Fact Check: ഇന്‍ഡ്യ റാലിക്കെത്തിയ ജനസാഗരം; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് വാസ്തവമോ?

ഈ ചിത്രം ഇന്‍ഡ്യ റാലിയില്‍ നിന്നുള്ളതാണോ? പരിശോധിക്കാം
Fact Check: ഇന്‍ഡ്യ റാലിക്കെത്തിയ ജനസാഗരം; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് വാസ്തവമോ?

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസമാണ് ഇന്‍ഡ്യ മുന്നണിയുടെ മഹാറാലി ഡല്‍ഹിയില്‍ നടന്നത്. ലോക്തന്ത്ര ബചാവോ എന്ന പേരിലാണ് റാലി സംഘടിപ്പിച്ചത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്ത റാലി കേന്ദ്രത്തിനെതിരായ ശക്തി പ്രകടനം കൂടിയായി മാറിയിരുന്നു.

മാര്‍ച്ച് 31നായിരുന്നു റാലി നടന്നത്. ഇതിന് പിന്നാലെയാണ് ഇന്‍ഡ്യ മഹാറാലിക്കിടെ പകര്‍ത്തിയത് എന്ന പേരില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. റാലിയിലെ ജനസാഗരം എന്ന പേരിലായിരുന്നു എക്‌സ് പ്ലാറ്റ്‌ഫോമില്‍ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ ചിത്രം ശരിക്കും ഇന്‍ഡ്യ റാലിയില്‍ നിന്നുള്ളതാണോ? പരിശോധിക്കാം;

പ്രചാരണം

റാലി നടന്ന മാര്‍ച്ച് 31ന് തന്നെയാണ് ചിത്രം എക്‌സില്‍ പ്രത്യക്ഷപ്പെട്ടത്. റാം ലീല മൈതാനിയില്‍ നടന്ന ഇന്‍ഡ്യ മുന്നണിയുടെ 'ലോക്തന്ത്ര ബച്ചാവോ' റാലിയില്‍ പങ്കെടുക്കാനെത്തിയ ജനക്കൂട്ടം എന്നപേരിലാണ് ചിത്രം പ്രചരിച്ചത്. 'ഗോദി മീഡിയ' ഈ ചിത്രങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കില്ലെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.

വാസ്തവം

പ്രചരിക്കുന്ന ചിത്രം ഇന്‍ഡ്യ റാലിയില്‍ നിന്നുള്ളതല്ലെന്നാണ് പിടിഐയുടെ ഫാക്ട് ചെക്കിങ് വിഭാഗം നടത്തിയ പരിശോധനയില്‍ വ്യക്തമായത്. ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ചുള്ള സെര്‍ച്ചില്‍ ഈ ചിത്രം മുമ്പും പലതവണ പ്രചരിപ്പിക്കപ്പെട്ടതായി വ്യക്തമായി. യഥാര്‍ത്ഥത്തില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ബംഗാളിലെ കൊല്‍ക്കത്തയില്‍ നടന്ന ഒരു റാലിയില്‍ നിന്നുള്ള ചിത്രമാണിത്. ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് അന്ന് റാലി സംഘടിപ്പിച്ചത്.

തൃണമൂല്‍ സര്‍ക്കാരിനെയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെയും പുറത്താക്കണമെന്ന ആഹ്വാനം അന്ന് യോഗത്തില്‍ ഉയര്‍ന്നിരുന്നു. 'അണികള്‍ ചെങ്കടലായപ്പോള്‍' എന്ന പേരില്‍ പീപ്പിള്‍സ് ഡെമോക്രസി 2019 ഫെബ്രുവരി 10ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സിപിഐഎം വെസ്റ്റ് ബംഗാള്‍ സംസ്ഥാന കമ്മിറ്റി ഈ ചിത്രം 2020ലും ഷെയര്‍ ചെയ്തിട്ടുണ്ട്. പുഷ്പങ്ങളെല്ലാം നശിപ്പിച്ചാലും വരാനിരിക്കുന്ന വസന്തകാലത്തെ തടയാനാകില്ലെന്ന അടിക്കുറിപ്പിലാണ് അന്ന് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. മാത്രമല്ല പിന്നീട് പലപ്പോഴായി ഈ ചിത്രം ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

നിഗമനം

മാര്‍ച്ച് 31 നടന്ന ഇന്‍ഡ്യ ബ്ലോക്കിന്റെ റാലിയുടേതെന്ന പേരില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ ചിത്രമാണ്. പഴയതും ഇന്‍ഡ്യ മഹാറാലിയുമായി ബന്ധമില്ലാത്തതുമായ ചിത്രമാണ് തെറ്റായ അവകാശവാദവുമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

Fact Check: ഇന്‍ഡ്യ റാലിക്കെത്തിയ ജനസാഗരം; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് വാസ്തവമോ?
ബിജെപിയിലേക്ക് ക്ഷണിച്ചു, ചേര്‍ന്നില്ലെങ്കില്‍ ഇഡി വരുമെന്ന് ഭീഷണിപ്പെടുത്തി: അതിഷി മര്‍ലേന

Related Stories

No stories found.
logo
Reporter Live
www.reporterlive.com