പങ്കാളികൾ ഇ ഡി കുരുക്കിൽ തടവിൽ; പരസ്പരം കണ്ടുമുട്ടി ആശ്ലേഷിച്ച് സുനിത കെജ്‌രിവാളും കൽപ്പന സോറനും

ഡൽഹിയിലെ കെജ്‌രിവാളിൻ്റെ വസതിയിൽ വെച്ചാണ് ഇരുവരും കൂടി കാഴ്ച നടത്തിയത്
പങ്കാളികൾ ഇ ഡി കുരുക്കിൽ തടവിൽ; പരസ്പരം കണ്ടുമുട്ടി ആശ്ലേഷിച്ച് സുനിത കെജ്‌രിവാളും കൽപ്പന സോറനും

ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഭാര്യയെ സന്ദർശിച്ച് കൽപ്പന സോറൻ. ഭൂമി തട്ടിപ്പ് കേസിൽ ആരോപണവിധേയനായി ജയിലിൽ കഴിയുന്ന ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറയുടെ ഭാര്യയാണ് കൽപ്പന സോറൻ. ഡൽഹിയിലെ കെജ്‌രിവാളിൻ്റെ വസതിയിൽ വെച്ചാണ് ഇരുവരും കൂടി കാഴ്ച നടത്തിയത്. സുനിത കെജ്‌രിവാളിന് കൽപ്പന സോറൻ ഐക്യദാർഢ്യം അറിയിച്ചു. ഇരുവരുടെയും കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഒരു സുഹൃത്ത് എന്ന നിലയിൽ അവരുടെ പ്രശ്‌നങ്ങൾ തനിക്ക് മനസ്സിലാകുമെന്നാണ് കൽപ്പന സോറൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും എക്സിൽ കൽപ്പന സോറൻ കുറിച്ചു. 'ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു സാധാരണ സംഭവമല്ല. ഈ പ്രതിസന്ധി ഘട്ടത്തിൽ ഹേമന്ത് സോറൻ്റെ നേതൃത്വത്തിൽ ജാർഖണ്ഡ് മുഴുവൻ കെജ്‌രിവാളിനൊപ്പം നിൽക്കുന്നു. ഇന്ത്യ തലകുനിക്കില്ല' കൽപന സോറൻ എക്‌സിൽ കുറിച്ചു.

'ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഗവൺമെൻ്റുകളെ നയിക്കുന്ന രണ്ടു പേരെ കേന്ദ്ര ഏജൻസികളുടെ ക്രൂരമായ അധികാരം ഉപയോഗിച്ച് തടവിലാക്കി. ഭർത്താക്കന്മാർക്കൊപ്പം നിലകൊള്ളുന്ന ശക്തരായ രണ്ട് സ്ത്രീകളുടെ ഈ വീഡിയോ കാണുമ്പോൾ ബിജെപി ഭയപ്പെടണം. ഇരുവരുടെയും മനോധൈര്യത്തെ അഭിവാദ്യം ചെയ്യുന്നുവെന്ന് ഡൽഹി മന്ത്രി അതിഷി മെർലേന എക്സിൽ കുറിച്ചു.

ജാർഖണ്ഡ് മുൻമുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറൻ്റെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെയും അറസ്റ്റിൽ സമാനതകളുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡ് നടത്തിയായിരുന്നു എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സോറനെ അറസ്റ്റ് ചെയ്യാൻ തുനിഞ്ഞത്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയതിൽ ഒപ്പിടാൻ സോറൻ തയ്യാറായില്ല. ഇതിനെ പിന്നാലെ ഇഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഗവർണറുടെ വസതിയിലെത്തി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്താൻ സോറൻ അനുമതി നൽകിയത്. സമാനമായ നിലയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ നടത്തിയ റെഡ്ഡിന് ശേഷമായിരുന്നു ഇ ഡി കെജ്‌രിവാളിൻ്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്നും ജയിലിൽ നിന്നും ഭരിക്കുമെന്നുമായിരുന്നുകെജ്‌രിവാളിൻ്റെയും ആം ആദ്മി പാർട്ടിയുടെ നിലപാട്.

ഈ വർഷം ഫെബ്രുവരിയിൽ അറസ്റ്റിലായി ഹേമന്ത് സോറൻ്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഏപ്രിൽ നാലു വരെ പ്രത്യേക പിഎംഎൽഎ കോടതി നീട്ടിയിരുന്നു. അരവിന്ദ് കെജ്‌രിവാളിൻ്റെ ഇഡി റിമാൻഡ് ഡൽഹി റോസ് അവന്യൂ കോടതി ഏപ്രിൽ ഒന്ന് വരെ നീട്ടിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com