മൂന്നാംവട്ടം ജയിലിലെത്തിയ കെജ്‌രിവാളിന് ഉറക്കമില്ലാത്ത ആദ്യദിനം; പ്രഭാത ഭക്ഷണമായി ചായയും ബ്രഡും

ഭാര്യ സുനിതയടക്കം അഞ്ചു സന്ദര്‍ശകര്‍ മാത്രം ഒരു ദിവസം ജയിലില്‍ അനുമതി
മൂന്നാംവട്ടം ജയിലിലെത്തിയ കെജ്‌രിവാളിന് ഉറക്കമില്ലാത്ത ആദ്യദിനം; പ്രഭാത ഭക്ഷണമായി ചായയും ബ്രഡും

ന്യൂഡല്‍ഹി: തീഹര്‍ ജലയിലില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഭക്ഷണമടക്കം ചിട്ടവട്ടങ്ങളെല്ലാം മറ്റു തടവുകാരുടേതു പോലെ തന്നെ. എങ്കിലും ജയിലിലെ ആദ്യദിനം കെജ്‌രിവാളിന് ഉറക്കം കുറവായിരുന്നു. സിമന്റ് തറയില്‍ വിരിച്ച കിടക്ക വിരിയിലും തലയിണയിലുമായിരുന്നു കെജ്‌രിവാളിൻ്റെ ഉറക്കം. അദ്ദേഹത്തിന്റെ തടവുമുറിയുടെ ഇരുഭാഗത്തുമുള്ള രണ്ട് സെല്ലുകളും ഒഴിച്ചിട്ടിരിക്കുകയാണ്. ഇടുങ്ങിയ മുറയിലാണ് രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ മുഖ്യമന്ത്രിയുടെ ഇനിയുള്ള രണ്ടാഴ്ച കാലത്തെ വാസം. തീഹാര്‍ ജയിലിനുള്ളില്‍ മൂന്നാം തവണയാണ് കെജ്‌രിവാള്‍ തടവുകാരനായി എത്തുന്നത്. 2012ല്‍ അണ്ണാഹസാരെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ ജയിൽവാസം.

രാവിലെ 6.30ന് പ്രഭാതഭക്ഷണമായി ചായയും കുറച്ച് ബ്രഡുമാണ് ലഭിക്കുക. പ്രഭാതകര്‍മങ്ങള്‍ക്കു ശേഷം അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താം. 10.30നും 11നും ഇടയിലാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുക. ദാല്‍, സബ്‌ജി, അഞ്ച് റൊട്ടി, അല്ലെങ്കില്‍ ചോറ് ഇതായിരിക്കും മെനു. അതിനു ശേഷം വൈകീട്ട് മൂന്നുമണിവരെ സെല്ലില്‍ കഴിയണം. വൈകീട്ട് 3.30ന് ഒരു കപ്പ് ചായയും രണ്ട് ബിസ്‌ക്റ്റും നല്‍കും. ആവശ്യമെങ്കില്‍ വൈകീട്ട് നാലുമണിക്ക് അഭിഭാഷകരുമായി വീണ്ടും കൂടിക്കാഴ്ച നടത്താം. മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തിങ്കളാഴ്ചയാണ് സുപ്രീംകോടതി 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഏപ്രില്‍ 15 വരെ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലായിരിക്കും അദ്ദേഹം. ജയില്‍ നമ്പര്‍ 2 വാണ് അദ്ദേഹത്തിന് വേണ്ടി ഒരുക്കിയത്.

