അരുണാചലിന് മേലുള്ള അവകാശവാദം ആവര്‍ത്തിച്ച് ചൈന; അവിഭാജ്യ ഭാഗമെന്ന് വ്യക്തമാക്കി ഇന്ത്യ

നരേന്ദ്ര മോദി അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കരുതെന്ന ചൈനയുടെ നിര്‍ദ്ദേശം ഇന്ത്യ നിരസിച്ച് ദിവസങ്ങള്‍ക്കകമാണ് ചൈനീസ് സൈന്യത്തിന്റെ അവകാശവാദം
അരുണാചലിന് മേലുള്ള അവകാശവാദം ആവര്‍ത്തിച്ച് ചൈന; അവിഭാജ്യ ഭാഗമെന്ന് വ്യക്തമാക്കി ഇന്ത്യ

അരുണാചൽ പ്രദേശിനെ ചൈനയുടെ 'അന്തര്‍ലീനമായ' ഭാഗം എന്ന് വിശേഷിപ്പിച്ച്, അരുണാചല്‍ പ്രദേശിന് മേലുള്ള അവകാശവാദം ആവര്‍ത്തിച്ച് ചൈനീസ് സൈന്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കരുതെന്ന ചൈനയുടെ നിര്‍ദ്ദേശം ഇന്ത്യ നിരസിച്ച് ദിവസങ്ങള്‍ക്കകമാണ് ചൈനീസ് സൈന്യത്തിന്റെ അവകാശവാദം പുറത്ത് വന്നിരിക്കുന്നത്.

'ഷിസാങ്ങിന്റെ (ടിബറ്റിന്റെ ചൈനീസ് പേര്) തെക്കന്‍ ഭാഗം ചൈനയുടെ പ്രദേശത്തിന്റെ അന്തര്‍ലീനമായ ഭാഗമാണ്. ഇന്ത്യ നിയമവിരുദ്ധമായി രൂപീകരിച്ച അരുണാചല്‍ പ്രദേശിനെ ചൈന ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും ശക്തമായി എതിര്‍ക്കുന്നുവെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് സീനിയര്‍ കേണല്‍ ഷാങ് സിയാവോങ് പറഞ്ഞതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അരുണാചല്‍ പ്രദേശിലെ സെല ടണലിലൂടെ ഇന്ത്യയുടെ സൈനിക നീക്കം വര്‍ധിപ്പിച്ചതിന് മറുപടിയായാണ് ഷാങ് ഇക്കാര്യം പറഞ്ഞതെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ഇരുരാജ്യങ്ങളും നടത്തുന്ന ശ്രമങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്ത്യയുടെ നടപടികളെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയ വ്യക്താവ് കുറ്റപ്പെടുത്തി. മോദിയുടെ അരുണാചല്‍ സന്ദര്‍ശനം അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്താന്‍ ഉതകുന്നതല്ലെന്നും ഷാങ് പറഞ്ഞു.

അതിര്‍ത്തി പ്രശ്നം സങ്കീര്‍ണ്ണമാക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും ആത്മാര്‍ത്ഥമായി നിലനിര്‍ത്തണമെന്നും ഷാങ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ദേശീയ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതില്‍ ചൈനീസ് സൈന്യം അതീവ ജാഗ്രത പുലര്‍ത്തുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മോദിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിലുള്ള നയതന്ത്ര പ്രതിഷേധം നേരത്തെ ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചിരുന്നു. ഇതിൻ്റെ പിന്നാലെയാണ് ഷാങ്ങിന്റെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്. അരുണാചല്‍ പ്രദേശ് തെക്കന്‍ ടിബറ്റ് ആണെന്നാണ് ചൈനയുടെ അവകാശവാദം. അരുണാചലിൻ്റെ മേലുള്ള അവകാശവാദം ഉയര്‍ത്തിക്കാട്ടുന്നതിനായി ഇന്ത്യന്‍ നേതാക്കളുടെ അരുണാചല്‍ സന്ദര്‍ശനത്തോട് ചൈന എപ്പോഴും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സാങ്നാന്‍ എന്നാണ് ചൈന ഈ പ്രദേശത്തിന് പേരിട്ടിരിക്കുന്നത്.

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന നിലപാട് ചൈനയെ പലതവണ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ന്യൂഡല്‍ഹിയില്‍ പറഞ്ഞു. ഇത്തരം സന്ദര്‍ശനങ്ങളോടുള്ള ചൈനയുടെ എതിര്‍പ്പ് കൊണ്ട് അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യവും അവിഭാജ്യവുമായ ഭാഗമാണെന്ന യാഥാര്‍ത്ഥ്യം ഇല്ലാതാകില്ലെന്നും ജയ്സ്വാള്‍ പറഞ്ഞു. 'ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതുപോലെ ഇന്ത്യന്‍ നേതാക്കള്‍ ഇടയ്ക്കിടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാറുണ്ട്. അത്തരം സന്ദര്‍ശനങ്ങളെയോ ഇന്ത്യയുടെ വികസന പദ്ധതികളെയോ എതിര്‍ക്കുന്നത് ന്യായമല്ലെന്നും' അദ്ദേഹം പറഞ്ഞു.

തന്ത്രപ്രധാനമായി സ്ഥിതി ചെയ്യുന്ന തവാങ്ങിലേക്ക് ഏത് കാലാവസ്ഥയിലും എത്തിച്ചേരാൻ സാധിക്കുന്നതും അതിര്‍ത്തി പ്രദേശത്ത് സൈനീക നീക്കം സുഗമമാക്കുന്നതിനുമാണ് ഇന്ത്യ സെല ടണല്‍ നിര്‍മ്മിച്ചത്. 13,000 അടി ഉയരത്തില്‍ അരുണാചല്‍ പ്രദേശില്‍ നിര്‍മ്മിച്ച സെല ടണല്‍ മാര്‍ച്ച് 9നാണ് പ്രധാനമന്ത്രി മോദി രാജ്യത്തിന് സമര്‍പ്പിച്ചത്.

അസമിലെ തേസ്പൂരില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ വെസ്റ്റ് കാമെങ് ജില്ലയെ ബന്ധിപ്പിക്കുന്ന റോഡിലാണ് 825 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സെല തുരങ്കം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതുമായ ബൈ-ലെയ്ന്‍ റോഡ് ടണല്‍ ആയാണ് സെല ടണൽ കണക്കാക്കപ്പെടുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com