അരവിന്ദ് കെജ്‌രിവാളിനെ 'ആപ്പിലാക്കിയ' ഡൽഹി മദ്യനയക്കേസ് എന്താണ്?

ഡൽഹി സർക്കാർ നടപ്പിലാക്കിയ പുതിയ മദ്യനയത്തിൻ്റെ പേരിൽ കൈക്കൂലിയും അഴിമതിയും ഗൂഢാലോചനയും നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് സിബിഐ, ഇ ഡി തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾ ആരോപിക്കുന്നത്
അരവിന്ദ് കെജ്‌രിവാളിനെ 'ആപ്പിലാക്കിയ' ഡൽഹി മദ്യനയക്കേസ് എന്താണ്?

ഡൽഹി മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായിരിക്കുകയാണ്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന നാലാമത്തെ പ്രമുഖരാഷ്ട്രീയ നേതാവാണ് കെജ്‌രിവാള്‍. നേരത്തെ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, എഎപിയുടെ രാജ്യസഭാ എംപി സജ്ഞയ് സിങ്, ഭാരത് രാഷ്ട്രസമിതി നേതാവ് കെ കവിത എന്നിവർ ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ ആയിരുന്നു. ഡൽഹി സർക്കാർ നടപ്പിലാക്കിയ പുതിയ മദ്യനയത്തിൻ്റെ പേരിൽ കൈക്കൂലിയും അഴിമതിയും ഗൂഢാലോചനയും നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചുമെന്നുമാണ് സിബിഐ, ഇ ഡി തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾ ആരോപിക്കുന്നത്.

എന്താണ് ഡല്‍ഹി മദ്യനയ കേസ്?

ഒരു വിദഗ്ധ സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് ഡല്‍ഹി മദ്യ നയം രൂപീകരിക്കുന്നത്. 2021 നവംബര്‍ 17 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാനും മദ്യമാഫിയയുടെ സ്വാധീനവും കരിഞ്ചന്തയും അവസാനിപ്പിക്കാനുമാണ് പുതിയ മദ്യനയം ആവിഷ്കരിക്കുന്നത് എന്നായിരുന്നു ഡൽഹിയിലെ ആം ആദ്മി സർക്കാരിൻ്റെ നിലപാട്. പുതിയ മദ്യനയത്തിന്റെ ഭാഗമായി ഡല്‍ഹി നഗരത്തെ 32 സോണുകളായി തിരിച്ചു. ഓരോ സോണിലും പരമാവധി 27 മദ്യവില്‍പ്പന ശാലകളും അനുവദിച്ചു. പുതിയ നിയമമനുസരിച്ച്, സ്വകാര്യ കമ്പനികള്‍ക്കായി നല്‍കിയ 849 മദ്യവില്‍പ്പനശാലകള്‍ക്ക് ഓപ്പണ്‍ ബിഡ്ഡിംഗ് നടത്താനായിരുന്നു തീരുമാനം. വ്യക്തിഗത ലൈസന്‍സുകളൊന്നും ഉണ്ടായിരുന്നില്ല. സോണുകള്‍ തിരിച്ചായിരുന്നു ലേലം നടത്തിയത്.

പുതിയ മദ്യ നയത്തോടെ തലസ്ഥാന നഗരിയിലെ മദ്യവില്‍പ്പനയില്‍ സര്‍ക്കാരിന് നിയന്ത്രണമില്ലാതായതായി ആക്ഷേപം ഉയർന്നു. നിരവധി സാമൂഹിക, വിദ്യാഭ്യാസ, മത വിഭാഗങ്ങള്‍ പുതിയ മദ്യനയത്തില്‍ അതൃപ്തരായി. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ മധ്യത്തിലായിരുന്നു പുതിയ നയമാറ്റം എന്നതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. ലഫ്റ്റനൻ്റ് ഗവർണർ ഡൽഹി മദ്യനയ കേസിൽ സിബിഐ അന്വേഷണം ശിപാർശ ചെയ്തതോടെ 2022 ജൂലൈ 30ന് ഡൽഹിയിലെ ആം ആദ്മി സർക്കാർ പുതിയ നയം പിന്‍വലിക്കുകയും പഴയ മദ്യനയം വീണ്ടും പ്രാബല്യത്തില്‍ കൊണ്ട് വരികയും ചെയ്തു.

