സന്ദേശ്ഖാലി അതിജീവിതയെ ഫോണില്‍ വിളിച്ച് നരേന്ദ്രമോദി; ശക്തി സ്വരൂപയെന്ന് വിശേഷണം

ബസിർഹട്ട് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൂടിയാണ് ബംഗാളിലെ സന്ദേശ്ഖാലിയിൽ നിന്നുള്ള ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടി
സന്ദേശ്ഖാലി അതിജീവിതയെ ഫോണില്‍ വിളിച്ച് നരേന്ദ്രമോദി; ശക്തി സ്വരൂപയെന്ന് വിശേഷണം

ഡല്‍ഹി: ബംഗാളിലെ സന്ദേശ്ഖാലിയിൽ ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയെ ഫോണില്‍ വിളിച്ച് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച്‌ അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബസിർഹട്ട് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൂടിയാണ് പെൺകുട്ടി. എം എസ് പത്രയുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ, പ്രധാനമന്ത്രി അവരോട് സന്ദേശ്ഖാലിയിലെ ജനങ്ങളുടെ ക്ഷേമകാര്യങ്ങൾ അന്വേഷിക്കുകയും അവരെ ശക്തി സ്വരൂപ (ശക്തിയുടെ ആൾരൂപം) എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ബംഗാളിയിലാണ് പ്രധാനമന്ത്രി സംഭാഷണം ആരംഭിച്ചത്.

സന്ദേശ്ഖാലിയിലെ സ്ത്രീകൾക്ക് അദ്ദേഹം ഒരു ദൈവത്തെപ്പോലെയാണെന്ന് എം എസ് പത്ര പറഞ്ഞു. സന്ദേശ്ഖാലിയുടെ സ്ത്രീകൾ തന്നെ അനുഗ്രഹിച്ചതിൽ നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി മറുപടി നൽകി. ബി ജെ പിയും ഇന്ത്യ സഖ്യവും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് ബസിർഹട്ട് . പ്രധാനമന്ത്രി പൂർണ്ണ പിന്തുണ അറിയച്ചതായും പൂർണ്ണ വിജയ പ്രതീക്ഷയിലാണെന്നും ടെലിഫോൺ സംഭാഷണത്തിന് ശേഷം അവർ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മാസം, സന്ദേശ്ഖാലിയിൽ തൃണമൂൽ നേതാവായ ഷാജഹാനും അദ്ദേഹത്തിൻ്റെ സഹായികൾക്കുമെതിരെ ഭൂമി തട്ടിയെടുക്കലും ലൈംഗികാതിക്രമവും ആരോപിച്ച് നൂറുകണക്കിന് സ്ത്രീകൾ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ടിഎംസി ഷാജഹാനെ പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. രണ്ട് മാസത്തോളം പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ അദ്ദേഹത്തെ ഫെബ്രുവരി 29 ന് അറസ്റ്റ് ചെയ്തു. പിന്നീട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഷാജഹാനെ സിബിഐക്ക് കൈമാറി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com