അമേഠിയില്‍ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് ഭയക്കുന്നു: സ്മൃതി ഇറാനി

ബിജെപിയ്ക്ക് 400 സീറ്റ് ലഭിക്കും. 400-ാമത്തെ സീറ്റ് അമേഠിയിലേത് ആയിരിക്കുമെന്നും സ്മൃതി ഇറാനി അവകാശപ്പെട്ടു
അമേഠിയില്‍ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് ഭയക്കുന്നു: സ്മൃതി ഇറാനി

ന്യൂഡല്‍ഹി: അമേഠിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ കോണ്‍ഗ്രസിനെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസിന് ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ഭയമാണ്. അതാണ് പ്രഖ്യാപനം വൈകുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. അമേഠിയില്‍ ആരെ വേണമെങ്കിലും കോണ്‍ഗ്രസിന് തീരുമാനിക്കാം. ഇത് ആദ്യമായാണ് ഇത്രയും വൈകുന്നതെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. ബിജെപിയ്ക്ക് 400 സീറ്റ് ലഭിക്കും. 400-ാമത്തെ സീറ്റ് അമേഠിയിലേത് ആയിരിക്കുമെന്നും സ്മൃതി ഇറാനി അവകാശപ്പെട്ടു.

'പ്രസ്താവന അഹങ്കാരമായി തെറ്റിദ്ധരിക്കരുത്, ഞങ്ങൾ ജനങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകി, നാല് ലക്ഷം കുടുംബങ്ങൾക്ക് കക്കൂസുകളും 12 ലക്ഷം പേർക്ക് ടാപ്പ് വാട്ടർ കണക്ഷനും നൽകിയിട്ടുണ്ട്. പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചു. പഴയവയിൽ പുതിയ മെഡിക്കൽ ഉപകരണങ്ങൾ സജ്ജീകരിച്ചു.', ഇറാനി പറഞ്ഞു.

ഗാന്ധിമാരോ കോൺഗ്രസോ ഇപ്പോഴും കേന്ദ്രത്തിൽ അധികാരത്തിലിരുന്നെങ്കിൽ അയോധ്യ യാഥാർത്ഥ്യമാവുകയില്ലായിരുന്നു. അധികാരത്തിലിരുന്നപ്പോൾ ശ്രീരാമൻ്റെ അസ്തിത്വം നിഷേധിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക ഭരണഘടനാ പദവികൾ ജമ്മു കശ്മീരിൽ നിന്ന് പിൻവലിക്കാൻ പോലും അവർക്ക് കഴിഞ്ഞില്ലെന്നും സ്മൃതി ഇറാനി വിമര്‍ശിച്ചു.

2019ല്‍ ആണ് രാഹുല്‍ഗാന്ധിയെ പരാജയപ്പെടുത്തി സ്മൃതി ഇറാനി അമേഠി പിടിച്ചെടുത്തത്. ഇത്തവണയും അമേഠിയില്‍ മത്സരിക്കാന്‍ സ്മൃതി ഇറാനി രാഹുല്‍ഗാന്ധിയെ വെല്ലുവിളിച്ചിരുന്നു. അമേഠിയിൽ നിന്നുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സസ്‌പെൻസ് നിലനിൽക്കെ വയനാട്ടിൽ നിന്ന് രാഹുലിനെ വീണ്ടും മത്സരിപ്പിക്കുന്നതിനും കോണ്‍ഗ്രസിനെ സ്മൃതി ഇറാനി പരിഹസിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com