ബിജെപി രണ്ടാംഘട്ട പട്ടിക; നിതിൻ ഗഡ്കരി നാഗ്പൂരിൽ, കർണാടകയിൽ പ്രമുഖർക്ക് സീറ്റില്ല

ബിജെപി രണ്ടാംഘട്ട പട്ടിക; നിതിൻ ഗഡ്കരി നാഗ്പൂരിൽ, കർണാടകയിൽ പ്രമുഖർക്ക് സീറ്റില്ല

പാർലമെൻ്റ് പുകയാക്രമണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ പ്രതാപ് സിംഹയ്ക്ക് സീറ്റില്ല

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 72 സ്ഥാനാർത്ഥികളാണ് രണ്ടാം പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഹരിയാന, മഹാരാഷ്ട്ര, ത്രിപുര, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, തെലങ്കാന, കർണാടക, ഹിമാചൽ പ്രദേശ്, ദില്ലി, ഗുജറാത്ത്, ദാമൻ ദിയു എന്നിവിടങ്ങളിലെ പട്ടികയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം രാജിവെച്ച ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ കർണാലിൽ മത്സരിക്കും.

നിതിൻ ഗഡ്കരി മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നും വീണ്ടും ജനവിധി തേടും. മുംബെ നോർത്തിൽ പീയുഷ് ഗോയൽ സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടി. ബീഡിൽ നിന്നും പങ്കജ മുണ്ടെ മത്സരിക്കും. ഹരിയാനയിലെ സിർസയിൽ അശോക് തൻവർ മത്സരിക്കും. ഹിമാചലിലെ ഹിർപൂരിൽ അനുരാഗ് സിംഗ് ഠാക്കൂറാണ് സ്ഥാനാർത്ഥി. ത്രിപുര ഈസ്റ്റിൽ മഹാറാണി കൃതി സിങ്ങ് ദേബർമ്മ മത്സരിക്കും. തിപ്ര മോത്ത അധ്യക്ഷൻ പ്രദ്യോത് കിഷോർ മാണിക്യ ദേബർമ്മയുടെ സഹോദരിയാണ് കൃതി സിങ്ങ്. കർണാടകയിൽ സദാനന്ദ ഗൗഡ, അനന്ത കുമാർ ഹെഗ്ഡെ അടക്കം പ്രമുഖർക്ക് പട്ടികയിൽ ഇടമില്ല. പാർലമെൻ്റ് പുകയാക്രമണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ പ്രതാപ് സിംഹയ്ക്ക് സീറ്റില്ല. ബെല്ലാരിയിൽ ബി ശ്രീരാമലു മത്സരിക്കും. രണ്ടാംഘട്ട പട്ടികയിൽ കേരളത്തെ പരിഗണിച്ചില്ല.

നേരത്തെ കേരളത്തിൽ നിന്നടക്കം 16 സംസ്ഥാനങ്ങളിലെ 195 സ്ഥാനാർത്ഥികൾ ഉൾപ്പെടുന്ന ആദ്യപട്ടിക ബിജെപി പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാർത്ഥികളാണ് ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കിരണ്‍ റിജിജു, അസം മുൻ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ തുടങ്ങിയവർ ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com