ബീഹാറിൽ പ്രതിപക്ഷ സഖ്യത്തിന്റെ സീറ്റ് വിഭജനത്തിന് അന്തിമ രൂപം, സീറ്റ് വിഭജനം ഇങ്ങനെ

സംസ്ഥാനത്തെ മൊത്തം സീറ്റുകളിൽ 26 സീറ്റിൽ ആർജെഡിയും 9 സീറ്റുകളിൽ കോൺഗ്രസ്സും 3 സീറ്റിൽ സിപിഐ (എംഎൽ) യും ഓരോ സീറ്റിൽ സിപിഐയും സിപിഐഎമ്മും മത്സരിക്കും
ബീഹാറിൽ പ്രതിപക്ഷ സഖ്യത്തിന്റെ സീറ്റ് വിഭജനത്തിന് അന്തിമ രൂപം,
സീറ്റ് വിഭജനം ഇങ്ങനെ

പട്ന : സംസ്ഥാനത്തെ പ്രതിപക്ഷ സഖ്യത്തിന്റെ സീറ്റ് വിഭജനത്തിന് അന്തിമ ധാരണയായി. ആർജെഡി, കോൺഗ്രസ്, സിപിഐഎംഎൽ സിപിഐ, സിപിഐഎം തുടങ്ങി പാർട്ടികളാണ് മഹാഗത്ബന്ധൻ എന്ന പേരിലുള്ള പ്രതിപക്ഷ സഖ്യത്തിലുള്ളത്. സംസ്ഥാനത്തെ മൊത്തം സീറ്റുകളിൽ 26 സീറ്റിൽ ആർജെഡിയും 9 സീറ്റുകളിൽ കോൺഗ്രസ്സും 3 സീറ്റിൽ സിപിഐഎംഎല്ലും ഓരോ സീറ്റിൽ സിപിഐയും സിപിഐഎമ്മും മത്സരിക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചതിന് പിന്നാലെയാണ് മഹാഗഡ്ബന്ധൻ്റെ സീറ്റ് വിഭജന പ്രഖ്യാപനം. ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന നാല് സീറ്റുകളിലും ആർജെഡി തങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്തി. സഖ്യത്തിലെ മറ്റ് പാർട്ടികളിൽ ഇത് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. മഹാഗഡ്ബന്ധൻ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ ആർജെഡി നേതാവ് തേജസ്വി യാദവ് പങ്കെടുത്തില്ല. വ്യക്തിപരമായ കാരണങ്ങളാണ് എന്നാണ് വിശദീകരണം.

സീറ്റ് വിഭജനം പൂർത്തിയായതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് മഹാഗഡ്ബന്ധൻ്റെ സഖ്യനേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. സിപിഐയും സിപിഐഎമ്മും യഥാക്രമം ബെഗുസരായിലേക്കും ഖഗാരിയയിലേക്കും തങ്ങളുടെ സ്ഥാനാർഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നേരത്തെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് ബിഹാറിൽ ഇന്ത്യാ സഖ്യത്തിലെ പാർട്ടികൾ തമ്മിൽ വലിയ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. കോൺഗ്രസ് നേതാവ് മുകുൾ വാസ്‌നിക്കിന്റെ നേതൃത്വത്തിലാണ് ബിഹാറിലെ സീറ്റ് വിഭജന ഫോർമുലക്ക് അന്തിമ രൂപമായത്. ഏപ്രിൽ 19നാണ് ബിഹാറിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com