പിന്നില്‍ നിന്നും തള്ളി വീഴ്ത്തി, പൊലീസുകാരോട് മമത സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്; ആശുപത്രി വിട്ടു

ഗുരുതര പരിക്കേറ്റ മമതയുടെ ചിത്രം കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് പുറത്തുവിട്ടത്.
പിന്നില്‍ നിന്നും തള്ളി വീഴ്ത്തി, പൊലീസുകാരോട് മമത സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്; ആശുപത്രി വിട്ടു

കൊല്‍ക്കത്ത: വീഴ്ച്ചയിലേറ്റ പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമായതോടെ മമതയുടെ ആവശ്യപ്രകാരമാണ് വീട്ടിലേക്ക് മടങ്ങിയത്. വീഴ്ച്ചയിലുണ്ടായ ആഴത്തിലുള്ള മുറിവ് തുന്നികെട്ടിയിരിക്കുകയാണ്. കൊല്‍ക്കത്ത കാലിഘട്ടിലെ വസതിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

പിന്നില്‍ നിന്നും ആരോ തള്ളിയതോടെ മമത ഷോക്കേസിലിടിച്ച് വീഴുകയായിരുന്നുവെന്നാണ് എസ്എസ്‌കെഎം ആശുപത്രി ഡയറക്ടര്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. അതേസമയം മുഖ്യമന്ത്രി കാല്‍ വഴുതി വീഴുകയായിരുന്നോ രക്തസമ്മര്‍ദ്ദത്തിലുണ്ടായ ഏറ്റക്കുറച്ചിലില്‍ ബോധരഹിതയായതാണോ എന്ന സംശയവും ഉണ്ട്. ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്.

'വൈകിട്ട് 6.30 ഓടെയാണ് മമതാ ബാനര്‍ജി മുറിവേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നില്‍ നിന്നും ആരോ തള്ളിയതിനെത്തുടര്‍ന്നാണ് പരിക്കേറ്റതെന്ന് മനസ്സിലാക്കുന്നു. നെറ്റിയിലും മൂക്കിലും ആഴത്തിലുള്ള മുറിവേറ്റ് രക്തം ഒലിച്ച നിലയിലാണ് ചികിത്സ തേടിയത്.' ഡയറക്ടര്‍ വിശദീകരിച്ചു. നിരീക്ഷണത്തില്‍ തുടരാന്‍ മെഡിക്കല്‍ വിദഗ്ധര്‍ നിര്‍ദേശിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങണമെന്ന് മമത ആവശ്യപ്പെടുകയായിരുന്നുവെന്നും ഡയറക്ടര്‍ വിശദീകരിച്ചു.

പിന്നില്‍ നിന്നും തന്നെ ആരോ തള്ളി വീഴ്ത്തിയായി മമത പൊലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പറഞ്ഞതായും ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ഇതുവരെയും കേസെടുത്തിട്ടില്ലെങ്കിലും അന്വേഷണം നടക്കുന്നുണ്ട്. 'പിന്നില്‍ നിന്ന് തള്ളിയതോടെയാണ് മമത വീണതെന്ന് സഹോദരന്‍ കാര്‍ത്തിക്കിന്റെ ഭാര്യ കജാരി ബാനര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ മമതയുടെ ചിത്രം കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് പുറത്തുവിട്ടത്. ഞങ്ങളുടെ ചെയര്‍പേഴ്‌സണ്‍ മമതാ ബാനര്‍ജിക്ക് ഗുരുതരമായി പരിക്കേറ്റു. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ അവരെയും ഉള്‍പ്പെടുത്തുക എന്നാണ് ചിത്രം പങ്കുവച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com