ഡൽഹി മദ്യനയ കേസ് വിവാദമാകുന്നു

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയുടെ ഇടപെടലോടെയാണ് ഡല്‍ഹി മദ്യനയം ഗൗരവമായ ചര്‍ച്ചയായി ഉയരുന്നത്. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ മദ്യനയം 2021-22നെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. മദ്യനയം നപ്പാക്കിയതിലെ ചട്ടലംഘനങ്ങളിലും മറ്റ് തെറ്റായ നടപടികളിലും സിബിഐ അന്വേഷണത്തിന് 2022 ജൂലൈ 22-ന് വി കെ സക്‌സേന ശുപാര്‍ശ ചെയ്തു. ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സക്സേനയുടെ നടപടി. 2022 ഫെബ്രുവരിയില്‍ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന കൈക്കൂലി, കമ്മീഷന്‍ എന്നിവയിലൂടെ ലഭിച്ച പണത്തിന് പകരമായി മനീഷ് സിസോദിയ മദ്യവില്‍പ്പന ലൈസന്‍സികള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കിയെന്നായിരുന്നു കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

ടെണ്ടറുകള്‍ നല്‍കിയതിന് ശേഷം, ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കി, മദ്യ ലൈസന്‍സികള്‍ക്ക് അനാവശ്യ സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കാനായി എഎപി സര്‍ക്കാര്‍ മദ്യനയം ഉപയോഗിച്ചു തുടങ്ങിയവയായിരുന്നു പ്രധാന ആരോപണം. ഇതോടെയായിരുന്നു മദ്യനയത്തെക്കുറിച്ചുള്ള വിവാദം ചൂട് പിടിക്കുന്നത്. മദ്യനയം സ്വകാര്യ ചില്ലറ-മൊത്ത വ്യാപാരികള്‍ക്ക് അനാവശ്യ നേട്ടമുണ്ടാക്കിയെന്ന ആരോപണമാണ് സിബിഐ അന്വേഷിക്കുന്നത്. നയത്തിലെ ആനുകൂല്യങ്ങള്‍ക്കായി കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്നും 2022 ഫെബ്രുവരിയിൽ നടന്ന ഗോവ പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈ ഫണ്ട് എഎപി ഉപയോഗിച്ചെന്നും ആരോപണമുണ്ടായിരുന്നു.

ആം ആദ്മി, ബിആർഎസ് പാർട്ടികളെ പ്രതിരോധത്തിലാക്കി സിബിഐയും ഇഡിയും

കേസ് ഏറ്റെടുത്ത സിബിഐ ആഗസ്റ്റ് 17ന് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. ഓഗസ്റ്റ് 19ന് ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 31 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തു. സിസോദിയയുടെ ഡല്‍ഹിയിലെ വസതിയിലും റെയ്ഡ് നടത്തിയിരുന്നു. 2023 ഫെബ്രുവരി 26ന് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പിന്നീട് മാർച്ച് 9ന് സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു.

സിസോദിയയും എക്സൈസ് ഉദ്യോഗസ്ഥരും മദ്യവില്‍പ്പന ലൈസന്‍സുള്ളവര്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിയെന്ന് സിബിഐ ആരോപിച്ചിരുന്നു. ഡല്‍ഹി മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും തുടര്‍ന്നുള്ള ക്രമക്കേടുകളിലും മദ്യക്കച്ചവുമായി ബന്ധമുള്ളവര്‍ ആളുകള്‍സജീവമായി പങ്കാളികളായെന്നും സിബിഐ ആരോപിച്ചു. വിജയ് നായര്‍, മനോജ് റായ്, അമന്‍ദീപ് ധാല്‍ ഇന്‍ഡോസ്പിരിറ്റിലെ സമീര്‍ മഹേന്ദ്രു തുടങ്ങിയവര്‍ ഈ നിലയില്‍ പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചവരാണ്.

