'ചെലവഴിക്കാന്‍ പണമില്ല': കോൺഗ്രസ് ബാങ്ക് അക്കൗണ്ടുകൾ ബിജെപി മരവിപ്പിച്ചെന്ന് മല്ലികാർജുൻ ഖാർഗെ

പാര്‍ട്ടിക്ക് വന്‍ തുക പിഴയായി ആദായനികുതി വകുപ്പ് ചുമത്തിയിട്ടുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു
'ചെലവഴിക്കാന്‍ പണമില്ല': കോൺഗ്രസ് ബാങ്ക് അക്കൗണ്ടുകൾ ബിജെപി മരവിപ്പിച്ചെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി ഫണ്ട് ക്ഷാമം നേരിടുന്നതായി പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലിഖാര്‍ജുന്‍ ഖാര്‍ഗെ. ആളുകള്‍ സംഭവാന നല്‍കിയ പണം സൂക്ഷിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഡിഎ സര്‍ക്കാര്‍ മരവിപ്പിച്ചതായി അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിക്ക് വന്‍ തുക പിഴയായി ആദായനികുതി വകുപ്പ് ചുമത്തിയിട്ടുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു.

രാജ്യത്തെ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കാൻ ജനങ്ങൾ ഒരുമിച്ച് ശക്തമായി നിൽക്കണമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പാർട്ടിയുടെ വിജയം ഉറപ്പാക്കണമെന്നും ഖാർ​ഗെ ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പിൽ എല്ലാവർക്കും തുല്യ അവസരം ലഭിക്കണമെന്ന് ഖാർ​ഗെ ചൂണ്ടിക്കാട്ടി. കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ആദായനികുതിയിലൂടെ പാർട്ടിക്ക് വൻ തുക പിഴ ചുമത്തുകയും ചെയ്തുവെന്നും ഖാർ​ഗെ ആരോപിച്ചു. തിരഞ്ഞെടുപ്പിലൂടെ ലഭിച്ച ആയിരക്കണക്കിന് കോടി രൂപ ബിജെപി വെളിപ്പെടുത്താൻ തയ്യാറല്ലെന്നും ഖാർ​ഗെ ആരോപിച്ചു.

'നിങ്ങൾ (ജനങ്ങള്‍) സംഭാവനയായി നൽകിയത് ഞങ്ങളുടെ പാർട്ടി പണമായിരുന്നു. ബിജെപി അത് മരവിപ്പിച്ചു, ഞങ്ങൾക്ക് ചെലവഴിക്കാൻ പണമില്ല. അതേസമയം ബിജെപി തങ്ങൾക്ക് ലഭിച്ച ഇലക്ടറൽ ബോണ്ടുകളെ കുറിച്ച് വെളിപ്പെടുത്തുന്നില്ല. കാരണം അവരുടെ മോഷണം പുറത്തുവരും. തെറ്റായ പ്രവൃത്തികൾ പുറത്തുവരും, അതിനാൽ അവർ ജൂലൈ വരെ സമയം ചോദിച്ചിട്ടുണ്ട്' ഖാർഗെ പറഞ്ഞു.

മോദി ഗുജറാത്തിലെ ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്വന്തം പേരിട്ടെന്നും ഖാർഗെ ആരോപിച്ചു. 'നിങ്ങൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, മരിച്ചുപോയ ആരുടെയെങ്കിലും പേരാണ് ഇടേണ്ടത്. ഒരാൾ ജീവിച്ചിരിക്കുമ്പോൾ സ്മാരകങ്ങൾ സ്ഥാപിക്കില്ല. അങ്ങനെയുള്ള പേരിടീല്‍, അത് പിന്നീട് ആ വ്യക്തിയുടെ അനുയായികളാൽ ചെയ്യേണ്ടതാണ്' എന്നും ഖാർഗെ പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ട കലബുറഗിയിലെ ജനങ്ങൾ തങ്ങളുടെ തെറ്റ് തിരുത്താനും വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ഖാർഗെ അവകാശപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com