ജയില്‍ നിന്നിറങ്ങി ദിവസങ്ങള്‍കഴിഞ്ഞില്ല; എല്‍വിഷ് വീണ്ടും വെട്ടില്‍; കേസ്

ജയില്‍ നിന്നിറങ്ങി ദിവസങ്ങള്‍കഴിഞ്ഞില്ല; എല്‍വിഷ് വീണ്ടും വെട്ടില്‍; കേസ്

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമവും വന്യജീവി സംരക്ഷണ നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

ഗുരുഗ്രാം: ജയില്‍ നിന്നും പുറത്തിറങ്ങി ദിവസങ്ങള്‍ കഴിയും മുമ്പ് വീണ്ടും വെട്ടിലായി യൂട്യൂബര്‍ എല്‍വിഷ് യാദവ്. '32 ബോര്‍' എന്ന പാട്ടിന്റെ ഷൂട്ടിംഗിനിടെ നിയമവിരുദ്ധമായി പാമ്പിനെ ഉപയോഗിച്ചുവെന്നും അസഭ്യപ്രയോഗം നടത്തിയെന്നുമാണ് കേസ്. ഐപിസി സെഷന്‍ 294 പ്രകാരം ബഡ്ഷപൂര്‍ പൊലീസാണ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമവും വന്യജീവി സംരക്ഷണ നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

കൂടുതല്‍ അന്വേഷണത്തിനായി എല്‍വിഷിനും ഗായകനായ ഫാസില്‍ പുരിയക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിന് പുറമെ ഷൂട്ടിംഗ് റെക്കോര്‍ഡുകള്‍ പരിശോധിച്ചുവരികയാണ്.1972ലെ വന്യജീവിസംരക്ഷണ നിയമ പ്രകാരം നിരോധിച്ചിട്ടുള്ള വിവിധ പാമ്പുകളെ എല്‍വിഷ് യാദവും മറ്റ് 50 പേരും ഉപയോഗിക്കുന്നതായി ഇന്റര്‍നെറ്റില്‍ വൈറലായ ഒരു വീഡിയോയില്‍ പറയുന്നുണ്ടെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച വീഡിയോയും പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രസ്തുത വീഡിയോ ഗുഡ്ഗാവ് മാളില്‍ ചിത്രീകരിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു.

നിശാ പാര്‍ട്ടിയില്‍ പാമ്പിന്റെ വിഷം ഉപയോഗിച്ചതുമായി ബന്ധപ്പെട്ടായിരുന്നു നേരത്തെ എല്‍വിഷ് യാദവിനെ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ യാദവിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.

യാദവിന് പുറമെ പാമ്പിന്‍ വിഷം സംഘടിപ്പിച്ചതിന് അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തിരുന്നു. ഉന്മേഷം നല്‍കുന്നതിനെന്ന പേരില്‍ പാര്‍ട്ടികളില്‍ കഴിഞ്ഞ വര്‍ഷം പാമ്പിന്‍ വിഷം ഉപയോഗിച്ചതിനെതിരെയായിരുന്നു പൊലീസ് കേസെടുത്തത്. ബിജെപി നേതാവ് മനേകാ ഗാന്ധിയുടെ കീഴിലുള്ള മൃഗസംരക്ഷണ സംഘം വ്യാജപേരില്‍ യാദവിനെ ബന്ധപ്പെടുകയും പാമ്പിന്‍ വിഷം ആവശ്യപ്പെടുകയും ചെയ്തു. ഇവര്‍ യാദവില്‍ നിന്ന് ലഭിച്ച നമ്പറില്‍ ബന്ധപ്പെടുകയും തുടര്‍ന്ന് കണ്ടെത്തുകയും ചെയ്തത് നാല് പാമ്പുപിടുത്തക്കാരെയാണ്. ഇവരുടെ കയ്യില്‍ ഒമ്പത് പാമ്പുകളും വിഷവും ഉണ്ടായിരുന്നു. ഇതില്‍ അഞ്ച് രാജവെമ്പാലയും 20 മില്ലി ലിറ്റര്‍ വിഷവുമുണ്ടായിരുന്നു. ഉടന്‍ പൊലീസ് എത്തുകയും ഇവരെ പിടികൂടുകയും ചെയ്തു. വലിയ റാക്കറ്റിനെയാണ് ഇതുവഴി പിടികൂടാനായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com