക്കുന്നതിന് പകരം പണം വാങ്ങി പുറത്ത് നിന്നും ആളുകൾക്ക് സീറ്റ് നൽകിയതാണ് രാജിക്ക് കാരണമെന്നുള്ള വിലയിരുത്തലുമുണ്ട്. 'പുറത്തുനിന്നുള്ള ആളുകൾക്ക് പകരം പാർട്ടി പ്രവർത്തകർക്ക് ടിക്കറ്റ് നൽകണം. പാർട്ടി പണത്തിന് പകരം ടിക്കറ്റ് നൽകി, അതിനർത്ഥം കഴിവുള്ളവർ പാർട്ടിയിൽ ഇല്ല എന്നാണോ ? പാർട്ടിയിലെ ഞങ്ങളുടെ വിശ്വസ്തതയെയാണ് ചോദ്യം ചെയ്തത്.' പാർട്ടിയിൽ നിന്നുള്ള രാജിയെക്കുറിച്ച് മുൻ എംപി രേണു കുശ്വാഹ പറഞ്ഞു.

ഇനി ഇന്ത്യാ സഖ്യത്തെ പിന്തുണയ്ക്കുമെന്ന് പറഞ്ഞു മുൻ എംഎൽഎയും എൽജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ സതീഷ് കുമാറും രംഗത്തെത്തി. ചിരാഗ് പാസ്വാൻ "ടിക്കറ്റുകൾ വിറ്റു" എന്ന് പാർട്ടിയുടെ സംഘടന സെക്രട്ടറി രവീന്ദ്ര സിങ്ങും അവകാശപ്പെട്ടു. എൻഡിഎ സഖ്യത്തിന്റെ ഭാഗമായ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) ബീഹാറിലെ 40 ലോക്‌സഭാ സീറ്റുകളിൽ അഞ്ചു സീറ്റുകളിലാണ് മത്സരിക്കുന്നത് - വൈശാലി, ഹാജിപൂർ, സമസ്തിപൂർ, ഖഗാരിയ, ജാമുയി എന്നിവയാണ് ഈ അഞ്ചു മണ്ഡലങ്ങൾ.

ഏഴ് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഏപ്രിൽ 19 നും രണ്ടാം ഘട്ടം ഏപ്രിൽ 26 നും മൂന്നാം ഘട്ടം മെയ് 7 നും നാലാം ഘട്ടം മെയ് 13 നും അഞ്ചാം ഘട്ടം മെയ് 20 നും ആറാം ഘട്ടം മെയ് 25 നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com