സിക്കാറിൽ സിപിഐഎമ്മിന് 'കൈ കൊടുത്ത്' കോൺഗ്രസ്; ചുവപ്പ് പടർത്താൻ അമ്രാ റാം

തൊഴിലാളി-കര്‍ഷക മേഖലകളില്‍ സ്വാധീനമുള്ള സിപിഐഎമ്മിന്റെ വോട്ടും കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകളും ചേരുമ്പോള്‍ ഇത്തവണ സിക്കര്‍ തിരിച്ചുപിടിക്കാമെന്നാണ് ഇന്‍ഡ്യ മുന്നണി കണക്കാക്കുന്നത്
സിക്കാറിൽ സിപിഐഎമ്മിന് 'കൈ കൊടുത്ത്' കോൺഗ്രസ്; ചുവപ്പ് പടർത്താൻ അമ്രാ റാം

രാജസ്ഥാനിലെ സിക്കാര്‍ ലോക്‌സഭാ മണ്ഡലം ഇത്തവണ സിപിഐഎമ്മിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അമ്രാ റാമാണ് ഇവിടെ നിന്നുള്ള ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. 2014 മുതല്‍ ഇവിടെ സിറ്റിങ്ങ് എം പിയായ സ്വാമി സുമേദാനന്ദ സരസ്വതിയെയാണ് ബിജെപി മൂന്നാമൂഴത്തിനായി രംഗത്തിറക്കിയിരിക്കുന്നത്. 2014ലും 2019ലും ബിജെപി രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ് സിക്കാര്‍. രാജസ്ഥാന് സിപിഐഎമ്മിന് സ്വാധീനമുള്ള മേഖല കൂടിയാണ് സിക്കാര്‍.

1996 മുതല്‍ അമ്രാ റാം സിക്കാര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും സിപിഐഎമ്മിനായി ജനവിധി തേടുന്നുണ്ട്. 2019ല്‍ സ്വാമി സുമേദാനന്ദ സരസ്വതി 2,97, 156 വോട്ടിനായിരുന്നു ഇവിടെ നിന്നും വിജയിച്ചത്. 2014ല്‍ സ്വാമി സുമേദാനന്ദ സരസ്വതിയുടെ വിജയം 2,39, 196 വോട്ടിനായിരുന്നു. തൊഴിലാളി-കര്‍ഷക മേഖലകളില്‍ സ്വാധീനമുള്ള സിപിഐഎമ്മിന്റെ വോട്ടും കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകളും ചേരുമ്പോള്‍ ഇത്തവണ സിക്കാര്‍ തിരിച്ചുപിടിക്കാമെന്നാണ് ഇന്‍ഡ്യ മുന്നണി കണക്കാക്കുന്നത്.

സിക്കാര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ധോദില്‍ നിന്ന് 1993 മുതല്‍ 2003 വരെ തുടര്‍ച്ചയായ മൂന്ന് തവണ അമ്ര റാം നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎം രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2008ല്‍ ആമ്രാ റാം വിജയിച്ച ദന്തറാംഗഡും സിക്കാര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്രാ റാം ഇവിടെ മൂന്നാം സ്ഥാനത്തേയ്ക്ക് പോയിരുന്നു. നിലവില്‍ സിക്കാര്‍ മണ്ഡലത്തിന് കീഴില്‍ വരുന്ന എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചെണ്ണവും കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റാണ്. മൂന്നിടത്ത് ബിജെപിയാണ് വിജയിച്ചത്.

സിക്കാര്‍ സീറ്റ് സിപിഐഎമ്മിന് വിട്ടുനല്‍കിയതില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് അമ്രാ റാം നന്ദി പറഞ്ഞു. മാര്‍ച്ച് 26ന് നഗരത്തിലെ കാര്‍ഷികോല്‍പന്ന വിപണിയില്‍ നടക്കുന്ന റാലിക്ക് പിന്നാലെ അമ്രാ റാം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

രാജ്യത്തെ മുതിര്‍ന്ന സിപിഐഎം നേതാക്കളില്‍ ഒരാളാണ് അമ്രാ റാം. ശെഖാവതി മേഖലയിലെ ശക്തരായ കര്‍ഷക നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് അമ്ര റാം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. മൂന്ന് തവണ ധോദില്‍ നിന്ന് എംഎല്‍എയായ അദ്ദേഹം ഒരിക്കല്‍ ദന്തറാംഗഡില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ ചൗധരി നാരായണ്‍ സിങ്ങിനെ പരാജയപ്പെടുത്തിയായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ അമ്രാ റാമിന്റെ നാലാം വിജയം.

1955 ഓഗസ്റ്റ് 5ന് ധോദ് അസംബ്ലി മണ്ഡലത്തിലെ മുണ്ട്വാര ഗ്രാമത്തിലായിരുന്നു അമ്രാ റാമിന്റെ ജനനം. 1979-ല്‍ സിക്കാറിലെ ഗവണ്‍മെന്റ് ശ്രീ കല്യാണ്‍ കോളേജിലെ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായതോടെയാണ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. 1983ല്‍ മുണ്ട്വാര ഗ്രാമപഞ്ചായത്ത് സര്‍പഞ്ചായി. നിലവില്‍ സിപിഐഎമ്മിന്റെ രാജസ്ഥാന്‍ സംസ്ഥാ സെക്രട്ടറിയും അഖിലേന്ത്യ കിസാന്‍ സഭയുടെ ദേശീയ വൈസ് പ്രസിഡന്റുമാണ് അമ്രാ റാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com