'സിഎഎ നടപ്പാക്കില്ലെന്ന് പറയാൻ അവകാശമില്ല': കേരള,തമിഴ്നാട്,ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് എതിരെ അമിത് ഷാ

കേരളവും തമിഴ്നാടും ബംഗാളും പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുകയും സംസ്ഥാനത്ത് നടപ്പിലാക്കില്ല എന്ന് നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.
'സിഎഎ നടപ്പാക്കില്ലെന്ന് പറയാൻ അവകാശമില്ല': കേരള,തമിഴ്നാട്,ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് എതിരെ അമിത് ഷാ

ഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാൻ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമ ഭേദ​ഗതി എതിർക്കുന്ന സംസ്ഥാനങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഉള്ളതെന്നും അമിത് ഷാ പറഞ്ഞു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചായിരുന്നു അമിത് ഷായുടെ പ്രസ്താവന. കേരളവും തമിഴ്നാടും ബംഗാളും പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുകയും സംസ്ഥാനത്ത് നടപ്പിലാക്കില്ല എന്ന് നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. സുപ്രിം കോടതി ഇതുവരെ സിഎഎ സ്റ്റേ ചെയ്തിട്ടില്ലെന്നും നിയമം നടപ്പിലാക്കാൻ യാതൊരു തടസവുമില്ലെന്നും എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയനുസരിച്ച് കേന്ദ്രത്തിന് മാത്രമാണ് പൗരത്വം സംബന്ധിച്ച അധികാരം ഉള്ളത്. അതിനാല്‍ തന്നെ നടപടികൾ കേന്ദ്ര സർക്കാർ നേരിട്ടാണ് സ്വീകരിക്കുന്നത്. ജില്ലാ കലക്ടർമാർക്കാണ് നടത്തിപ്പ് ചുമതല. അപേക്ഷകരുമായി അഭിമുഖം നടത്തുന്നത് കേന്ദ്രമാണെന്നും സംസ്ഥാന സർക്കാരുകൾക്ക് നിയമം നടപ്പിലാക്കാതിരിക്കാൻ അവകാശമില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഇപ്പോഴുള്ള പ്രതിഷേധം തിരഞ്ഞെടുപ്പ് അജണ്ട മാത്രമാണെന്നും തിരഞ്ഞെടുപ്പിന് ശേഷം എല്ലാവരും സഹകരിക്കുമെന്ന് ഉറപ്പാണെന്നും അമിത് ഷാ പറഞ്ഞു.

"സിഎഎ നടപ്പിലാക്കുന്നത് നിരസിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അവകാശമുണ്ടോ? ഇല്ലെന്ന് അവർക്കും അറിയാം. പൗരത്വം സംബന്ധിച്ച നിയമങ്ങൾ നിർമ്മിക്കാനുള്ള എല്ലാ അധികാരങ്ങളും ഭരണഘടനയുടെ 11-ാം അനുച്ഛേദം അനുസരിച്ച് പാർലമെൻ്റിനാണ്. പൗരത്വ നിയമങ്ങൾ നിർമ്മിക്കുന്നതും നടപ്പിലാക്കുന്നതും കേന്ദ്ര വിഷയമാണ്, സംസ്ഥാനങ്ങളുടെ വിഷയമല്ല." അമിത് ഷാ വ്യക്തമാക്കി.

സിഎഎ നടപ്പാക്കുന്നതിനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രം​ഗത്ത് എത്തിയിരുന്നു. നിയമം തങ്ങളുടെ സംസ്ഥാനങ്ങളിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാർ പ്രതികരിച്ചിരുന്നു. മതം മാനദണ്ഡമാക്കിയാണ് പൗരത്വം തീരുമാനിക്കുന്നതെന്നും ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപിയുടെ നീക്കമാണെന്നുമുള്ള ആരോപണവുമായി പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

'സിഎഎ നടപ്പാക്കില്ലെന്ന് പറയാൻ അവകാശമില്ല': കേരള,തമിഴ്നാട്,ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് എതിരെ അമിത് ഷാ
'സിഎഎ പിൻവലിക്കില്ല'; ബിജെപിയോ പ്രധാനമന്ത്രിയോ ഒന്ന് പറഞ്ഞാൽ അത് കല്ലിൽ കൊത്തിയ പോലെയെന്ന് അമിത് ഷാ

Related Stories

No stories found.
logo
Reporter Live
www.reporterlive.com