കവിതയുടെ അറസ്റ്റ്; തെലങ്കാനയിൽ നാളെ സംസ്ഥാന വ്യാപക പ്രതിഷേധം

ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് കെ കവിതയെ അറസ്റ്റ് ചെയ്തത്
കവിതയുടെ അറസ്റ്റ്; തെലങ്കാനയിൽ നാളെ സംസ്ഥാന വ്യാപക പ്രതിഷേധം

ഹൈദരാബാദ്: ബിആര്‍എസ് നേതാവ് കെ കവിതയെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തെലങ്കാനയിൽ നാളെ സംസ്ഥാന വ്യാപക പ്രതിഷേധം. ബിആർഎസ് ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഇഡിയുടെ അധികാര ദുർവിനിയോഗമാണ് നടക്കുന്നതെന്ന് കവിതയുടെ സഹോദരനും ബിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്‍റ് കെ ടി രാമറാവു പറഞ്ഞു. നിയമപരമായി പോരാടുമെന്നും നീതി വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് കെ കവിതയെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇഡി നല്‍കിയ പല സമന്‍സുകളും കെ കവിത അവഗണിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. പിന്നാലെയായിരുന്നു നടപടി. ഈ വര്‍ഷം മാത്രം രണ്ട് സമന്‍സുകള്‍ കവിത അവഗണിച്ചതായി ഇഡി പറയുന്നു. റദ്ദാക്കിയ ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിയായ അമിത് അറോറയാണ് ചോദ്യം ചെയ്യലില്‍ കവിതയുടെ പേര് ഉന്നയിച്ചത്. മറ്റൊരു പ്രതിയായ വിജയ് നായര്‍ മുഖേന എഎപി നേതാക്കള്‍ക്ക് 100 കോടി രൂപ കിക്ക്ബാക്ക് ഇനത്തില്‍ നല്‍കിയത് സൗത്ത് ഗ്രൂപ്പ് എന്ന മദ്യലോബിയാണെന്നും ഇഡി ആരോപിക്കുന്നു.

മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിനായി സിബിഐ നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കവിത കത്തയച്ചിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തെലങ്കാനയില്‍ തന്റെ വ്യക്തിപരമായ സാന്നിധ്യം ആവശ്യമാണെന്ന് സിബിഐയ്ക്ക് അയച്ച കത്തില്‍ കവിത ചൂണ്ടിക്കാട്ടിയിരുന്നു. കവിതയുടെ അഞ്ച് ഫോണുകൾ കസ്റ്റഡിയിലെടുത്തു. കവിതയുടെ സഹോദരനും ബിആർഎസ് വർക്കിംഗ് പ്രസിഡൻ്റുമായ കെ ടി രാമറാവുവും ഇ ഡി ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമുണ്ടായി. സുപ്രീംകോടതിയിൽ ഇ ഡി നൽകിയ ഉറപ്പ് ലംഘിച്ചുവെന്ന് കെ ടി രാമറാവു പറഞ്ഞു. ട്രാൻസിറ്റ് വാറണ്ട് ഇല്ലാതെ ദില്ലിക്ക് കൊണ്ടുപോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നടപടി ക്രമങ്ങൾ തടസപ്പെടുത്താൻ രാമറാവു ശ്രമിച്ചുവെന്ന് ഇ ഡി പറഞ്ഞു. അനധികൃതമായി കെ ടി രാമറാവുവും അഭിഭാഷകരും കടന്നുകയറി അറസ്റ്റ് തടയാൻ ശ്രമിച്ചുവെന്നും ഇഡി ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com