ബിജെപിയെ രാഹുല്‍ ഗാന്ധി പ്രശംസിച്ചു! വെെറലാകുന്ന പ്രസംഗത്തിലെ വാസ്തവമെന്ത്?

ഭാരത് ജോഡോ ന്യായ് യാത്രയില്‍ മധ്യപ്രദേശിലെ മൊറേനയില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും അടര്‍ത്തി മാറ്റിയതാണ് ഈ വീഡിയോ എന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.
ബിജെപിയെ രാഹുല്‍ ഗാന്ധി പ്രശംസിച്ചു! വെെറലാകുന്ന പ്രസംഗത്തിലെ വാസ്തവമെന്ത്?

ന്യൂഡല്‍ഹി: ബിജെപിയെ പ്രശംസിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി മതത്തിന്റെയും ജാതിയുടെയും പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്നും, ബിജെപി രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുകയാണെന്നും രാഹുല്‍ പ്രസംഗിക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയുടെ ഉള്ളടക്കം. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം ഇതാണെന്നും രാഹുല്‍ ഗാന്ധി തന്റെ പാര്‍ട്ടിയുടെ മുഖം വെളിപ്പെടുത്തിയെന്നും വിമര്‍ശനം ശക്തമായി. എന്നാല്‍ പ്രചരിക്കുന്ന പ്രചരിക്കുന്ന വീഡിയോയില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? രാഹുല്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടേ? പരിശോധിക്കാം.

'ഒരു വശത്ത്, ബിജെപിക്കാര്‍ എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നു, മറുവശത്ത്, കോണ്‍ഗ്രസ് പാര്‍ട്ടി ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തെയും ഒരു ജാതിയില്‍ നിന്ന് മറ്റൊരു ജാതിയെയും വേര്‍തിരിക്കുന്നു.' എന്നാണ് പ്രചരിക്കുന്ന വീഡിയോയില്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍.

ഭാരത് ജോഡോ ന്യായ് യാത്രയില്‍ മധ്യപ്രദേശിലെ മൊറേനയില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും അടര്‍ത്തി മാറ്റിയതാണ് ഈ വീഡിയോ എന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.

2024 മാര്‍ച്ച് 2 ന് കോണ്‍ഗ്രസ് തന്നെയാണ് വീഡിയോ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചത്. ഈ വീഡിയോയുടെ 19 മിനുട്ട് 45-ാമത്തെ സെക്കന്റില്‍ ഈ വൈറല്‍ ക്ലിപ്പിലെ വരികള്‍ കേള്‍ക്കാന്‍ കഴിയും. പക്ഷെ, അതിന്റെ ഉള്ളടക്കത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടെന്ന് മാത്രം.

'രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. വെറുപ്പും സ്‌നേഹവും തമ്മിലാണ് പോരാട്ടം. അഹിംസയും അക്രമവും തമ്മിലുള്ള പോരാട്ടം വ്യക്തമായി കാണാം. ഒരു വശത്ത്, ബിജെപിക്കാര്‍ ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തെ വേര്‍തിരിക്കുന്നു, ഒരു ജാതിയില്‍ നിന്ന് മറ്റൊരു ജാതിയെ വേര്‍തിരിക്കുന്നു, ഒരു സംസ്ഥാനത്തെ മറ്റൊരു സംസ്ഥാനത്തില്‍ നിന്ന് വിഭജിക്കുന്നു. മറുവശത്ത്, കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.' എന്നായിരുന്നു രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞ വാക്കുകള്‍. അതായത് എഡിറ്റ് ചെയ്ത വീഡിയോയാണ് സൈബര്‍ ഇടങ്ങളില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രചരിപ്പിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com