രാഹുല്‍ എന്തിന് വയനാട്ടില്‍ മത്സരിക്കുന്നു? മഹാസമ്മേളനത്തില്‍ ഇടതുപാര്‍ട്ടികള്‍ പങ്കെടുക്കില്ല

നാളെയാണ് മുംബൈയില്‍ മഹാസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
രാഹുല്‍ എന്തിന് വയനാട്ടില്‍ മത്സരിക്കുന്നു? മഹാസമ്മേളനത്തില്‍ ഇടതുപാര്‍ട്ടികള്‍ പങ്കെടുക്കില്ല

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പര്യടനം പൂര്‍ത്തിയാക്കും. മുബൈയിലാണ് യാത്ര ഇന്ന് സമാപിക്കുക. പര്യടനം ആരംഭിച്ച് 63-ാം ദിവസമാണ് യാത്രയുടെ സമാപനം. നാളെയാണ് മുംബൈയില്‍ മഹാസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്ക് ഞായറാഴ്ച്ച നടക്കുന്ന മഹാസമ്മേളനത്തിലേക്ക് ക്ഷണം ഉണ്ട്. ഇന്‍ഡ്യാ സഖ്യത്തിന്റെ ശക്തി പ്രകടനമാക്കി പരിപാടിയെ മാറ്റാനാണ് നീക്കം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, സിപിഐ, സിപിഐഎം നേതാക്കള്‍ക്ക് ക്ഷണം ഉണ്ടെങ്കിലും പങ്കെടുത്തേക്കില്ലെന്നാണ് വിവരം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കേണ്ടതിനാലാണ് ഇടതുനേതാക്കള്‍ വിട്ടുനില്‍ക്കുന്നതെന്നാണ് സിപിഐഎം വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ മഹാസമ്മേളനം കോണ്‍ഗ്രസ് പരിപാടിയായതിനാല്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് നടപടിയെന്നും സൂചനയുണ്ട്.

വയനാട്ടില്‍ സിപിഐ സ്ഥാനാര്‍ത്ഥി ആനി രാജക്കെതിരെ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ നിര്‍ത്തിയതും ഇടതുപക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ബിജെപി വിരുദ്ധ സഖ്യത്തിന്റെ നേതാവായ രാഹുല്‍ ഇടതുനേതാവിനെതിരെ മത്സരിക്കുന്നതിനെ ഇടതുപാര്‍ട്ടികള്‍ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു. ഇതും മഹാസമ്മേളനത്തില്‍ നിന്നും ഇടതുപാര്‍ട്ടികള്‍ വിട്ടുനില്‍ക്കാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നു.

മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം വീഴ്ച്ചയിലുണ്ടായ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പുറമേ ഉദ്ദവ് താക്കറെയും ശരദ് പവാറും മഹാസമ്മേളനത്തില്‍ പങ്കെടുക്കും. പൗരത്വ നിയമ ഭേദഗതിക്ക് എതിരായ ഒത്തുചേരല്‍ കൂടിയായി സമാപന സമ്മേളനത്തെ മാറ്റാനാണ് തീരുമാനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com