ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്ക് ഒരു ദിവസം മുമ്പായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ ഇലക്ടറൽ ബോണ്ടുകളുടെ ഡാറ്റ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അപ്‌ലോഡ് ചെയ്തു. സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്ക് ഒരു ദിവസം മുമ്പായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 2019 ഏപ്രിൽ 12 മുതലുള്ള ഒരു ലക്ഷം രൂപ, 10 ലക്ഷം രൂപ, ഒരു കോടി രൂപ എന്നീ മൂന്ന് മൂല്യങ്ങളിലുള്ള ബോണ്ടുകൾ കമ്പനികളും വ്യക്തികളും വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിൽ രണ്ട് ലിസ്റ്റുകളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ആദ്യത്തേത് ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ കമ്പനികളുടെ വിവരങ്ങളാണ്. മറ്റൊന്നിൽ രാഷ്ട്രീയ പാർട്ടികളുടെ പേരുകളും ബോണ്ടുകളുടെ മൂല്യങ്ങളും അവ പണമാക്കി മാറ്റിയ തീയതികളുമാണ് ഉള്ളത്. പ്രസിദ്ധീകരിച്ചിരിക്കുന്ന ലിസ്റ്റുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിനും ഏത് കമ്പനി ഏത് പാർട്ടിക്ക് സംഭാവന നൽകിയതെന്ന് കണ്ടെത്തുന്നതിനും മാർഗ്ഗമില്ല.

ബിജെപി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എഎപി, സമാജ്‌വാദി പാർട്ടി, എഐഎഡിഎംകെ, ബിആർഎസ്, ശിവസേന, ടിഡിപി, വൈഎസ്ആർ കോൺഗ്രസ്, ഡിഎംകെ, ജെഡിഎസ്, എൻസിപി, ജെഡിയു, ആർജെഡി തുടങ്ങിയ പാർട്ടികളാണ് ഇലക്ടറൽ ബോണ്ടുകൾ വഴി പണം സ്വീകരിച്ചത്. 2019 ഏപ്രിൽ 12 നും 2024 ജനുവരി 24 നും ഇടയിൽ ഭാരതീയ ജനതാ പാർട്ടി 6060.5 കോടി രൂപ മൂല്യമുള്ള ഇലക്ടറൽ ബോണ്ടുകൾ വഴിയാണ് പണം സമാഹരിച്ചത്. ഇലക്ട്രൽ ബോണ്ട് വഴി ലഭിച്ച മൊത്തം തുകയുടെ 47.46 ശതമാനമാണിത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് തൃണമൂൽ കോൺഗ്രസാണ്. തൃണമൂൽ കോൺഗ്രസിന് 1,609.50 കോടി രൂപയാണ് ലഭിച്ചത്. ഇലക്ട്രൽ ബോണ്ട് വഴി ലഭിച്ച മൊത്തം തുകയുടെ 12.6 ശതമാനമാണിത്. ഇലക്ടറൽ ബോണ്ട് വഴി പണം സ്വീകരിച്ചവരിൽ മൂന്നാം സ്ഥാനത്ത് കോൺഗ്രസാണ്. കോൺഗ്രസിന് 1,421.9 കോടി രൂപയാണ് ലഭിച്ചത്. ഇലക്ട്രൽ ബോണ്ട് വഴി ലഭിച്ച മൊത്തം തുകയുടെ 11.1% ശതമാനമാണിത്. ഭാരത് രാഷ്ട്ര സമിതി, ബിജു ജനതാദൾ, ദ്രാവിഡ മുന്നേറ്റ കഴകം എന്നിവയാണ് ഈ കാലയളവിൽ 500 കോടിയിലധികം രൂപ ഇലക്ടറൽ ബോണ്ടുകൾ വഴി സമാഹരിച്ച രാഷ്ട്രീയ പാർട്ടികൾ.

എല്ലാ ബോണ്ട് വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടിട്ടില്ല. 2019 ഏപ്രില്‍ ഒന്ന് മുതല്‍ 11 വരെയുള്ള 3346 ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച പട്ടികയിലില്ല. നിരവധി ഖനന ഹൈവേ കമ്പനികൾ അടക്കം രാജ്യത്തെ വൻകിട കമ്പനികൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വേദാന്ത, ഡിഎൽഎഫ്, അംബുജ സിമൻ്റ്സ്, നവയുഗ, ഐടിസി, സൺഫാർമ, എയർടെൽ, ഇൻഡിഗോ തുടങ്ങിയ കമ്പനികൾ പട്ടികയിലുണ്ട്. കേരളത്തിൽ നിന്നുള്ള ബിസിനസ് ഭീമന്മാരായ മുത്തൂറ്റ് ഫിനാൻസും പട്ടികയിലുണ്ട്. കിറ്റെക്സ് ഗ്രൂപ്പ്15 കോടി രൂപയുടെ ബോണ്ട് വാങ്ങി. അംബാനി, അദാനി, ടാറ്റാ ഗ്രൂപ്പുകൾ ഇലക്ട്രൽ ബോണ്ട് വാങ്ങിയവരുടെ പട്ടികയിൽ ഇല്ല.

