ഇലക്ടറൽ ബോണ്ടിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണം; ആവശ്യവുമായി കോൺഗ്രസ്

'അന്വേഷണം പൂർത്തിയാകുന്നതുവരെ ബിജെപിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണം'
ഇലക്ടറൽ ബോണ്ടിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണം; ആവശ്യവുമായി കോൺഗ്രസ്

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. ഇലക്ടറൽ ബോണ്ട് പദ്ധതിയെക്കുറിച്ച് അന്വേഷിക്കണമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ ബിജെപിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയ നിരവധി കമ്പനികൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, ആദായനികുതി വകുപ്പ് എന്നിവയുടെ അന്വേഷണം നേരിട്ടവയാണ് എന്ന ആരോപണത്തിന് പിന്നാലെയാണ് കോൺഗ്രസിൻ്റെ ആവശ്യം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ ബിജെപിക്ക് 50 ശതമാനത്തോളം സംഭാവന ലഭിച്ചപ്പോൾ കോൺഗ്രസിന് 11 ശതമാനം മാത്രമാണ് ലഭിച്ചതെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ചൂണ്ടിക്കാണിച്ചു. ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ അഞ്ച് വർഷത്തിനിടെ 6,060 കോടി രൂപ ബിജെപി സമ്പാദിച്ചതായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട രേഖകൾ വ്യക്തമാക്കുന്നത്. കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി സ്വീകരിച്ചവർ ബിജെപിക്കെതിരെ നടപടിയെടുക്കാത്തത് ആശങ്കാജനകമാണെന്നും മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി. 300 കോടിയോളം രൂപ മരവിപ്പിച്ചിരിക്കുകയാണെന്നും പാർട്ടി എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം ചോദിച്ചു.

പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നാണ് ജയറാം രമേശിൻ്റെ ആവശ്യം. അന്വേഷണത്തോട് കോൺഗ്രസ് പൂർണമായും സഹകരിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി. നാല് വഴികളിലൂടെയാണ് ബിജെപി ഇലക്ട്രൽ ബോണ്ടുകൾ സ്വന്തമാക്കിയതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ആദ്യം കോഴ നൽകും പിന്നീട് കമ്പനികൾക്ക് കരാറുകൾ നൽകുന്നതാണ് ഒരു രീതി. ആദ്യം കരാർ നൽകും പിന്നീട് കമ്പനികളിൽ നിന്ന് കോഴ വാങ്ങുന്നതാണ് മറ്റൊരു മാർഗ്ഗം. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കമ്പനികളെ ഭീഷണിപ്പെടുത്തി പണം സമാഹരിക്കുന്നതാണ് മൂന്നാമത്തെ മാർഗ്ഗം. ഷെൽ കമ്പനികളെ ഉപയോഗിച്ച് ബോണ്ട്‌ സ്വന്തമാക്കുന്നതാണ് നാലാമത്തെ മാർഗ്ഗം.

ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയ പ്രധാനപ്പെട്ട 30 കമ്പനികളിൽ 15-ൽ അധികം കമ്പനികളും അന്വേഷണ ഏജൻസികളുടെ പരിശോധനയ്ക്ക് വിധേയമായവയാണ്. ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ്, മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, ഹാൽദിയ എനർജി ലിമിറ്റഡ്, വേദാന്ത ലിമിറ്റഡ്, യശോദ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ഡിഎൽഎഫ് കൊമേഴ്സ്യൽ ഡെവലപ്പേഴ്സ് ലിമിറ്റഡ്, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ്, പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈ ഗ്രീൻവുഡ്സ് തുടങ്ങിയ സ്ഥാപനങ്ങളാണ് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചത്. ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്, ഐഎഫ്ബി അഗ്രോ ലിമിറ്റഡ്, എൻസിസി ലിമിറ്റഡ്, ദിവി എസ് ലബോറട്ടറി ലിമിറ്റഡ്, യുണൈറ്റഡ് ഫോസ്ഫറസ് ഇന്ത്യ ലിമിറ്റഡ്, അരബിന്ദോ ഫാർമ തുടങ്ങിയവയാണ് അന്വേഷണത്തിന് വിധേയമാകുകയും പിന്നീട് ഇലക്ടറൽ ബോണ്ടുകൾ സ്വന്തമാക്കുകയും ചെയ്ത കമ്പനികൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com