തൃണമൂല്‍ കോണ്‍ഗ്രസില്‍ 'കുടുംബപ്രശ്‌നം'; മമതയുടെ സഹോദരന്‍ വിമതനായി മത്സരിച്ചേക്കും

നിലവില്‍ ഡല്‍ഹിയിലുള്ള ബുബുന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ഉണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസില്‍ 'കുടുംബപ്രശ്‌നം'; മമതയുടെ സഹോദരന്‍ വിമതനായി മത്സരിച്ചേക്കും

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ 'കുടുംബപ്രശ്‌നം'. ഹൗറ ലോക്‌സഭാ സീറ്റില്‍ പ്രസൂണ്‍ ബാനര്‍ജിയെ മത്സരിപ്പിക്കുന്നതില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ സഹോദരന്‍ ബുബുന്‍ ബാനര്‍ജി അതൃപ്തി പ്രകടിപ്പിച്ചു. മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബുബുന്‍ ബാനര്‍ജി വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും.

നിലവില്‍ ഡല്‍ഹിയിലുള്ള ബുബുന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ഉണ്ട്. 'ഹൗറ ലോക്‌സഭാ സീറ്റിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഞാന്‍ തൃപ്തനല്ല. പ്രസൂണ്‍ ബാനര്‍ജി മികച്ച സ്ഥാനാര്‍ത്ഥിയല്ല. അവിടെ ഇതിലും മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്താം. പ്രസൂണ്‍ എനിക്ക് നേരെ ചൊരിഞ്ഞ അപമാനം സഹിക്കാന്‍ കഴിയുന്നതല്ല' ബുബുന്‍ പറഞ്ഞു. മുന്‍ ക്രിക്കറ്റ് താരമായ പ്രസൂണ്‍ ബാനര്‍ജി ഹൗറയില്‍ നിന്നും രണ്ട് തവണ ലോക്‌സഭയിലേക്ക് വിജയിച്ചയാളാണ്.

മമതയുടെ ഇളയ സഹോദരനായ ബുബുന്‍ ബാനര്‍ജി ഹൗറയില്‍ നിന്നുള്ള വോട്ടറാണ്. മമതാ ബാനര്‍ജി സമ്മതിച്ചാല്‍ ഹൗറയില്‍ താന്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാമെന്നാണ് ബുബുന്‍ ബാനര്‍ജി അറിയിച്ചത്. എന്നാല്‍ തീരുമാനത്തില്‍ മമത ഒപ്പം നില്‍ക്കില്ലെന്നും അദ്ദേഹം പറയുന്നു.

ബിജെപി പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'മമത ഇവിടെ നില്‍ക്കുമ്പോള്‍ ഞാന്‍ ഒരിക്കലും തൃണമൂല്‍ കോണ്‍ഗ്രസ് വിടില്ലെന്ന് മാത്രമല്ല, മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് പോകുന്നത് സംബന്ധിച്ച് ആലോചിക്കുക പോലുമില്ല. ഞാന്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ടുനില്‍ക്കുന്നയാളാണ്. ബിജെപിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന നിരവധി കായിക താരങ്ങളെ എനിക്ക് അറിയാം.' എന്നായിരുന്നു മറുപടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com