ബിജെപിക്കെതിരെ സ്വതന്ത്രനായി ബിജെപി എംഎല്‍എ; വേണമെങ്കില്‍ നടപടിയാകാമെന്ന് പ്രതികരണം

അതേസമയം പാര്‍ട്ടി നേതൃത്വത്തിനെതിരെ കലഹിച്ച് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശര്‍മ, ബിജെപി അംഗത്വം ഉപേക്ഷിക്കില്ലെന്നും പറഞ്ഞു.
ബിജെപിക്കെതിരെ സ്വതന്ത്രനായി ബിജെപി എംഎല്‍എ; വേണമെങ്കില്‍ നടപടിയാകാമെന്ന് പ്രതികരണം

ന്യൂഡല്‍ഹി: ഡാര്‍ജിലിങില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ബിജെപി എംഎല്‍എ. ബിഷ്ണു പ്രസാദ് ശര്‍മയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി ശനിയാഴ്ച്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡാര്‍ജിലിങില്‍ മണ്ഡലത്തില്‍ നിന്നുള്ളയാളെ തന്നെ മത്സരിപ്പിക്കണമെന്ന് ബിഷ്ണു പ്രസാദ് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജു ബിസ്തയെയാണ് ബിജെപി പരിഗണിച്ചത്. തുടര്‍ന്നാണ് ബിഷ്ണു പ്രസാദ് ശര്‍മ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച ബിഷ്ണു പ്രസാദ് ബിജെപി സ്ഥാനാര്‍ത്ഥി രാജു ബിസ്ത മണ്ഡലത്തില്‍ അന്യന്‍ ആണെന്നും പ്രതികരിച്ചിരുന്നു. രാജു ബിസ്തയുമായി വ്യക്തിവിരോധമില്ല, ഡാര്‍ജിലിങില്‍ പുറത്ത് നിന്നൊരാള്‍ മത്സരിക്കുന്നതിനെയാണ് എതിര്‍ത്തത്. ഈ മണ്ണിന്റെ മകനെയാണ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തേണ്ടത് എന്നും ശര്‍മ പ്രതികരിച്ചു.

അതേസമയം പാര്‍ട്ടി നേതൃത്വത്തിനെതിരെ കലഹിച്ച് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശര്‍മ, ബിജെപി അംഗത്വം ഉപേക്ഷിക്കില്ലെന്നും പറഞ്ഞു. പാര്‍ട്ടി തനിക്കെതിരെ നടപടിയെടുത്താല്‍ പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷത്തിന് വിജയിച്ച രാജു ബിസ്തയുടെ സ്ഥാനാര്‍ത്ഥിത്വം അഞ്ചാം പട്ടികയിലാണ് ബിജെപി പ്രഖ്യാപിച്ചത്.

അതിനിടെ ബിജെപിയുടെ എട്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പാര്‍ട്ടി വിട്ടെത്തിയവര്‍ക്ക് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കികൊണ്ടാണ് ബിജെപിയുടെ എട്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്. ഒഡീഷ, ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ പതിനൊന്ന് മണ്ഡലങ്ങളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com