വിവാദ വ്യവസായി സാൻ്റിയാഗോ മാർട്ടിൻ്റെ ഫ്യൂച്ചര്‍ ഗെയ്മിംഗ് ആൻഡ് ഹോട്ടൽ സർവ്വീസസ് പിആർ ആണ് ഇലക്ട്രൽ ബോണ്ടുകൾ വാങ്ങാൻ ഏറ്റവും കൂടുതൽ പണം ചെലവാക്കിയത്. 1368 കോടിയുടെ ബോണ്ടുകളാണ് സാൻ്റിയാഗോ മാർട്ടിൻ്റെ കമ്പനി വാങ്ങിയിരിക്കുന്നത്. ഇഡിയുടെ നടപടി നേരിടുന്ന കമ്പനിയാണിത്. മേഘാ എന്‍ജിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്‌ച്ചേഴ്‌സ് ലിമിറ്റഡാണ് ബോണ്ടുകള്‍ സ്വന്തമാക്കിയതില്‍ രണ്ടാമത്. 966 കോടി രൂപയുടെ ബോണ്ടുകളാണ് ഇവര്‍ വാങ്ങിയത്. ക്വിക് സപ്ലൈ ചെയിന്‍ പ്രൈവറ്റ് ലിമിറ്റഡാണ് മൂന്നാമത്. 410 കോടി രൂപയുടെ ബോണ്ടുകളാണ് ഇവര്‍ വാങ്ങിയത്. വേദാന്ത ലിമിറ്റഡ് 400 കോടി രൂപയുടെ ബോണ്ടുകളും ഹാല്‍ദിയ എനര്‍ജി ലിമിറ്റഡ് 377 കോടി രൂപയുടെ ബോണ്ടുകളും വാങ്ങിയിട്ടുണ്ട്. ഭാരതി ഗ്രൂപ്പ് 247 കോടി രൂപ, എസ്സെല്‍ മൈനിങ്ങ് ആന്‍ഡ് ഇന്‍ഡസ് ലിമിറ്റഡ് 224 കോടി രൂപ, വെസ്‌റ്റേണ്‍ യുപി പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് 220 കോടി രൂപ, കെവന്റ് ഫുഡ് പാര്‍ക്ക് ഇന്‍ഫ്രലിമിറ്റഡ് 195 കോടി രൂപ, മദന്‍ലാല്‍ ലിമിറ്റഡ് 185 കോടി എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ പത്ത് സ്ഥാനത്തുള്ള ഏറ്റവും കൂടുതല്‍ മൂല്യത്തിന് ബോണ്ടുകള്‍ വാങ്ങിയ കമ്പനികള്‍. കമ്പനികള്‍ക്ക് പുറമെ ഒട്ടേറെ വ്യക്തികളും ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്. ഈ വ്യക്തികള്‍ ആരെല്ലാമാണെന്നും ആര്‍ക്കുവേണ്ടിയാണ് വാങ്ങിയതെന്നുമറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും.

എസ്ബിഐയില്‍ നിന്ന് ലഭിച്ചതു പോലെ ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അതേപടി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് അതിന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തു എന്നായിരുന്നു ഇത് സംബന്ധിച്ച പ്രസ്താവനയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ടറൽ ബോണ്ട് വിവരം പ്രസിദ്ധീകരിച്ചതിന് പിന്നാലെ മേഘ എഞ്ചിനീയറിങ്ങ് ലിമിറ്റഡിനെതിരെ ഗുരുതര ആരോപണവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ രംഗത്തെത്തി. നൂറ് കോടി സംഭാവന നൽകിയതിന് പിന്നാലെ ഒരു മാസത്തിനുള്ളിൽ 14000 കോടി രൂപയുടെ കരാർ മഹാരാഷ്ട്ര സർക്കാരിൽ നിന്ന് മേഘ എഞ്ചിനീയറിങ് ലിമിറ്റഡിന് ലഭിച്ചുവെന്ന് പ്രശാന്ത് ഭൂഷൻ ആരോപിച്ചു. എസ്ബിഐ ബോണ്ട് നമ്പറുകൾ മറച്ചിട്ടുണ്ടെങ്കിലും, ആര് ആർക്ക് നൽകിയെന്ന് ഊഹിക്കാമെന്ന് പ്രശാന്ത് ഭൂഷൻ വിമർശനം ഉന്നയിച്ചു. ബോണ്ട്‌ വാങ്ങിയവരിൽ ഏറ്റവും കൂടുതൽ പണം മുടക്കിയ രണ്ടാമത്തെ കമ്പനിയാണ് മേഘ എഞ്ചിനീയറിങ് ലിമിറ്റഡ്. ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ പ്രസിദ്ധീകരിച്ചത് ജനാധിപത്യത്തിൻ്റെ വിജയമാണെന്നായിരുന്നു സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.

