ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടത്താത്തതിനെ വിമർശിച്ച് ഫാറൂഖ് അബ്ദുള്ള

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് അനുകൂലമായ സാഹചര്യമുണ്ടെങ്കില്‍ പിന്നെ സംസ്ഥാന തിരഞ്ഞെടുപ്പിന് എന്താണ് തടസ്സം
ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടത്താത്തതിനെ വിമർശിച്ച് ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടത്താത്തതില്‍ എന്തോ ഉൾക്കളികളുണ്ടെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍ സി) പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള കുറ്റപ്പെടുത്തി. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്നതിന് വേണ്ടി നീങ്ങുമ്പോള്‍ അതിനുള്ള അവസരമാണിതെന്നും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് അനുകൂലമായ സാഹചര്യമുണ്ടെങ്കില്‍ പിന്നെ സംസ്ഥാന തിരഞ്ഞെടുപ്പിന് എന്താണ് തടസ്സമെന്ന് ചോദിച്ച അബ്ദുള്ള അതില്‍ എന്തോ പന്തികേടുണ്ടെന്ന് വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബിജെപി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ശ്രമിച്ചിട്ടും നിയമസഭാ തിരഞ്ഞെടുപ്പ് വൈകുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുവില്‍ നിന്നുള്ള ബിജെപി നേതാക്കളും നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിപ്പിച്ച മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും കശ്മീരില്‍ പാര്‍ലമെൻ്റ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. എത്ര കാലത്തേയ്ക്ക് ലഫ്റ്റനന്റ് ഗവര്‍ണറുമായി പോകാൻ കഴിയും. നിങ്ങള്‍ക്ക് ആളുകളുടെ ഹൃദയം കീഴടക്കണമെങ്കില്‍ ഇതായിരുന്നു തുടക്കമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

'നാലു സംസ്ഥാനങ്ങള്‍ പാര്‍ലമെൻ്റ് തിരഞ്ഞെടുപ്പിലേയ്ക്കും സംസ്ഥാന തിരഞ്ഞെടുപ്പിലേക്കും പോകുന്നു. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് സ്വന്തം സര്‍ക്കാരിനെ തിരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങള്‍ എന്തിനാണ് നിഷേധിക്കുന്നത്? ഇവിടെ അവരുടെ വിജയത്തെക്കുറിച്ച് അവര്‍ക്ക് ഉറപ്പില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്നും' അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാഷണല്‍ കോണ്‍ഫറസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഒരാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ പട്ടിക പ്രഖ്യാപിക്കും. ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ ഞാന്‍ മത്സരിക്കും. എല്ലാം പാര്‍ട്ടിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും 86 കാരനായ മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി പറഞ്ഞു.

ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് തിരഞ്ഞെടുപ്പുകള്‍ ഒരേസമയം സംഘടിപ്പിക്കുന്നത് സുരക്ഷാ കാഴ്ചപ്പാടില്‍ പ്രായോഗികമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു. ജമ്മുവിലെ രണ്ട് സീറ്റുകളിലും ലഡാക്കിലെ ഏക സീറ്റിലും കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തുന്നതിനിടെ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായ നാഷണല്‍ കോണ്‍ഫറന്‍സ് കശ്മീരിലെ മൂന്ന് ലോക്സഭാ സീറ്റുകളിലും മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com