വ്യവസായി ശരത് റെഡ്ഡി, മഗുന്ത ശ്രീനിവാസുലു റെഡ്ഡി, കെ കവിത എന്നിവരടങ്ങുന്ന സൗത്ത് ഗ്രൂപ്പിന് 2021-22ലെ പുതിയ എക്‌സൈസ് നയത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ ഡല്‍ഹിയിലെ 32 സോണുകളില്‍ ഒമ്പത് സോണുകളും ലഭിച്ചുവെന്നും അന്വേഷണ ഏജൻസികൾ പറയുന്നു. മൊത്തക്കച്ചവടക്കാര്‍ക്ക് 12% ലാഭവും ചില്ലറ വ്യാപാരികള്‍ക്ക് ഏകദേശം 18.5% ലാഭവും ലഭിക്കുന്ന വിധത്തിലാണ് മദ്യനയം രൂപപ്പെടുത്തിയതെന്നാണ് ഇ ഡിയുടെ വാദം. ഇത് അസാധാരണമായ നിലയിലുള്ള ഉയര്‍ന്ന നിരക്കാണെന്നും ഇ ഡി ചൂണ്ടിക്കാണിക്കുന്നു. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് മൊത്തകച്ചവടക്കാര്‍ക്ക് ലഭിച്ച 12% ലാഭത്തില്‍ നിന്ന് 6% ആംആദ്മി നേതാക്കള്‍ക്കുള്ള കൈക്കൂലിയായി തിരിച്ചു നല്‍കിയെന്നും ഇഡി ആരോപിക്കുന്നു.

സജ്ഞയ് സിങാണ് മദ്യനയ കേസില്‍ പിന്നീട് അറസ്റ്റിലാകുന്ന എഎപി നേതാവ്. സിസോദിയയുടെ അറസ്റ്റിന് മാസങ്ങള്‍ക്ക് ശേഷമായിരുന്നു അറസ്റ്റ്. രാജ്യസഭാ എംപിയായിരുന്ന സഞ്ജയ് സിങ് 2023 ഒക്ടോബര്‍ നാലിനാണ് അറസ്റ്റിലായത്. അദ്ദേഹത്തില്‍ വസതിയില്‍ ഇഡി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. കള്ളപ്പണ നിരോധന നിയമ പ്രകാരമായിരുന്നു അറസ്റ്റ്. കഴിഞ്ഞ മാസം സഞ്ജയ് സിങിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയെ ഡല്‍ഹി മദ്യ നയത്തില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് മാര്‍ച്ച് 15നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 2023 മാര്‍ച്ച് 9ന് ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ളയെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ കവിതയുടെ പങ്കാളിത്തം അന്വേഷിക്കാന്‍ തുടങ്ങിയത്. മദ്യനയ കേസില്‍ കവിതയുടെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിച്ചതായി പിള്ള സമ്മതിച്ചതായിട്ടായിരുന്നു ഇഡിയുടെ വെളിപ്പെടുത്തല്‍.

ഡല്‍ഹി മദ്യ നയത്തിൻ്റെ പേരില്‍ അറസ്റ്റിലാകുന്ന നാലാമത്തെ പ്രമുഖ രാഷ്ട്രീയ നേതാവാണ് അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയ,കെജ്‌രിവാൾ എന്നിവർ കെ കവിതയുമായി ഗൂഢാലോചന നടത്തിയെന്നാണ് ഇഡിയുടെ ആരോപണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com