2019 ഏപ്രിലിനും 2024 ഫെബ്രുവരി 15 നും ഇടയിൽ 22,217 ഇലക്ടറൽ ബോണ്ടുകൾ വിതരണം ചെയ്തതുവെന്നായിരുന്നു നേരത്തെ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ എസ്ബിഐ പറഞ്ഞിരുന്നത്. രാഷ്ട്രീയ പാർട്ടികൾ 22,030 ബോണ്ടുകളിൽ നിന്ന് പണമെടുത്തു. 187 ബോണ്ടുകളിലെ പണം നിയമാസൃതമായി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിച്ചുവെന്നുമായിരുന്നു സത്യവാങ്ങ്മൂലം പറഞ്ഞിരുന്നത്.

നേരത്തെ ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു എസ്ബിഐ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അത് പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ തിരഞ്ഞെടുപ്പ് കടപ്പത്രം വഴി 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എസ്ബിഐയുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു വിവരങ്ങൾ കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടത്. എസ്ബിഐ കൈമാറുന്ന വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് 15നകം പരസ്യപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതായിരുന്നു വിധി. ഇലക്ടറൽ ബോണ്ടിനെതിരായി സിപിഐഎം, അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്, കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍ എന്നിവരായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്.

ഇലക്ടറൽ ബോണ്ടുകൾ വഴി പണം സമാഹരിച്ച് രാഷ്ട്രീയ പാർട്ടികളുടെ പട്ടിക

പാർട്ടി കിട്ടിയ പണം (കോടി രൂപയിൽ) മൊത്തം %

ഭാരതീയ ജനതാ പാർട്ടി 6,060.50 47.46%

ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് 1,609.50 12.60%

അഖിലേന്ത്യാ കോൺഗ്രസ് 1,421.90 11.14%

ഭാരത് രാഷ്ട്ര സമിതി 1,214.70 9.51%

ബിജു ജനതാദൾ 775.50 6.07%

ദ്രാവിഡ മുന്നേറ്റ കഴകം 639.00 5.00%

വൈഎസ്ആർ കോൺഗ്രസ് പാർട്ടി 337.00 2.64 %

തെലുങ്ക് ദേശം പാർട്ടി 218.90 1.71%

ശിവസേന 159.40 1.24%

രാഷ്ട്രീയ ജനതാദൾ 72.50 0.57%

ആം ആദ്മി പാർട്ടി 65.50 0.51%

ജനതാദൾ (സെക്കുലർ) 43.50 0.34%

സിക്കിം ക്രാന്തികാരി മോർച്ച 36.50 0.29%

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി 30.50 0.24%

ജനസേന പാർട്ടി 21.00 0.16%

സമാജ്‌വാദി പാർട്ടി 14.10 0.11%

ജനതാദൾ (യുണൈറ്റഡ്) 14.00 0.11%

ജാർഖണ്ഡ് മുക്തി മോർച്ച 13.50 0.11%

ശിരോമണി അകാലിദൾ 7.30 0.06%

എഐഎഡിഎംകെ 6.10 0.05%

സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് 5.50 0.04%

രാഷ്ട്രീയ ജനതാദൾ 1.00 0.01%

മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി 0.60 0.01%

ജമ്മുകശ്മീർ നാഷണൽ കോൺഫറൻസ് 0.50 0.00%

എൻസിപി മഹാരാഷ്ട്ര പ്രദേശ് 0.50 0.00%

ഗോവ ഫോർവേഡ് പാർട്ടി 0.40 0.00%

*പട്ടിക പൂർണ്ണമല്ല

Related Stories

No stories found.
logo
Reporter Live
www.reporterlive.com