വായിക്കാന്‍ രാമയണവും ഭഗവത്ഗീതയും

കെജ്‌രിവാൾ ആവശ്യപ്പെട്ടതനുസരിച്ച് തടവറയില്‍ വായിക്കാന്‍ രാമായണവും ഭഗവത്ഗീതയും കോടതി അനുവദിച്ചിരുന്നു. വായിക്കുന്നതിനായി കണ്ണട കൂടെ കരുതാനും കോടതി അനുമതി നല്‍കി. ഇതിനുപുറമെ മരുന്ന്, കസേര, മേശ, എഴുതാന്‍ നോട്ട്പാഡ്, പേന എന്നിയും അനുവദിച്ചു. വീട്ടില്‍ നിന്നുള്ള തലയിണയും കിടക്ക വിരിയും ഉപയോഗിക്കാം. പ്രമേഹ രോഗിയായതിനാല്‍ ആരോഗ്യനില മെച്ചപ്പെടുന്നതുവരെ വീട്ടില്‍നിന്നും എത്തിക്കുന്ന ഭക്ഷണിനും താല്‍കാലികമായി ജയിലിലേക്ക് അനുമതിയുണ്ട്. വാര്‍ത്താ ചാനല്‍ കാണാനുള്ള സൗകര്യം ഒരുക്കും.

ഭാര്യ സുനിതയടക്കം അഞ്ചു സന്ദര്‍ശകര്‍ മാത്രം

ഭാര്യ സുനിതയും മക്കളുമടക്കം അഞ്ചു സന്ദര്‍ശകര്‍ക്കുമാത്രമാണ് ഒരു ദിവസം കെജ്‌രിവാളിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുമതി. ഇവരെ കൂടാതെ പ്രൈവറ്റ് സെക്രട്ടറി വൈഭവ് കുമാര്‍, ആപ്പ് ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് എംപി എന്നിവര്‍ക്കും ജയിലിലെത്തി കാണാം. സാധാരണ തടവുകാരെ അകത്തേക്കു കടത്തി വിടുമ്പോള്‍ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളടക്കം സകല വസ്തുക്കളും വാങ്ങി ജയില്‍ ലോക്കറില്‍ വെക്കും. എന്നാല്‍ കെജ്‌രിവാളിന്റെ അഭ്യര്‍ഥന പ്രകാരം ഹനുമാന്റെ ലോക്കറ്റ് പതിച്ച മാല കഴുത്തിലണിയാന്‍ അനുമതി നല്‍കി.

സഹപ്രവര്‍ത്തകരും ഇതേ ജയിലറകളില്‍

കെജ്‌രിവാളിന്റെ സുഹൃത്തും ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ ജയില്‍ നമ്പര്‍ ഒന്നിലും മുന്‍ ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ ജയില്‍ നമ്പര്‍ ഏഴിലും രാജ്യസഭാ എം.പി സഞ്ജയ് സിങ് ജയില്‍ നമ്പര്‍ അഞ്ചിലുമാണ് കഴിയുന്നത്. ഭാരത് രാഷ്ട്രസമിതി നേതാവ് കെ. കവിതയും ഇതേ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. വനിത തടവുകാര്‍ കഴിയുന്ന ആറാം നമ്പര്‍ സെല്ലിലാണ് കവിത. രണ്ടാം നമ്പര്‍ ജയിലില്‍ കൊടും കുറ്റവാളികളായ ചോട്ടാരാജന്‍, നീരജ് ബവാന, നവീന്‍ ബാവലി എന്നിവരും തടവുകാരാണ്.

ജയിലില്‍ സെഡ് പ്ലസ് സുരക്ഷ

ജയിലിനകത്തെ ക്ലിനികില്‍ വൈദ്യ പരിശോധനക്ക് ശേഷമാണ് അദ്ദേഹത്തെ സെല്ലിനകത്തേക്ക് കയറ്റിയത്. തടവറ 24 മണിക്കൂറും സിസി ടിവി നീരീക്ഷണത്തിലാണ്. സെഡ് പ്ലസ് സുരക്ഷയുള്ള ജയിലിന് പുറത്ത് നാല് സുരക്ഷ ഉദ്യോഗസ്ഥര്‍ മുഴവന്‍ സമയ കാവലുണ്ടാകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com