'ക്ഷമിക്കണം ചേച്ചീ, ഞാൻ പോകുന്നു'; ലൈംഗികപീഡനം, ചിത്രം പകർത്തി ഭീഷണി, പെൺകുട്ടി ജീവനൊടുക്കി

''എന്നെ ഉപദ്രവിച്ചവർ എന്റെ ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തുന്നുണ്ട്. ഇതേ അനുഭവമുള്ള മറ്റ് പെൺകുട്ടികളുമുണ്ട്... ഞങ്ങൾ ഇതിനിടയിൽ കുടുങ്ങി''
'ക്ഷമിക്കണം ചേച്ചീ, ഞാൻ പോകുന്നു'; ലൈംഗികപീഡനം, ചിത്രം പകർത്തി ഭീഷണി, പെൺകുട്ടി ജീവനൊടുക്കി

വിശാഖപട്ടണം: ലൈംഗിക പീഡനം നേരിട്ടുവെന്നും പരാതിപ്പെടാൻ നിവൃത്തിയില്ലെന്നും കുടുംബത്തെ അറിയിച്ച് വിദ്യാർത്ഥിനി ജീവനൊടുക്കി. കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. തനിക്ക് നേരിട്ട അനുഭവം വിവരിച്ച് ആത്മഹത്യാകുറിപ്പെഴുതി വച്ചാണ് പെൺകുട്ടി ജീവനൊടുക്കിയത്. താൻ ലൈംഗികാതിക്രമം നേരിട്ടുവെന്നും തന്നെ ഉപദ്രവിച്ചവർ ആ ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെന്നും പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

സംഭവം പുറംലോകമറിഞ്ഞാൽ തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്നാണ് അവർ ഭീഷണിപ്പെടുത്തുന്നത്. അതിനാൽ തനിക്ക് കോളേജ് അധികൃതർക്ക് പരാതി നൽകാൻ കഴിയില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. സഹോദരിയോട് മാപ്പ് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. ക്ഷമിക്കണം ചേച്ചീ , എനിക്ക് പോകണം എന്നാണ് കുറിപ്പിലെഴുതിയിരിക്കുന്നത്.

ആന്ധ്രാപ്രദേശിലെ അനക്കപ്പല്ലെ സ്വദേശിയായ 17കാരി വിശാഖപട്ടണത്തെ ഒരു പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥിയാണ്. മകളെ കാണാനില്ലെന്ന് കോളേജ് അധികൃതർ കുടുംബത്തെ അറിയിച്ചിരുന്നു. പിന്നാലെ മകളെ വിളിച്ചിട്ട് ഫോണിൽ കിട്ടാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പുലർച്ചെ 12.50 ഓടെ പേടിക്കേണ്ട എന്ന സന്ദേശം പെൺകുട്ടിയിൽ നിന്ന് ലഭിച്ചു.

'പേടിക്കേണ്ട, പറയുന്നത് കേൾക്കൂ, ഞാൻ പോകുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് നിങ്ങളോട് പറയാനാകില്ല. ഞാൻ പറഞ്ഞാലും നിങ്ങൾക്ക് മനസ്സിലാകില്ല. എന്നെക്കുറിച്ച് മറന്നേക്കൂ. എന്നോട് ക്ഷമിക്കണം. അമ്മേ, അച്ഛാ, എനിക്ക് ജന്മം നൽകിയതിനും എന്നെ വളർത്തി വലുതാക്കിയതിന് ഞാൻ നന്ദിയുള്ളവളാണ്. എന്റെ അധ്യായം ഇവിടെ അവസാനിക്കുകയാണ്' - പെൺകുട്ടി എഴുതി.

കുറിപ്പിൽ, അമ്മയാകാൻ പോകുന്ന മുതിർന്ന സഹോദരിയെ അഭിനന്ദിക്കുകയും ഇളയ സഹോദരിയെ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. 'ഭാവിയിലേക്ക് ശ്രദ്ധിക്കണം. ഇഷ്ടമുള്ളത് പഠിക്കണം. ശ്രദ്ധ പോകരുത്. എന്നെ പോലെ, മറ്റുള്ളവരാൽ സ്വാധീനിക്കപ്പെടരുത്. എപ്പോഴും സന്തോഷമായിരിക്കണം. നല്ല ജീവിതം ഉണ്ടാകട്ടെ' - എന്നും അവൾ ഇളയ സഹോദരിക്കായി കുറിച്ചു.

അച്ഛനെ അഭിസംബോധന ചെയ്താണ് അവൾ താൻ നേരിട്ട ക്രൂരത പെൺകുട്ടി തുറന്നുപറയുന്നത്. 'എന്തുകൊണ്ട് ഞാൻ അധികൃതരോട് പരാതിപ്പെട്ടില്ലെന്ന് അച്ഛൻ ചോദിക്കാം. അതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ല. എന്നെ ഉപദ്രവിച്ചവർ എന്റെ ചിത്രങ്ങളെടുത്ത് എന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇതേ അനുഭവമുള്ള മറ്റ് പെൺകുട്ടികളുമുണ്ട്. ഞങ്ങൾക്ക് ആരോടും പറയാൻ കഴിയില്ല, കോളേജ് ഒഴിവാക്കാനും ഞങ്ങൾക്ക് കഴിയില്ല. ഞങ്ങൾ അതിനിടയിൽ കുടുങ്ങി. ഞാൻ പൊലീസിൽ പരാതി നൽകുകയോ അധികാരികളെ സമീപിക്കുകയോ ചെയ്താൽ, അവർ എൻ്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യും. ഇപ്പോൾ നിങ്ങൾക്ക് വിഷമം തോന്നും. പക്ഷേ കുറച്ച് കാലം കഴിഞ്ഞാൽ നിങ്ങൾ ഇതെല്ലാം മറക്കും. പക്ഷേ ഞാൻ ഒപ്പമുണ്ടെങ്കിൽ, എന്നെ ഓർത്ത് നിങ്ങൾക്ക് എപ്പോഴും വിഷമമായിരിക്കും'; എന്നും അവസാനമായി അവൾ പറഞ്ഞു.

ഉടൻ പൊലീസിനെ അറിയിച്ച കുടുംബം മകളോട് ആത്മഹത്യ ചെയ്യരുതെന്ന് ഫോണിലൂടെ അപേക്ഷിച്ചുകൊണ്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. സന്ദേശമയച്ച ശേഷം പെൺകുട്ടി ഫോണിൽ ബന്ധപ്പെട്ടില്ല. പിന്നീട് അവളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. തന്റെ മകൾ പഠിക്കാൻ മിടുക്കിയായിരുന്നുവെന്നും അവൾക്ക് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നും ആ പിതാവ് ആവശ്യപ്പെട്ടു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com