പ്രതിഷേധം കടുപ്പിക്കാന്‍ പശ്ചിമബംഗാള്‍; മമത പങ്കെടുക്കുന്ന റോഡ് ഷോ നാളെ

വര്‍ഗീയ ധ്രുവീകരണ ശ്രമമെന്നാണ് നടപടിയെ മമത വിശേഷിപ്പിച്ചത്
പ്രതിഷേധം കടുപ്പിക്കാന്‍ പശ്ചിമബംഗാള്‍; മമത പങ്കെടുക്കുന്ന റോഡ് ഷോ നാളെ

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ പശ്ചിമ ബംഗാളും. സിലിഗുരിയില്‍ നാളെ റോഡ് ഷോ നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കും. മൈനാകില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കും. പശ്ചിമ ബംഗാളില്‍ സിഎഎ നടപ്പിലാക്കില്ലെന്ന് മമത ബാനര്‍ജി നേരത്തേ വ്യക്തമാക്കിയിരുന്നു. വര്‍ഗീയ ധ്രുവീകരണ ശ്രമമെന്നാണ് നടപടിയെ മമത വിശേഷിപ്പിച്ചത്. മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ പേരില്‍ വിവേചനം ഉണ്ടായാല്‍ അത് അംഗീകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം കേരളവും പ്രതിഷേധം ശക്തമാക്കുകയാണ്. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയമപരിശോധന തുടങ്ങി. സുപ്രീംകോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്നലെയാണ് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. ഇതിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍. നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ മുസ്ലിം ലീഗും തീരുമാനിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതിക്കെതിരെ നിയമപോരാട്ടത്തിന് ഡിവൈഎഫ്‌ഐയും തയ്യാറെടുക്കുകയാണ്. ഡിവൈഎഫ്‌ഐ വലിയ രീതിയിലുള്ള പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. പൗരത്വ ഭേദഗതി ചട്ടങ്ങള്‍ നിലവില്‍ വന്നത് ഭരണഘടന തത്വങ്ങളോടുള്ള വെല്ലുവിളിയാണ്. പൗരത്വത്തിനു മതം മാനദണ്ഡമാകുന്നു എന്നതാണ് പ്രതിഷേധത്തിന് കാരണം. അത് മതേതരത്വത്തെ തകര്‍ക്കും. വംശീയ റിപ്പബ്ലിക്കിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനുള്ള ശ്രമമാണിത്. രാഷ്ട്രീയ യുദ്ധത്തിനൊപ്പം നിയമ പോരാട്ടത്തിലേക്ക് ഡിവൈഎഫ്‌ഐ കടക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com