ആന്ധ്രയില്‍ വരവറിയിച്ച് ശര്‍മ്മിള,ഒപ്പം രേവന്ത് റെഡ്ഡിയും;'അഞ്ച് എംപി, 25 എംഎല്‍എമാരെയും തരൂ ആദ്യം'

ലോക്‌സഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ച ദിനത്തില്‍ തന്നെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ പങ്കെടുപ്പിച്ച് പൊതുയോഗം നടത്തി വരുംദിവസങ്ങളില്‍ ആന്ധ്രയിലെ തിരഞ്ഞെടുപ്പ് രംഗത്ത് ശക്തമായി തങ്ങളുണ്ടാവുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.
ആന്ധ്രയില്‍ വരവറിയിച്ച് ശര്‍മ്മിള,ഒപ്പം രേവന്ത് റെഡ്ഡിയും;'അഞ്ച് എംപി, 25 എംഎല്‍എമാരെയും തരൂ ആദ്യം'

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതിന്റെ ഭാഗമായാണ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളും നിലവിലെ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ മകളുമായ വൈ എസ് ശര്‍മ്മിളയെ സംസ്ഥാന അദ്ധ്യക്ഷയാക്കിയിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ച ദിനത്തില്‍ തന്നെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ പങ്കെടുപ്പിച്ച് പൊതുയോഗം നടത്തി വരുംദിവസങ്ങളില്‍ ആന്ധ്രയിലെ തിരഞ്ഞെടുപ്പ് രംഗത്ത് ശക്തമായി തങ്ങളുണ്ടാവുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. വിശാഖപട്ടണത്താണ് കോണ്‍ഗ്രസ് വലിയ പൊതുയോഗം സംഘടിപ്പിച്ചത്.

വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റ് സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് വിശാഖപട്ടണത്തെ തൃഷ്ണ മൈതാനത്ത് കോണ്‍ഗ്രസ് പൊതുയോഗം നടന്നത്. മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ യഥാര്‍ത്ഥ രാഷ്ട്രീയ പിന്‍ഗാമിയായി വൈ എസ് ശര്‍മ്മിള്ളയെ മുഖ്യമന്ത്രിയാക്കി പ്രഖ്യാപിക്കണമെന്ന് രേവന്ത് റെഡ്ഡി യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. വരുന്ന തിരഞ്ഞെടുപ്പുകളില്‍ കുറഞ്ഞത് അഞ്ച് എംപിമാരും 25 എംഎല്‍എമാരെയും കോണ്‍ഗ്രസിന് നല്‍കണം. അപ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങളുയര്‍ത്തി ശര്‍മ്മിളക്ക് സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉയര്‍ത്താനാവുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

ബിജെപിയെ പോലുള്ള പാര്‍ട്ടികളില്‍ നിന്ന് തെലുങ്ക് ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് താന്‍ വിശാഖപട്ടണത്തേക്ക് വന്നത്. ഭൂമിശാസ്ത്രപരമായി രണ്ട് സംസ്ഥാനങ്ങളായി മാറിയെങ്കിലും ജനത സഹോദരീ സഹോദരന്‍മാരെ പോലെയാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. നിലനില്‍ക്കുന്ന പാര്‍ട്ടികളും അവരുടെ നേതാക്കളായ ജഗന്‍ മോഹന്‍ റെഡ്ഡിയും ചന്ദ്രബാബു നായിഡുവും പവന്‍ കല്യാണുമെല്ലാം പരസ്യമായും രഹസ്യമായും ബിജെപിയെ പിന്തുണക്കുന്നവരാണ്. അവര്‍ ജനങ്ങള്‍ക്ക് വേണ്ടി ബിജെപിയെ ചോദ്യം ചെയ്യുന്നില്ല. അവര്‍ക്ക് സീറ്റില്ലെങ്കിലും വളഞ്ഞ വഴിക്ക് അവര്‍ സംസ്ഥാനത്തെ ഭരിക്കുന്നു. ആന്ധ്രക്ക് ആവശ്യം ബിജെപിക്കെതിരെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും പോരാടുകയും ചെയ്യുന്ന നല്ലൊരു നേതാവിനെയും ശക്തമായ രാഷ്ട്രീയ ശക്തിയെയുമാണ്. അത് ശര്‍മ്മിളയിലൂടെയും കോണ്‍ഗ്രസിലൂടെയുമാണ് സാധ്യമാവുകയുള്ളൂവെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com