'തമിഴ്‌നാട് ഗവര്‍ണ്ണര്‍ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നു';ആര്‍എന്‍ രവിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശനമുയര്‍ത്തി സുപ്രീംകോടതി
'തമിഴ്‌നാട് ഗവര്‍ണ്ണര്‍ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നു';ആര്‍എന്‍ രവിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡൽഹി: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശനമുയര്‍ത്തി സുപ്രീംകോടതി. തമിഴ്‌നാട് ഗവര്‍ണ്ണര്‍ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആരോപിച്ചു. ഭരണഘടനാപരമായി സ്വീകരിക്കേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ നാളെ ഉത്തരവ് പുറപ്പെടുവിക്കുമെന്നുമാണ് സുപ്രീംകോടതിയുടെ താക്കീത്. കെ പൊന്മുടിയുടെ മന്ത്രിസഭാ പുനപ്രവേശനം തടഞ്ഞ നടപടിയിലാണ് തമിഴ്‌നാട് ഗവര്‍ണ്ണറെ സുപ്രീംകോടതി കടുത്ത ഭാഷയില്‍ ശാസിച്ചത്.

തമിഴ്‌നാട് ഗവര്‍ണ്ണര്‍ ആര്‍എന്‍ രവിക്കെതിരായ അതിരൂക്ഷ പരാമര്‍ശങ്ങള്‍ ഇങ്ങനെയാണ്, കെ പൊന്മുടിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ക്ക് മറ്റൊന്നും ചെയ്യാനില്ല. സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കുകയാണ് വേണ്ടത്. ഒരാളെ മന്ത്രിയാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അത് ചെയ്യണം. ഗവര്‍ണ്ണര്‍ ആര്‍എന്‍ രവിയുടെ നടപടി ഗൗരവമായി കാണുന്നു. ഗവര്‍ണ്ണര്‍ സ്വീകരിക്കേണ്ട നടപടി ഇതല്ല. ഗവര്‍ണ്ണര്‍ ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കണം. നിയമാനുസൃതം സ്വീകരിക്കേണ്ട നടപടി ഗവര്‍ണ്ണര്‍ സ്വീകരിക്കണം. ഇല്ലെങ്കില്‍ നാളെ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

ആലങ്കാരികമാണ് ഗവര്‍ണ്ണര്‍ പദവി. ശിക്ഷാവിധി സ്റ്റേ ചെയ്തു എന്നാല്‍ സ്റ്റേ ചെയ്തു എന്നാണര്‍ത്ഥം. കെ പൊന്മുടിയുടെ സത്യപ്രതിജ്ഞ അനുവദിക്കേണ്ടതില്ലെന്ന് ഗവര്‍ണറെ ആരാണോ ഉപദേശിച്ചത്, ആ ഉപദേശം ശരിയല്ല. കെ പൊന്മുടിയുടെ ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നിട്ടും മന്ത്രിയാക്കാന്‍ അനുവദിക്കില്ല എന്നാണോ? ഭരണഘടനാ ധാര്‍മ്മികതയ്ക്ക് വിരുദ്ധമാണ് കെ പൊന്മുടിയുടെ സത്യപ്രതിജ്ഞ എന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാനാകും? ഭരണഘടന അനുസരിച്ചില്ല ഗവര്‍ണ്ണര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com